അംബ്രലാ പോയിന്റിലെ കാണാക്കാഴ്ചകള്‍; തനിച്ചിരുന്നാല്‍ പണികിട്ടും

paraസീമ മോഹന്‍ലാല്‍

മറൈന്‍ഡ്രൈവില്‍ വനിതാ പത്രപ്രവര്‍ത്തകരായ സുഹൃത്തുക്കള്‍ക്കൊപ്പം മുമ്പ് പലപ്പോഴും പോയിട്ടുണ്ട്. പക്ഷേ,  അതിനെക്കാളേറെ മറൈന്‍ഡ്രൈവ് മാറിയിരിക്കുന്നു. അന്നൊക്കെ കുറച്ചു സമയം അവിടെ തനിച്ചിരുന്നാലൊന്നും ആരും മൈന്‍ഡ് ചെയ്യില്ലായിരുന്നു. പക്ഷേ ഇന്ന് മറൈന്‍ഡ്രൈവില്‍ തനിച്ചിരുന്നാല്‍ “പണി കിട്ടും.’

സുഹൃത്തുക്കളായ പോലീസ് ഉദ്യോഗസ്ഥരോട് “മറൈന്‍ഡ്രൈവില്‍ വാര്‍ത്തയെടുക്കാന്‍ പോകുന്നു, ആവശ്യം വന്നാല്‍ വിളിക്കുമെന്ന’ മുന്നറിയിപ്പോടെയാണ് അവിടെ അല്‍പനേരം ഇരുന്നത്. മഴവില്‍പ്പാലത്തിനടുത്തായുള്ള സിമന്റ് ബെഞ്ചില്‍ ഇരുന്ന് അല്‍പം കഴിഞ്ഞപ്പോള്‍ തന്നെ ചൂളംവിളിയുമായി രണ്ടുമൂന്നുപേര്‍ അടുത്തു വന്നിരുന്നു. ആദ്യം ചിരിയായി, പിന്നെ ഇവിടെ തനിച്ച് ഇരിക്കുന്നത് എന്താണെന്ന ചോദ്യമായി. മൈന്‍ഡ് ചെയ്യുന്നില്ലെന്ന് മനസിലായപ്പോള്‍ കൈയിലിരുന്ന തുണ്ടുകടലാസില്‍ അയാളുടെ നമ്പറെഴുതി അടുത്തു വച്ചിട്ട് അറിയാത്തപോലെ ഇരുന്നു.

അവിടെ നിന്ന് എണീറ്റ് അല്‍പംകൂടി മുന്നോട്ട് നടന്നു. അവിടെ രണ്ടു മധ്യവയസ്കര്‍ക്കൊപ്പം മൂന്നു ചെറുപ്പക്കാര്‍ ഇരിക്കുന്നു. അവരുടെ അടുത്തെത്തിയപ്പോള്‍ കോറസായി മോഹന്‍ലാല്‍ സ്റ്റൈലിലൊരു ചോദ്യം… “പോരുന്നോ എന്റെ കൂടെ?  കഴുകന്‍ കണ്ണുകളോടെ ഇരയെ പ്രതീക്ഷിച്ചിരിക്കുന്ന പലരും അക്കൂട്ടത്തിലുണ്ട്.

കുറച്ചുകൂടി മുന്നോട്ടു നടന്നപ്പോള്‍ പഴയൊരു സുഹൃത്തിനെ കണ്ടു. നഗരത്തിലെ കോളജ് വിദ്യാര്‍ഥിയായ വിനോദ്(യഥാര്‍ഥ പേരല്ല). കോളജ് യൂണിയന്റെ വാര്‍ത്തകള്‍ക്കായി വിളിക്കാറുള്ള വിനോദിന് എന്നെ തനിച്ചു കണ്ടപ്പോള്‍ ആകെയൊരു വെപ്രാളം. ഇവിടെ തനിച്ചു നില്‍ക്കുന്നതു ശരിയല്ലെന്നൊരു മുന്നറിയിപ്പ് നല്‍കിയ വിനോദ് അവിടെ ഇരിക്കുന്ന ചില ഗ്യാങുകളെ കാണിച്ചുതന്നു. സ്ഥിരം സന്ദര്‍ശകരായ ഇവരെക്കുറിച്ച് പറഞ്ഞതൊക്കെ നഗരത്തിന്റെ മറ്റൊരു മുഖമാണ് കാട്ടിത്തരുന്നത്.

