കോഴിക്കോട്: അനാഥമൃതദേഹങ്ങള്‍ സംസ്കരിക്കാനുള്ള നടപടികള്‍ വൈകുന്നതിനാല്‍ മൃതദേഹങ്ങള്‍ അഴുകുന്നു.കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറി ജീവനക്കാരും ഡോക്ടര്‍മാരുമാണ് ദുര്‍ഗന്ധത്തിനിടയില്‍ ജോലിചെയ്തു പ്രയാസപ്പെടുന്നത്. ഏഴു മൃതദേഹങ്ങളാണ് ബന്ധുക്കളെ കണ്ടെത്താനാകാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്.ഇതില്‍ പോലീസ് നിര്‍ദേശാനുസരണം പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞതും ആശുപത്രിയില്‍ചികിത്സയിലിരിക്കെ മരണപ്പെട്ടവരുമുണ്ട്.
മൂന്ന് മാസത്തിലധികം പഴക്കമുള്ളതാണ് പല മൃതദേഹങ്ങളും. ഇടയ്ക്കിടെ വൈദ്യുതിമുടങ്ങുന്നതിനാല് ഫ്രീസര്‍ ശരിയായി പ്രവര്‍ത്തിക്കാറില്ല. ഫ്രീസറിന്റെ മോട്ടോറുകള്‍ കാലപ്പഴക്കത്താല്‍ ഇടയ്ക്കിടെ പണിമുടക്കുകയും കൂടിചെയ്യുന്നതോടെ കൃത്യമായ തണുപ്പില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ കഴിയാറില്ല. ഇതിനാലാണ് മൃതദേഹങ്ങള്‍ വളരെപ്പെട്ടന്നു തന്നെ അഴുകുന്നത്.
അനാഥമൃതദേഹങ്ങള്‍ സംസ്കരിക്കേണ്ട ചുമതല കോര്‍പറേഷനാണ്. ആശുപത്രി അധികൃതര്‍ മെഡിക്കല്‍ കോളജ് പോലീസിനാണ് മൃതദേഹങ്ങളുടെ വിവരങ്ങള്‍ കൈമാറേണ്ടത്. പോലീസ് കോര്‍പറേഷനുമായി ബന്ധപ്പെട്ട് സംസ്കരിക്കാനുള്ള നടപടികള്‍ക്കായി സമീപിക്കണം. എന്നാല്‍ മൂന്ന് വിഭാഗവും കൃത്യമായി വിവരങ്ങള്‍ കൈമാറാത്തതും കോര്പറേഷന് ആവശ്യമായ ഫണ്ട് അനുവദിക്കാത്തതുമാണ് പലപ്പോഴും സംസ്കാരങ്ങള്‍ വൈകാന്‍ കാരണം. ഈ ദുര്‍ഗന്ധത്തിനിടയിലും ജോലിചെയ്യേണ്ട ജീവനക്കാരാണ് വിവിധ വകുപ്പുകളുടെഏകോപനമില്ലായ്മയില് ദുരിത്തിലാകുന്നത്.
മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള അലവന്‍സ് പുതുക്കാനുള്ള ആവശ്യം പോലും സര്‍ക്കാര്‍ ഇത് വരെ അനുവദിച്ചിട്ടില്ല. 75രൂപ അറ്റന്‍ഡര്‍ക്കും 60രൂപ ലാബ്ജീവനക്കാര്ക്കും 15രൂപ ടൈപ്പിസ്റ്റിനുംഎന്നതാണ് ഇപ്പോഴുമുള്ള അലവന്‍സ്. 1986ല്‍ അനുവദിച്ചതണിത്. എന്നാല്‍ ഡോക്ടര്‍മാര്‍ക്ക് 1986ല്‍ 250രൂപയുണ്ടായിരുന്നത് വിവിധ വര്‍ഷങ്ങളില്‍ വര്‍ദ്ധിപ്പിച്ച് ഇപ്പോള്‍ 600രൂപയായി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ മൃതദേഹങ്ങളുമായി കൂടുതല്‍ അടുത്ത്പെരുമാറേണ്ടിവരുന്നവര്ക്ക് ഇപ്പോഴും പഴയ നിരക്ക്തന്നെയാണ് നല്‍കുന്നത്.