ജിന്‍സ് കെ. ബെന്നി
ആര്‍ടിഒ ഓഫീസിലെ ജീവനക്കാരനായിരുന്ന അച്ഛന്റെ സമ്പാദ്യമായ നഗരമധ്യത്തിലെ വീട് വില്‍ക്കാന്‍ എത്തുന്ന ഹൗസ് ഓണര്‍ ഗോപാലകൃഷ്ണപ്പണിക്കരെ മലയാളികള്‍ അത്രവേഗം മറക്കാന്‍ സാധ്യതയില്ല, ഒപ്പം ആ വീടും. സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിച്ച നായകനൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു ആ വീട്.
സന്മനസുള്ളവര്‍ക്ക് സമാധാനം എന്ന സിനിമ മലയാളികളെ ആസ്വദിപ്പിക്കാന്‍ തുടങ്ങിയിട്ടു 30 വര്‍ഷം കഴിഞ്ഞിരിക്കുന്നു. സിനിമയും കഥാപാത്രങ്ങളും പോലെ തന്നെ ആ വീടും മലയാളികള്‍ക്കു സുപരിചിതം. നഗരമധ്യത്തില്‍ ചിറ്റൂര്‍ റോഡിനു സമീപം മഹാകവി ജി. റോഡില്‍ തിരക്കില്‍നിന്നൊഴിഞ്ഞ്, ചുറ്റുമുള്ള ആധുനിക മന്ദിരങ്ങള്‍ക്കു നടുവില്‍ പഴമയുടെ പ്രൗഢിയോടെ ഇന്നും തലയുയര്‍ത്തി നില്‍ക്കുകയാണു ചാക്യാട്ട് വീട്. നഗരവത്കരണം ഈ വീടിനെ തെല്ലും ബാധിച്ചിട്ടില്ല.
ഈ വീടിനോട് അവിടെ വാടകയ്ക്കു താമസിക്കുന്ന കുടുംബത്തിനുള്ള മാനസികമായ അടുപ്പമാണ് വീടൊഴിയാന്‍ അവര്‍ വിസമ്മതിക്കുന്നതിന്റെ കാരണം. ഈ അടുപ്പം ലാലിന്റെ കഥാപാത്രത്തിനും ഉണ്ടെങ്കിലും അയാളുടെ കടബാധ്യതകളാണ് ആ വീടു വില്‍ക്കാന്‍ അയാളെ നിര്‍ബന്ധിതനാക്കുന്നതും. ഇതേ ആത്മബന്ധം തന്നെയാണ് ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ചാക്യാട്ട് വീട് പൊളിച്ചു മാറ്റുന്നതില്‍ നിന്നും വീട്ടുകാരെ പിന്നോട്ടു വലിക്കുന്നതും. കാലപ്പഴക്കം വീടിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. പഴയ കാലത്തിന്റെ നിര്‍മിതി ആയതിനാല്‍ അറ്റകുറ്റപ്പണികളും അത്ര പ്രായോഗികമല്ല. എങ്കിലും വാസയോഗ്യമായ കാലത്തോളം ഇവിടെ താമസിക്കാണ് ലീല ശ്രീകുമാറിന്റേയും കുടുംബത്തിന്റേയും തീരുമാനം.
ചാക്യാട്ട് വീട് ഗോപാലകൃഷ്ണപ്പണിക്കരുടെ വീടാകുന്നു
രാധ എസ്. മേനോനും മകള്‍ ലീല ശ്രീകുമാറും മാത്രമാണ് അന്നിവിടെ താമസം. സഹോദരന്‍ ജോലി സംബന്ധമായി മുംബൈയിലായിരുന്നു. ചിന്മയ സ്കൂളിലെ ടീച്ചറായിരുന്ന ലീലയ്ക്ക് സിനിമ കണ്ടുള്ള പരിചയമേ ഉള്ളു. അമ്മ രാധയ്ക്കാകട്ടെ സിനിമ കാണുന്ന ശീലവുമില്ല. എന്നിട്ടും മലയാളികള്‍ നെഞ്ചേറ്റിയ സിനിമയുടെ പ്രധാന ലൊക്കേഷനാകാനുള്ള നിയോഗം ചാക്യാട്ട് വീടിനായിരുന്നു.
