അമിതവേഗത്തില്‍ പായുന്ന ടിപ്പറുകള്‍ക്കെതിരേ പോലീസ് നടപടി ആരംഭിച്ചു

kkd-TIPPERകോട്ടയം: അമിത വേഗത്തില്‍ പായുന്ന ടിപ്പറുകള്‍ക്കെതിരേ പോലീസ് നടപടി ആരംഭിച്ചു. ഇന്നലെ ജില്ലാ പോലീസ് ചീഫ് എന്‍.രാമചന്ദ്രന്റെ നിര്‍ദേശ പ്രകാരം ജില്ലയിലുടനീളം പോലീസ് നടത്തിയ ടിപ്പര്‍ വേട്ടയില്‍ 101 ടിപ്പര്‍ ലോറികള്‍ക്ക് പെറ്റിക്കേസ് നല്കി. ലോഡ് മൂടാതെയും മറ്റും പോയതിനാണ് പെറ്റിക്കേസ്. അമിത വേഗതയില്‍ അപകടമുണ്ടാക്കുന്ന വിധത്തില്‍ പോയ നാലു ടിപ്പറുകള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. ഏഴു പേരെ അറസ്റ്റു ചെയ്തു.

അനധികൃതമായി മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ നല്കുന്ന സംഭവത്തില്‍ ജില്ലയിലെ 181 മൊബൈല്‍ ഷോപ്പുകള്‍ പരിശോധിച്ച് പോലീസ് നോട്ടീസ് നല്കി. ഇതര സംസ്ഥാനക്കാര്‍ക്കും മറ്റും അനധികൃതമായി സിം കാര്‍ഡ് നല്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മൊബൈല്‍ ഫോണ്‍ കടകളില്‍ പരിശോധന നടത്തിയത്. ഇരുചക്ര വാഹനാപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ 853 വാഹനങ്ങള്‍ പരിശോധിച്ചതില്‍  ഹെല്‍മറ്റ് ഇല്ലാത്ത 343 പേര്‍ക്കെതിരേ നടപടിയെടുത്തു.

ഓവര്‍സ്പീഡിന് 11 പേരെയും ബൈക്ക് മോഡിഫൈ ചെയ്തതിന് 23 പെരെയും അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് 13 പേരെയും പിടികൂടി. മദ്യപിച്ച് ബൈക്കോടിച്ച ഏഴു പേര്‍ക്കെതിരേയും കേസെടുത്തു. സ്കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന 139 ഓട്ടോറിക്ഷകള്‍ പരിശോധിച്ചു. ഇതില്‍ മദ്യപിച്ച് ഓട്ടോയോടിച്ച ഒരാളെ പിടികൂടി. മദ്യപിച്ച് ബസ് ഓടിച്ച 13 സ്വകാര്യ ബസ് ഡ്രൈവര്‍മാരെയും പിടികൂടി. സ്ത്രീകളുടെ സീറ്റിലിരുന്ന് യാത്ര ചെയ്ത 13 പേര്‍ക്കെതിരേ നടപടിയെടുത്തു.

Related posts