ഇത് മാജിക്കല്ല; ആദിത്യ സിനിമയിലെത്തി

Adithyaമാന്ത്രികവിദ്യയിലൂടെ കാണികളുടെ കണ്ണിലുണ്ണിയായി മാറിയ ആദിത്യ കാട്ടൂക്കാരന്‍ ഇതാ സിനിമയിലെത്തി. മാജിക്കില്‍ നിരവധി സംസ്ഥാന-ദേശീയ പുരസ്കാരങ്ങള്‍ നേടിയ തൃശൂര്‍ മുണ്ടൂര്‍ പെനിങ്ങന്നൂര്‍ ഡോ. റെനി ആന്റണി-ജെയിന്‍ ദമ്പതികളുടെ ഏക മകനാണ്. അടുത്ത മാസം പുറത്തിറങ്ങുന്ന ‘മൂണ്‍ട്ര് രസികര്‍കള്‍’ എന്ന തമിഴ് സിനിമയിലൂടെയാണ് ആദിത്യ സിനിമയിലേക്ക് ചുവട് വച്ചിരിക്കുന്നത്. സിനിമയിലെ നായകനായ പ്രേംയാസിറിന്റെ കുട്ടിക്കാലമാണ് ആദിത്യ അവതരിപ്പിക്കുന്നത്. തമിഴ് സൂപ്പര്‍ സ്റ്റാറായ ഇളയ ദളപതി വിജയുടെ ആരാധകരായ മൂന്നു ചെറുപ്പക്കാരുടെ കഥയാണ് ‘മൂണ്‍ട്ര് രസികര്‍കള്‍’.

“പ്ലസ്ടു’ സിനിമയിലൂടെ മലയാളികള്‍ക്ക് പരിചിതനായ ഷെബി ചൗഗാട്ട് കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിലാണ് ആദിത്യയുടെ അരങ്ങേറ്റം. പ്രശസ്ത നിര്‍മാതാവായ ആന്റോ ജോസഫും, സി.ആര്‍.സലിമും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ പ്രശസ്ത നടന്‍ റോഷന്‍, ആല്‍വിന്‍, പത്മരാജന്‍ രതീഷ്, തലൈവാസല്‍ വിജയ്, കക്ക രവി, റിയാസ്ഖാന്‍, ക്രൈം മോഹന്‍, അരുണ്‍ മണി, പവ്വര്‍സ്റ്റാര്‍ ശ്രീനിവാസ്, സ്വാതി, മീര തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. അള്‍ത്താര മൂവീസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ബാലഗോപാലാണ് എഴുതിയിരിക്കുന്നത്. ഗാനരചന ചാരു ഹരിഹരന്‍. സംഗീതം റോണി റാഫേല്‍.

ഇതു കൂടാതെ, പുറത്തിറങ്ങാനിരിക്കുന്ന അനീഷ് അന്‍വറിന്റെ പരസ്യചിത്രം, നവാഗതനായ വിപിന്‍ സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം ഇടവഴി എന്നിവയിലും ആദിത്യ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. നല്ല അവസരങ്ങള്‍ ലഭിച്ചാല്‍ സിനിമയിലും പരസ്യത്തിലും അഭിനയിക്കുമെന്ന് ആദിത്യ രാഷ്ട്രദീപികയോടു പറഞ്ഞു.

Related posts