രാധ എസ്. മേനോന്‍ അംഗമായ എറണാകുളം വിമന്‍ അസോസിയേഷനില്‍ വച്ചാണ് സുഹൃത്തായ മൈമുന അബ്ദുള്‍ഖാദര്‍ തന്റെ മകന്‍ സിയാദ് കോക്കര്‍ നിര്‍മിക്കുന്ന സിനിമ ഷൂട്ട് ചെയ്യുന്നതിന് ഒരു വീട് വേണമെന്നു പറയുന്നത്. സിയാദും കൂട്ടുകാരും സിനിമയ്ക്കായി കണ്ടെത്തിയിരിക്കുന്നതു തന്റെ വീടാണെന്നും മൈമൂന പറഞ്ഞു. അങ്ങനെയാണ് ചാക്യാട്ട് വീട് ഷൂട്ടിംഗ് ലൊക്കേഷനാകുന്നത്. പ്രതിഫലം ഒന്നും അവരോട് ആവശ്യപ്പെട്ടതുമില്ല.
മുറ്റവും ഉമ്മറവും ഒരു മുറിയും മാത്രമായിരുന്നു ഷൂട്ടിംഗിനായി നല്‍കിയത്. പക്ഷെ പിന്നീട് വീട് പൂര്‍ണമായും ഷൂട്ടിംഗിനായി ഉപയോഗിച്ചു. ഒരിക്കല്‍ പോലും ഷൂട്ടിംഗിന്റെ പേരില്‍ തങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ലെന്നും ലീലയും അമ്മയും പറയുന്നു.
ഷൂട്ടിംഗ് ഓര്‍മകള്‍
ഷൂട്ടിംഗ് കാണുന്നതിനു തടസമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും അവിടേക്കു പോകാറില്ലായിരുന്നെന്ന് രാധ പറയുന്നു. ഷൂട്ടിംഗ് തീരുന്നതുവരെ സഹോദരിയുടെ വീട്ടിലായിരുന്നു താമസം. 27 ദിവസത്തെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ഇടയ്ക്ക് എന്തെങ്കിലും ആവശ്യത്തിനായി വീട്ടിലെത്തുമ്പോള്‍ കണ്ടതു മാത്രമാണ് അന്നത്തെ ഷൂട്ടിംഗ് ഓര്‍മകള്‍. വാടകക്കാരെ ഒഴിപ്പിക്കാനായി എസ്‌ഐ രാജേന്ദ്രന്‍ പോലീസ് ജീപ്പില്‍ വീട്ടുമുറ്റത്തേക്ക് വന്നിറങ്ങുന്നതും ഗോപാലകൃഷ്ണപ്പണിക്കരെ ഭയന്നു തിലകന്റെ ദാമോദര്‍ജി എന്ന കഥാപാത്രം ഓടുന്നതും മറക്കാത്ത ഓര്‍മകളാണെന്നു രാധ എസ്. മേനോന്‍ പറയുന്നു.
ഷൂട്ടിംഗിന്റെ ഇടവേളകളില്‍ കാര്‍ത്തികയും കെപിഎസി ലളിതയും തങ്ങള്‍ക്കൊപ്പം വന്നിരുന്ന് സംസാരിക്കുമായിരുന്നെന്ന് ലീല ഓര്‍മിക്കുന്നു. ഇന്നത്തെപ്പോലെ കാരവന്‍ ഒന്നും അന്നില്ല. വീടിന്റെ ഉമ്മറത്തും തിണ്ണയിലും ഇരുന്നാണു താരങ്ങള്‍ വിശ്രമിച്ചിരുന്നത്. ശ്രീനിവാസന്‍ അധികം സംസാരിക്കാറില്ല. മുറിയിലിരുന്നു മിക്കപ്പോഴും എഴുത്തായിരിക്കും. കാണുമ്പോള്‍ ഒരു ചെറുചിരി മാത്രം. തന്റെ മുറിയാണു കാര്‍ത്തിക വിശ്രമത്തിനായി ഉപയോഗിച്ചിരുന്നതെന്നും രാധ എസ്. മേനോന്‍ ഓര്‍മിക്കുന്നു.
