അനുമോള്‍ക്കു ദേശീയ റിക്കാര്‍ഡ്

sp-anumolഎസ്. ജയകൃഷ്ണന്‍

തേഞ്ഞിപ്പലം: ദേശീയ യൂത്ത് അത്‌ലറ്റിക്‌സില്‍ കേരളത്തിന്റെ അനുമോള്‍ തമ്പിക്ക് 3000 മീറ്ററില്‍ ദേശീയ റിക്കാര്‍ഡോടെ സ്വര്‍ണം. കാലിക്കട്ട് വാഴ്‌സിറ്റി സ്‌റ്റേഡിയത്തിലെ പുതിയ സിന്തറ്റിക് ട്രാക്കിലെ ആദ്യദിനം ഒരു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമടക്കം 32 പോയിന്റോടെ കേരളം രണ്ടാം സ്ഥാനത്ത്. 34 പോയിന്റുള്ള ഉത്തര്‍ പ്രദേശാണ് ഒന്നാമത്. 24 പോയിന്റോടെ ഹരിയാന മൂന്നാമത്.പെണ്‍കുട്ടികളുടെ ലോംഗ്ജംപില്‍ ആല്‍ഫി ലൂക്കോസും ആണ്‍കുട്ടികളുടെ ഹൈജംപില്‍ ടി.ആരോമലും കേരളത്തിനു വേണ്ടി വെള്ളി നേടിയപ്പോള്‍ പെണ്‍കുട്ടികളുടെ ലോംഗ്ജംപില്‍ യു.രുഗ്മ ഉദയന്‍ വെങ്കലം സ്വന്തമാക്കി.

ഇന്നലെ രാവിലെ നടന്ന 3000 മീറ്ററില്‍ 10:0:22 എന്ന സമയത്താണ് അനുമോള്‍ റിക്കാര്‍ഡിട്ടത്. മഹാരാഷ്ട്രയുടെ സഞ്ജീവനി യാദവിന്റെ പേരിലായിരുന്നു നിലവിലെ റിക്കാര്‍ഡ് (10:08:29-2013). കേരളത്തിന്റെ തന്നെ പി.ആര്‍.അലീഷയുടെ പേരിലുണ്ടായിരുന്ന മീറ്റ് റിക്കാര്‍ഡും (10:08:45-2015) പഴങ്കഥയായി. കഴിഞ്ഞ സംസ്ഥാന സ്കൂള്‍ മീറ്റിലായിരുന്നു മികച്ച സമയമെങ്കിലും ((9:41.57) ഇവിടുത്തെ പ്രകടനം തൃപ്തികരമാണെന്ന് പരിശീലക ഷിബി മാത്യു പറഞ്ഞു. അടുപ്പിച്ച് അഞ്ച് മീറ്റുകളില്‍ പങ്കെടുക്കേണ്ടി വന്നത് തീര്‍ച്ചയായും പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. ഡല്‍ഹി-ബാംഗളൂര്‍-കോഴിക്കോട് എന്നിങ്ങനെ ദീര്‍ഘ യാത്രകളും വിഷമിപ്പിച്ചിട്ടുണ്ട്. ഇടുക്കി പാറത്തോട് കമ്പിളിക്കണ്ടം സ്വദേശിയാണ് കോതമംഗലം മാര്‍ ബേസില്‍ സ്കൂളില്‍ നിന്ന് പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ അനുമോള്‍.

പെണ്‍കുട്ടികളുടെ ലോംഗ് ജംപില്‍ ആല്‍ഫി ലൂക്കോസ് 5.68 മീറ്റര്‍ ചാടി വെള്ളി നേടി. തിരുവനന്തപുരം സായിയിലാണ് ആല്‍ഫി പരിശീലനം തേടുന്നത്. പശ്ചിമബംഗാളിന്റെ സോമ കര്‍മാര്‍ക്കര്‍ക്കാണ് സ്വര്‍ണം. (5.86 മീറ്റര്‍). കേരളത്തിന്റെ രുഗ്മ ഉദയന്‍ വെങ്കലം നേടി. (5.64 മീറ്റര്‍). കേരളത്തിന്റെ തന്നെ ലിസ്ബത്ത് കരോളിന്‍ ജോസഫ് 5.63 മീറ്റര്‍ ചാടി നാലാമതായി.ആണ്‍കുട്ടികളുടെ ഹൈജംപില്‍ തിരുവനന്തപുരം സായിയില്‍ നിന്നുള്ള കൊല്ലം സ്വദേശി ടി.ആരോമലാണ് കേരളത്തിനു വേണ്ടി മറ്റൊരു വെള്ളി നേടിയത്. ചാടിയത് 1.94 മീറ്റര്‍. ഹരിയാനയുടെ ഗുര്‍ജീത് സിംഗിനാണ് സ്വര്‍ണം.1.98 മീറ്റര്‍. ഡല്‍ഹിയുടെ നിഷാന്ത് വെങ്കലം നേടി.

