പാമ്പാടി: അഞ്ചു ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞു പിടിയിലായ അമ്മയെ ഇന്നു കോടതയില്‍ ഹാജരാക്കും. പാമ്പാടി 13-ാംമൈല്‍ പുത്തന്‍കണ്ടം കുഴിച്ചിറയില്‍ ബിന്ദു (39)വിനെയാണ് കഴിഞ്ഞ ദിവസം പാമ്പാടി സിഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ഡിഎന്‍എ പരിശോധനയടക്കമുള്ള കാര്യങ്ങള്‍ വിദഗ്ധരായവരുടെ നിയമോപദേശം ലഭിച്ചതിനു ശേഷമേ നടത്തുകയുള്ളൂവെന്ന് സിഐ സാജു വര്‍ഗീസ് അറിയിച്ചു. കുഞ്ഞിന്റെ സുരക്ഷയെപ്പറ്റിയുള്ള കാര്യങ്ങള്‍ക്കാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും പ്രതികുറ്റം സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു.
തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ഇക്കഴിഞ്ഞ് ഫെബ്രുവരി 16ന് കുട്ടിക്കു ജന്മം നല്കിയ ബിന്ദു 18ന് ഡിസ്ചാര്‍ജ് വാങ്ങി മലബാര്‍ എക്സ്പ്രക്സില്‍ കോട്ടയത്ത് എത്തുകയും തുടര്‍ന്ന് പുലര്‍ച്ചെ പാമ്പാടി 13-ാം മൈലില്‍ എത്തി കുട്ടിയെ കോട്ടയം-കുമളി റോഡില്‍ പാതയോരത്തെ ഓടയില്‍ ഉപേക്ഷിക്കുകയായിരുന്നു. പയ്യാവൂരില്‍ വീട്ടുജോലി ചെയ്തു വരുകയായിരുന്നു ബിന്ദു. കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ച സംഭവത്തിന്റെ അന്വേഷണം അവസാനിപ്പിച്ചശേഷം പോലീസിനു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് പോലീസ് പയ്യാവൂരിലും തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലും നടത്തിയ അന്വേഷണത്തിലാണ് ബിന്ദുവാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് മനസിലായത്. തുടര്‍ന്നാണ് ബിന്ദുവിനെ അറസ്റ്റു ചെയ്തത്. ബിന്ദു ഉപേക്ഷിച്ച കുട്ടിക്ക് ഇപ്പോള്‍ ആറു മാസം പ്രായമുണ്ട്.
റോഡില്‍ കൂടി പോയ സ്കൂള്‍ വിദ്യാര്‍ഥി ഓടയില്‍നിന്നും കുഞ്ഞിന്റെ കരച്ചില് കേട്ട് അതുവഴി ബൈക്കില്‍ വന്ന സമീപവാസികളെ വിവരമറിയിക്കുകയും ഇവര്‍ അറിയിച്ചതനുസരിച്ചു പോലീസെത്തി കുഞ്ഞിനെ പാമ്പാടി ജനറല്‍ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ഓടയില്‍ രണ്ടു വലിയ കല്ലുകള്ക്കിടിയില് കുട്ടിയുടുപ്പിട്ട നിലയിലായിരുന്നു കുഞ്ഞ്. പൊക്കിള്‍ കൊടിയിലെ ക്ലിപ്പുണ്ടായിരുന്നു. പോലീസ് അറിയിച്ചതനുസരിച്ച് കോട്ടയത്തുനിന്നും എത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുഞ്ഞിനെ ഏറ്റെടുത്തു കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയിലേക്കു മാറ്റി.കുഞ്ഞിനെ ഓടയില്‍ കണ്ട സമീപവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.