എല്ലാം പഴയതുപോലെ
30 വര്‍ഷത്തിനിപ്പുറവും ചാക്യാട്ട് വീട് പഴയതുപോലെ. സിനിമയില്‍ കാണുന്നപോലെ തന്നെ. ആകെ വന്നൊരു മാറ്റം ഗോപാലകൃഷ്ണപ്പണിക്കരെ പേടിച്ചു ദാമോദര്‍ജി പിന്‍വശത്തൂടെ ഓടിപ്പോകുന്നുണ്ട്. ആ വാതില്‍ മാറ്റി അവിടെ ജനല്‍ പിടിപ്പിച്ചു. പിന്നെ എല്ലാം പഴയപോലെ. ഹൗസ് ഓണറുടെ മുറി എന്നു പറഞ്ഞു മോഹന്‍ലാല്‍ താമസിക്കുന്ന മുറിയും ഉമ്മറവും എല്ലാം അതുപോലെ തന്നെയുണ്ട്. ചില ഫര്‍ണിച്ചറുകള്‍ പുതിയ അതിഥികളായി എന്നതു മാത്രം.
തൊട്ടു സമീപത്തുള്ള മമ്മുക്കോയയുടെ വീടും അങ്ങനെ തന്നെയുണ്ട്. ഈ വീട്ടിലേക്ക് പതുക്കെ താമസം മാറാനാണ് ഇവര്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ അതു ഉടനില്ലെന്നും ഇവര്‍ പറയുന്നു. ഈ വീട് പൊളിക്കുകയാണെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ തെറ്റിധാരണയുടെ ഫലമാണെന്നും ലീല ശ്രീകുമാര്‍ പറഞ്ഞു. സിനിമ റിലീസായിട്ട് 30 വര്‍ഷം കഴിഞ്ഞിരിക്കുന്നു എന്നു പറഞ്ഞപ്പോള്‍ ഇനിയൊരു മുപ്പതു വര്‍ഷം കൂടി ഈ വീടുണ്ടാകുമോ എന്നറിയില്ല എന്നാണ് പറഞ്ഞത്. അത് വീട് ഉടന്‍ പൊളിക്കുമെന്ന നിലയില്‍ തെറ്റിധരിക്കുകയായിരുന്നു. അത്തരത്തിലൊരു വാര്‍ത്ത വന്നതിനു ശേഷം നിരവധി പേര്‍ വിവരമറിയാന്‍ വിളിക്കുന്നുണ്ടെന്നും പറഞ്ഞു.
മോഹന്‍ലാലിനെ വീഴ്ത്തിയ കസേര
വാടകക്കാരെ ഇറക്കിവിടാന്‍ ശ്രമിച്ചു പരാജയപ്പെടുമ്പോള്‍ മോഹന്‍ലാലിന്റെ കഥാപാത്രം ആ വീട്ടില്‍ ബലമായി താമസം തുടങ്ങുകയാണ്. അവിടെ എത്തുന്ന മോഹന്‍ലാല്‍ ഹാളിലെ കസേരയില്‍ ഇരിക്കുമ്പോള്‍ വീഴാന്‍ പോകുന്നുണ്ട്. സിനിമയില്‍ ഏറെ ചിരിയുണര്‍ത്തിയ ഈ രംഗം സ്വാഭാവികമായി സംഭവിക്കുകയായിരുന്നു. ഈ കസേരയ്ക്കും പറയാനുണ്ട് ഒരു കഥ. ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട് ഈ കസേരയ്ക്കും. ലീല ശ്രീകുമാറിന്റെ മുത്തച്ഛന്‍ ഉപയോഗിച്ചിരുന്ന കസേരയാണിത്. ഇരുമ്പാണി ഉപയോഗിക്കാത്ത നിര്‍മിതിയാണ് ഈ കസേര. ഈ കസേരയോടു തങ്ങള്‍ക്കൊരു മാനസികമായ അടുപ്പമുണ്ടെന്നും അവര്‍ പറയുന്നു.