ഹരിയാനയുടെ രോഹിതും മഹാരാഷ്ട്രയുടെ സിദ്ധി സഞ്ജയ് ഹിരെയും മീറ്റിലെ വേഗമേറിയ താരങ്ങളായി. ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ രോഹിത് 11.06 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. തമിഴ്‌നാടിന്റെ പ്രവീണ്‍ കുമാറിന്റെ പേരിലുള്ള 10.75 എന്ന ദേശീയ റിക്കാര്‍ഡിനടുത്തെങ്ങും എത്താന്‍ രോഹിതിനായില്ല. മഹാരാഷ്ട്രയുടെ കിരണ്‍ പാണ്ഡുരംഗ് ഭോസാലെ വെള്ളിയും കര്‍ണാടകത്തിന്റെ എസ്. മനീഷ് വെങ്കലവും നേടി. സിദ്ധി 12.31 സെക്കന്‍ഡില്‍ കുതിച്ചെത്തിയാണ് വേഗ— താരമായത്. തമിഴ്‌നാടിന്റെ തമിഴ്്‌ശെല്‍വി വെള്ളിയും തെലങ്കാനയുടെ ജി.നിത്യ വെങ്കലവും നേടി. കേരളത്തിന്റെ കെ.എം.നിഭ ഏഴാം സ്ഥാനത്തായി. ഈയിനത്തില്‍ ദ്യുതി ചന്ദിന്റെ പേരിലാണ് ദേശീയ റിക്കാര്‍ഡ്.

ആദ്യ ദിനം സ്വര്‍ണമൊന്നും നേടിയില്ലെങ്കിലും ഉത്തര്‍പ്രദേശ് പോയിന്റ് നിലയില്‍ ഒന്നാമതെത്തുകയായിരുന്നു. രണ്ടാം സ്ഥാനത്തുള്ള കേരളത്തിന് ഒരു സ്വര്‍ണം ലഭിച്ചപ്പോള്‍ മൂന്നാം സ്ഥാനത്തുള്ള ഹരിയാനയ്ക്ക് മൂന്നു സ്വര്‍ണമുണ്ട്. ആദ്യത്തെ ആറു സ്ഥാനങ്ങള്‍ പോയിന്റ് പട്ടികയില്‍ ഇടം പിടിക്കും.

ഇന്ന് 14 ഫൈനലുകള്‍ നടക്കും. 400 മീറ്റര്‍, 1500 മീറ്റര്‍ ഫൈനലുകള്‍ ഇന്നാണ്.

ഉറച്ചമനസോടെ ഉയരങ്ങളിലേക്ക്

തേഞ്ഞിപ്പലം: കോതമംഗലം മാര്‍ ബേസില്‍ സ്കൂളിലൂടെയാണ് അനുമോള്‍ തമ്പി എന്ന അത്‌ലറ്റ് ശ്രദ്ധേയമാവുന്നത്. സ്കൂളിലെത്തുമ്പോള്‍ കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഭാവിയുള്ള താരമാണെന്ന് പരിശീലക ഷിബി മാത്യു തിരിച്ചറിയുകയായിരുന്നു. പ്രതീക്ഷയ്ക്കുമപ്പുറത്തുള്ള പ്രകടനമാണ് അനുമോളില്‍ നിന്നുണ്ടായതെന്ന് ഷിബി ടീച്ചര്‍ അഭിമാനത്തോടെ പറയുന്നു. പരിശീലക ജീവിതത്തില്‍ കണെ്ടത്തിയ മികച്ച പ്രതിഭകളിലൊരാള്‍.