പോലീസിന്റെ നമ്പര്‍

അംബ്രലാ പോയിന്റില്‍ ഇരിക്കുന്നവരോട് ഇവിടെ ഇരിക്കരുതെന്നൊന്നും പോലീസ് പറയാറില്ല. അത് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമായാലോ. പോലീസും കമിതാക്കളുടെ മുന്നില്‍ നമ്പറിറക്കും. ഇതാ ഒരു പോലീസ് ഓഫീസറുടെ വാക്കുകളിലൂടെ…”അംബ്രലാ പോയിന്റില്‍ രാവിലെ മുതല്‍ തന്നെ കുടക്കീഴിലെ കമിതാക്കളെത്തും. അവരോട് ഇവിടെ ഇരിക്കാന്‍ പാടില്ല എന്നൊന്നും ഞങ്ങള്‍ പറയാറില്ല. പെണ്‍കുട്ടിയോട് ഏത് കോളജിലാണ് പഠിക്കുന്നതെന്നു ചോദിക്കും. വീട്ടിലെ ഫോണ്‍ നമ്പറും ആവശ്യപ്പെടും. ഇന്ന് ക്ലാസില്‍ കയറിയിട്ടില്ലെന്ന വിവരം വീട്ടുകാരെ അറിയാക്കാനാണെന്നു പറയും.

അപ്പോള്‍ കമിതാക്കളുടെ പ്രതികരണം ഉണ്ടാകും. ഞങ്ങള്‍ ഉടന്‍ വിവാഹം കഴിക്കാന്‍ പോകുന്നവരാണ്. പെണ്‍കുട്ടിയോട് പയ്യന്റെ അച്ഛന്റെ പേരു ചോദിക്കും. പയ്യനോട് തിരിച്ചും. സ്‌നേഹത്തിന്റെ മറപിടിച്ചുവരുമ്പോള്‍ രക്ഷിതാക്കളുടെ പേരൊന്നും അറിയില്ലെന്ന കാര്യം വാസ്തവം. ഇരുവരും വ്യത്യസ്തമായ പേരുകളായിരിക്കും പറയുക. ഇതോടെ കള്ളി വെളിച്ചത്താകും. ചില സന്ദര്‍ഭങ്ങളില്‍ രക്ഷിതാക്കളെ വിളിച്ച് പെണ്‍കുട്ടിയെ ഏല്‍പ്പിക്കും. പിന്നെ താക്കീത് നല്‍കിയും അയയ്ക്കാറുണ്ട്.

ചില രക്ഷിതാക്കളും “തരികിട’

മകള്‍ ഒരു ചെറുപ്പക്കാരനൊപ്പം ചുറ്റിക്കറങ്ങുന്നുണ്ടെന്ന വാര്‍ത്ത അറിയിക്കാന്‍ രക്ഷിതാക്കളെ വിളിക്കുമ്പോള്‍ ചിലര്‍ തരികിട കാട്ടാറുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. തങ്ങളുടെ മകള്‍ അങ്ങനെയൊന്നും ചെയ്യാറില്ലെന്നും ഇപ്പോള്‍ ക്ലാസിലിരിപ്പുണ്ടെന്നും പറയുന്ന മാതാപിതാക്കളും ചുരുക്കമല്ല. മകളെ വിശ്വാസമാണെന്നും പോലീസിനു തെറ്റുപറ്റിയതാണെന്നും പറയുന്ന മമ്മിയും ഡാഡിയുമുണ്ട്. വീട്ടില്‍ പറഞ്ഞിട്ടാണ് മകള്‍ ബോയ്ഫ്രണ്ടിനൊപ്പം പോയതെന്നു പറയുന്ന ചില ന്യൂജെന്‍ പാരന്റ്‌സും ഇന്നുണ്ട്. രക്ഷിതാക്കളില്‍ ചിലരുടെയെങ്കിലും ഇത്തരത്തിലുള്ള പിന്‍ബലം മക്കളെ തെറ്റിലേക്കാണ് നയിക്കുന്നതെന്ന സത്യം അവര്‍ ബോധപൂര്‍വം മറക്കുകയാണ്.

കിസസ് ഓഫ് ലവിന്റെ ചുവടുപിടിച്ച്

നേരത്തെ എറണാകുളത്ത് കിസസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ നടത്തിയ ചുംബനസമരം ഇത്തരക്കാര്‍ക്ക് കൂടുതല്‍ സൈരവിഹാരം നടത്താനുള്ള സാധ്യതകളാണ് തുറന്നു കൊടുത്തത്. എവിടെയിരിക്കാനും സ്വാതന്ത്ര്യമുണ്ടെന്നും എന്തും ചെയ്യാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നുമുള്ള പ്രഖ്യാപനത്തിനുശേഷമാണ് അംബ്രലാപോയിന്റില്‍ ഇത്രയും തിരക്കേറിയതെന്നും പലരും പറയുന്നു.