രാശിയുള്ള വീട്
സന്മനസുള്ളവര്‍ക്ക് സമാധാനം വലിയ വിജയമായി. സിനിമയിലെ പ്രധാന ലൊക്കേഷനായ ചാക്യാട്ട് വീടും ശ്രദ്ധിക്കപ്പെട്ടു. സിനിമാ ലോകത്ത് ഏറെ രാശിയുള്ള വീടായി ചാക്യാട്ട് വീട് മാറി. ഒന്നിനു പുറമേ ഒന്നായി സിനിമാക്കാര്‍ വീടു തേടിയെത്തി. കണ്‍കെട്ട്, ആയിരംനാവുള്ള അനന്തന്‍, പൊന്നാരംതോട്ടത്തിലെ രാജാവ് തുടങ്ങി പത്തോളം സിനിമകള്‍ ഇവിടെ ചിത്രീകരിച്ചു. പല സിനിമകളും ഒന്നോ രണ്ടോ സീനുകളോ ചുരുക്കം ചില ഷോട്ടുകളോ മാത്രമേ ചിത്രീകരിച്ചിട്ടുള്ളു. പൊന്നാരം തോട്ടത്തിലെ രാജാവ് പതിനഞ്ചോളം ദിവസം ചിത്രീകരിച്ചു. സന്മനസുള്ളവര്‍ക്കു സമാധാനത്തിനു ശേഷം ഏറ്റവും കൂടുതല്‍ ദിവസം ചിത്രീകരിച്ച സിനിമയും ഇതായിരുന്നു. പിന്നീട് ചിത്രീകരണത്തിനായി ആര്‍ക്കും വീടു നല്‍കിയിട്ടില്ല.
ദിലീപ് ഒഴികെ മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം ചിത്രീകരണത്തിനായി ചാക്യാട്ട് വീട്ടില്‍ എത്തിയിട്ടുണ്ട്. കണ്‍കെട്ടില്‍ അഭിനയിക്കാനെത്തിയപ്പോള്‍ കെപിഎസി ലളിത പരിചയം പുതിക്കയതും ലീല ഓര്‍മിക്കുന്നു. ഏറ്റവും ഒടുവിലായി ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിനായി അണിയറക്കാര്‍ സമീപിച്ചെങ്കിലും ഷൂട്ടിംഗിന് നല്‍കിയില്ല. കാലപ്പഴക്കം വീടിനെ സാരമായി ബാധിച്ചിട്ടുണ്ട്. ഇപ്പോള്‍ ലീല ശ്രീകുമാറും ഭര്‍ത്താവും സഹോദരനും അമ്മ രാധ എസ്. മേനോനുമാണ് ഇവിടെ താമസിക്കുന്നത്.
ഈ സിനിമയ്ക്കായി നിര്‍മിച്ച വീട്: സത്യന്‍ അന്തിക്കാട്
സന്മനസുള്ളവര്‍ക്കു സമാധാനത്തിനായി വീട് നോക്കുന്ന സമയത്ത് വ്യക്തമായി ധാരണയുണ്ടായിരുന്നു. ആര്‍ടിഒ ഓഫീസിലെ ജീവനക്കാരനായ അച്ഛന്‍ വാങ്ങിയ വീടാണ്. നഗരത്തില്‍ തന്നെയാകണം. എസ്‌ഐ രാജേന്ദ്രന്‍ പോലീസ് ജീപ്പില്‍ നിന്നും ചാടിയിറങ്ങുന്ന രംഗം ചിത്രീകരിക്കാന്‍ തക്കവിധത്തില്‍ ജീപ്പ് വന്നു നില്‍ക്കുന്ന മുറ്റമുണ്ടാകണം. നാമം ജപിക്കാന്‍ ഉമ്മറം ഉണ്ടാകണം തുടങ്ങി എങ്ങനെയുള്ള വീടാണ് വേണ്ടതെന്ന വ്യക്തമായ രൂപം മനസിലുണ്ടായിരുന്നു.