ഇടുക്കിയിലെ കമ്പിളിക്കണ്ടം എന്ന ഗ്രാമത്തിലെ കുന്നില്‍ മുകളിലെ വീട്ടില്‍ നിന്നാണ് അനുമോള്‍ തമ്പി എന്ന താരത്തിന്റെ തുടക്കം. കുന്നിന്‍ മുകളിലെ വീട്ടിലെത്തുക എന്നതു തന്നെയായിരുന്നു കായികപരിശീലനത്തിന്റെ ആദ്യപാഠവും. അവിടുന്ന് പടിപടിയായി ഉയര്‍ന്ന് രാജ്യത്തെ സീനിയര്‍ അത്‌ലറ്റുകളോടൊപ്പം മത്സരിക്കാനുള്ള ചങ്കുറപ്പിലെത്തിയതിനു പിന്നില്‍ കഠിനാധ്വാനത്തിന്റെ നാള്‍വഴികള്‍. കഴിഞ്ഞ സംസ്ഥാന സ്കൂള്‍ മീറ്റില്‍ 9:41.57 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തപ്പോള്‍ കോച്ച് പോലും അമ്പരന്നുപോയി. 9:40 ല്‍ താഴെ എത്തിക്കുക എന്നതാണ് ലക്ഷ്യം. 2014ലെ ജൂണിയര്‍ നാഷണല്‍സില്‍ വെള്ളിയും ദോഹയില്‍ നടന്ന ഏഷ്യന്‍ യൂത്ത് മീറ്റില്‍ വെങ്കലവും നേടിയിരുന്നു.

തുടര്‍ച്ചയായ മത്സരങ്ങള്‍ ദേശീയ യൂത്ത് മീറ്റില്‍ അല്പം തളര്‍ത്തിയെന്ന് പരിശീലക ഷിബി സമ്മതിക്കുന്നു. ഇനി 29ന് കാലിക്കട്ട് വാഴ്‌സിറ്റി സ്റ്റേഡിയത്തില്‍ തന്നെ ഏഷ്യന്‍ സ്കൂള്‍ സെലക്്ഷന്‍ ട്രയല്‍സുണ്ട്. പിന്നെ സീനിയര്‍ സ്റ്റേറ്റ് മീറ്റിലും പങ്കെടുക്കണം. ഗ്രാന്‍പ്രീ മീറ്റുകളില്‍ മുതിര്‍ന്ന താരങ്ങളോടൊപ്പം മത്സരിച്ചത് മികച്ച അനുഭവമായെന്ന് അനുമോളും കോച്ചും എടുത്തു പറയുന്നു.

ഡച്ച് ദമ്പതികളുടെ സ്‌പോണ്‍സര്‍ഷിപ്പിലാണ് ഇപ്പോള്‍ അനുമോള്‍ പരിശീലനം തുടരുന്നത്.

ആവേശത്തോടെ ലക്ഷദ്വീപും

തേഞ്ഞിപ്പലം: ദേശീയ യൂത്ത് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് വേദിയായ കാലിക്കട്ട്് സര്‍വകലാശാല സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കില്‍ ലക്ഷദ്വീപിന്റെ ആവേശവും. ലക്ഷദ്വീപില്‍ നിന്ന് ചരിത്രത്തില്‍ ആദ്യമായാണ് കായികതാരങ്ങള്‍ ദേശീയ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്നത്. ഒരു സിന്തറ്റിക് ട്രാക്കില്‍ മാറ്റുരയ്ക്കുന്നതും ആദ്യമായാണ്.

സെക്കന്തരാബാദില്‍ നടന്ന ദേശീയ സ്കൂള്‍ കായിക മേളയില്‍ പങ്കെടുത്തതല്ലാതെ മറ്റ് അനുഭവങ്ങള്‍ ഇല്ല ഇവര്‍ക്ക്. അമിനി, ആന്ത്രോത്ത്, കവരത്തി, മിനിക്കോയ് എന്നിവിടങ്ങളില്‍ നിന്നായി പത്തംഗ സംഘമാണ് ലക്ഷദ്വീപിനെ പ്രതിനിധീകരിച്ച് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. 400, 100, 200 മീറ്റര്‍, റിലേ, ജാവലിന്‍, പോള്‍വോള്‍ട്ട്, സ്റ്റീപ്പിള്‍ ചേയ്‌സ് എന്നീ ഇനങ്ങളിലാണ് ഇവരുടെ മത്സരം.

ടീം മാനേജര്‍ നൗഫര്‍, പരിശീലകന്‍ ജഹദ് ഹസന്‍, ടീം ക്യാപ്റ്റന്‍ മുഹമ്മദ് ജാബിര്‍ എന്നിവരുടെ നേത്യത്വത്തിലാണ് ലക്ഷദ്വീപ് സംഘത്തിന്റെ വരവ്. കഴിഞ്ഞ 15ന് എറണാകുളത്ത് എത്തിയ സംഘം 10 ദിവസത്തെ പരിശീലനം മാത്രം നേടിയാണ് മത്സരിക്കുന്നത്. ലക്ഷദ്വീപില്‍ സൗകര്യങ്ങളുള്ള ഗ്രൗണ്ട് ഇല്ലാത്തതിനാല്‍ ഒരൊറ്റ ദിവസത്തെ പോലും പരിശീലനം അവിടെ നിന്നും നേടാനായില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

Related posts