ചൂഷണവും പതിവ്

സദാചാര പോലീസിന്റെ മറപറ്റി അംബ്രലാ പോയിന്റിലും സുഭാഷ് പാര്‍ക്കിലുമൊക്കെ എത്തുന്ന കമിതാക്കളെ ചൂഷണം ചെയ്യുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. ഒറിജിനല്‍ പോലീസ് ആണെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കാമുകിക്കൊപ്പം കാട്ടിക്കൂട്ടിയ വിക്രിയകള്‍ പുറത്തറിഞ്ഞാല്‍ മാനം പോകുമെന്ന പേടികൊണ്ട് പലരും പോലീസില്‍ പരാതിപ്പെടാറില്ലെന്നതാണ് വാസ്തവം.

മറൈന്‍ഡ്രൈവില്‍ രണ്ട് എയ്ഡ് പോസ്റ്റുകള്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും: എം.പി. ദിനേശ്

( സിറ്റി പോലീസ് കമ്മീഷണര്‍)
denesh

മറൈന്‍ഡ്രൈവില്‍ രണ്ട് പോലീസ് എയ്ഡ് പോസ്റ്റുകളുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുക യാണ്. ഇത്  മറൈന്‍ ഡ്രൈവിന്റെ വടക്ക്, തെക്ക് ഭാഗങ്ങളിലാണ് ആരംഭി ക്കുക. ഇപ്പോള്‍ തന്നെ പോലീസിന്റെ പട്രോളിംഗ് ശക്തമാണ്. വൈകു ന്നേരങ്ങളിലും അവധി ദിവസങ്ങളിലും മറൈന്‍ ഡ്രൈവ്, സുഭാഷ് പാര്‍ക്ക്, മട്ടാഞ്ചേരി തുടങ്ങിയ പ്രദേശങ്ങളില്‍ ഷാഡോ പോ ലീസ് ഉള്‍പ്പെ ടെയുളളവരുടെ നിരീക്ഷണമുണ്ട്.

ചെക്കിംഗ് കാര്യക്ഷമമാണ്: വി.ഗോപകുമാര്‍

(എസ്.ഐ  ഷാഡോ പോലീസ്)
v-gopakumar
മറൈന്‍ഡ്രൈവ് ഉള്‍പ്പെടെയുള്ള നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം ഷാഡോ പോലീസ് പരിശോധന നടത്താറുണ്ട്. പരിശോധനയില്‍ സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുളളവരെ കണ്ടെത്തിയാല്‍ രക്ഷിതാക്കളെ വിളിച്ച് അറിയിച്ച് അവര്‍ക്കൊപ്പം അയയ്ക്കുകയാണ് പതിവ്. പരിശോധന കര്‍ശനമായതോടെ കമിതാക്കളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്.

മക്കളിലെ മാറ്റം തിരിച്ചറിയാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം ഡോ.സി.ജെ ജോണ്‍

(ചീഫ് സൈക്യാട്രിസ്റ്റ് മെഡിക്കല്‍ട്രസ്റ്റ് ഹോസ്പിറ്റല്‍, എറണാകുളം)
dr-cj
ഇന്ന് ആണ്‍-പെണ്‍ സൗഹൃദങ്ങള്‍ മാന്യതയുടെ അടയാളമായിട്ടാണ് പല കുട്ടികളും കരുതിയിരിക്കുന്നത്. പക്ഷേ പലതും നല്ല ചങ്ങാത്തങ്ങളല്ല. സ്കൂളിലേക്കെന്നു പറഞ്ഞു പോരുന്ന ചില പെണ്‍കുട്ടികള്‍ ബാഗില്‍ ഒരു ജോടി വസ്ത്രം കൂടി ഒളിപ്പിച്ചുവച്ച് അതുമിട്ട് കറങ്ങിനടക്കാറുണ്ട്. കൗമാരകാലഘട്ടത്തില്‍ പ്രായത്തിന്റേതായ ലൈംഗിക അതിപ്രസരം മുന്നിട്ടുനില്‍ക്കും. അപക്വമായ സൗഹൃദങ്ങളായിരിക്കും ഇതെല്ലാം. മുഖ്യ ചുമതലയായ പഠനത്തില്‍ നിന്ന് ഒഴിഞ്ഞു മാറി നിമിഷ നേരത്തെ രസം തേടലുകളിലും ലൈംഗിക സ്പര്‍ശങ്ങളിലുമാണ് ഇത് കൊണ്ടുചെന്നെത്തിക്കുന്നത്. സുഹൃത്തുക്കള്‍ വഴിയാണ് പല പെണ്‍കുട്ടികളും പ്രണയത്തില്‍ ചെന്നു ചാടുന്നത്. പ്രായത്തിനനുസരിച്ച് മക്കളിലെ മാറ്റം തിരിച്ചറിയാന്‍ മാതാപിതാക്കള്‍ക്കാകണം. കൗമാരവിഹ്വലതകളെ ശാന്തതയോടെയും വിവേകത്തോടെയും കൈകാര്യം ചെയ്യാന്‍ രക്ഷിതാക്കള്‍ക്ക് കഴിയണം.

Related posts