നിര്‍മാതാവ് സിയാദ് കോക്കറാണ് ഈ വീടിനേക്കുറിച്ചു പറയുന്നത്. വീടു കണ്ട ആദ്യ കാഴ്ചയില്‍ തന്നെ തോന്നിയത് ഈ സിനിമയ്ക്കായി നിര്‍മിച്ച വീടുപോലെയാണ്. ആദ്യ കാഴ്ചയില്‍ തന്നെ ഉടലെടുത്ത ആത്മബന്ധം. ചിത്രീകരണം തുടങ്ങിയപ്പോള്‍ അതു വളരുകയായിരുന്നു. ഈ വീടിന്റെ ഓരോ മുക്കും മൂലയും എനിക്കിന്നും മനപ്പാഠമാണ്.
ഗോപാലകൃഷ്ണപ്പണിക്കരെ പേടിച്ച് ദാമോദര്‍ജി ഓടിയ ഇടനാഴിയും, പല്ലു തേക്കുന്ന മോഹന്‍ലാല്‍ കാര്‍ത്തികയുടെ അനുജനോട് ഹൗസ് ഓണര്‍ക്കു മുഖം കഴുകന്‍ വെള്ളം എടുക്കാന്‍ പറയുന്ന വീടിന്റെ പിന്നാമ്പുറവും, ലാല്‍ കുളിക്കുമ്പോള്‍ കാര്‍ത്തിക ടാപ്പ് അടയ്ക്കുന്നതും ശരീരം മുഴുവന്‍ സോപ്പു പതയുമായി ലാല്‍ ഇറങ്ങി വരുന്ന കുളിമുറിയും അങ്ങനെ ആ സിനിമയിലെ ഓരോ നിമിഷവും ആ വീടിന്റെ ഓരോ ഇടങ്ങളും ഇന്നലെയെന്ന പോലെ മനസില്‍ നില്‍ക്കുകയാണ്. സന്മസുള്ളവര്‍ക്കു സമാധാനം ഇറങ്ങിയിട്ട് 30 കൊല്ലം ആയെന്നു തോന്നുന്നതേയില്ല. ഇപ്പോഴും ചാനലുകളില്‍ സിനിമയ്ക്കു വലിയ സ്വീകാര്യതയുള്ളതു കൊണ്ടാകാം.
വര്‍ഷങ്ങള്‍ക്കു ശേഷം എന്നും എപ്പോഴും ചെയ്ത സമയത്ത് ലാലിന്റെ വീടായി ഈ വീട് ആലോചിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പഴയതുപോലെയല്ല. ഈ വീടിനു മുന്നിലെ റോഡില്‍ തിരക്കേറി. യൂണിറ്റു വാഹനങ്ങളും കാരവനും പാര്‍ക്ക്് ചെയ്യാനുള്ള സ്ഥലസൗകര്യവും കുറവായി. അന്നത്തെ സാഹചര്യത്തില്‍ നിന്നും ഒട്ടേറെ മാറ്റങ്ങള്‍ ഇപ്പോള്‍ സംഭവിച്ചിട്ടുണ്ട്. പുതിയ സിനിമയുടെ ഡബിംഗ് ജോലികള്‍ക്കായി എറണാകുളത്ത് എത്തുമ്പോ ള്‍ ആ വീടൊന്ന് സന്ദര്‍ശിക്കണമെന്ന് ആഗ്രഹമുണ്ട്.