ആറന്മുളയില്‍ പടയൊരുക്കം തുടങ്ങി

alp-electionപത്തനംതിട്ട: ഇടതു വലതു ബിജെപി മുന്നണികള്‍ തങ്ങളുടെ സ്ഥാനാര്‍ഥികളുമായി പ്രചാരണ രംഗത്ത് സജീവമായി. രാഷ്ട്രീയകക്ഷികള്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ നടത്തിയതോടെയാണ് പടയൊരുക്കം തുടങ്ങിയത്. പരസ്യ പ്രചാരണത്തോടൊപ്പം നവമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നും വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ഥികള്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണ ജോര്‍ജ് ഇന്നലെയാണ് പരസ്യപ്രചാരണം തുടങ്ങിയത്. രാവിലെ പത്തനംതിട്ടയിലെത്തിയ വീണ ജോര്‍ജ് സി.വി. ജോസ് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് പ്രചാരണം തുടങ്ങിയത്. സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, സംസ്ഥാന സമിതിയംഗങ്ങളായ കെ.അനന്തഗോപന്‍, ആര്‍. ഉണ്ണിക്കൃഷ്ണപിള്ള, മുന്‍ എംഎല്‍എ എ.പത്മകുമാര്‍ തുടങ്ങിയവര്‍ വീണയ്‌ക്കൊപ്പമുണ്ടായിരുന്നു.

പിന്നീട് ടികെ റോഡില്‍ പത്തനംതിട്ട നഗരത്തിലൂടെ നടന്ന് പിന്തുണ അഭ്യര്‍ഥിച്ചു.  പത്ത നംതിട്ട മാര്‍ക്ക റ്റിലും വ്യാപാര സ്ഥാപന ങ്ങളിലും കയറി വോട്ട് അഭ്യര്‍ഥിച്ചു. മണ്ഡലത്തിലെ പ്രമുഖ ഇടതുനേതാക്കളെയും സന്ദര്‍ശിച്ചു. സിപിഎം സ്ഥാനാര്‍ഥിപട്ടിക ഔദ്യോഗികമായി പുറത്തുവന്നതോടെയാണ് വീണ ജോര്‍ജ് മണ്ഡലത്തില്‍ സജീവസാന്നിധ്യമായത്. പരമാവധി വോട്ടര്‍മാരെ നേരില്‍ കാണുകയെന്ന ലക്ഷ്യമാണ് എല്‍ഡിഎഫ് പ്രചാരണത്തിനുള്ളത്.യുഡിഎഫ് സ്ഥാനാര്‍ഥി കെ.ശിവദാസന്‍ നായര്‍ ബുധനാഴ്ച പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചിരുന്നു.

മണ്ഡലത്തിലെ പ്രമുഖരെ സന്ദര്‍ശിച്ചുകൊണ്ടാണ് ശിവദാസന്‍ നായര്‍ പ്രചാരണം തുടങ്ങിയത്. ഇന്നലെയും ഇതു തുടര്‍ന്നു. പരസ്യ പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലത്തില്‍ ശിവദാസന്‍ നായര്‍ക്കുവേണ്ടി ചുവരെഴുത്ത് തുടങ്ങി. പോസറ്ററുകളടക്കമുള്ളവയും തയാറായിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിപട്ടിക പുറത്തുവന്നിട്ടില്ലെങ്കിലും തര്‍ക്കമില്ലാത്ത സ്ഥാനാര്‍ഥിപട്ടികയിലാണ് ശിവദാസന്‍ നായര്‍.
ഇന്നലെ പത്തനംതിട്ട നഗര ത്തിലെ വിവിധ സ്ഥാപ നങ്ങളില്‍ പിന്തുണ അഭ്യര്‍ഥിച്ചു ശിവദാസന്‍ നായര്‍ എത്തി. ഒമ്പതിന് ജില്ലാ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ യുഡിഎഫ് പ്രവര്‍ത്തനങ്ങളും സജീവമാകും. നിയോജകമണ്ഡലം കണ്‍വന്‍ഷനുകള്‍ ഉള്‍പ്പെടെയുള്ള പ്രചാരണവും ഇതിനു പിന്നാലെ ആരംഭിക്കും. പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനുള്ള അവസരം പ്രയോജനപ്പെടുത്താനാണ് ശിവദാസന്‍ നായരുടെ തീരുമാനം.

ബിജെപി സ്ഥാനാര്‍ഥി എം.ടി. രമേശ് മണ്ഡലത്തില്‍ സജീവമാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയതോടെ ആറന്മുള കേന്ദ്രമാക്കി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിരിക്കുകയാണ്. കേന്ദ്ര നേതാക്കളുടെ വരവോടെ പ്രചാരണത്തിനു ശക്തിയേറും. നിയോജകമണ്ഡലത്തിലെ സ്വാധീനം പാര്‍ട്ടിക്കു ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് എം.ടി. രമേശ്. കഴിഞ്ഞ ലോക്‌സഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കുണ്ടായ നേട്ടം ഇത്തവണ വിജയത്തിലേക്കു നയിക്കുമെന്ന പ്രതീക്ഷയാണ് സ്ഥാനാര്‍ഥിക്കുമുള്ളത്.

Related posts