ഇനി കൂട്ടിയും കിഴിച്ചും രണ്ടു നാള്‍

knr-surakshaസ്വന്തം ലേഖകന്‍

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലയിലെ അഞ്ചു നിയോജകമണ്ഡലങ്ങളിലും മുന്നണി സ്ഥാനാര്‍ഥികളും പാര്‍ട്ടികളും ഇനി രണ്ടു നാള്‍ കൂട്ടലുകളും കിഴിക്കലുകളും നടത്തും. മികച്ച പോളിംഗ് ശതമാനം ഇടതു-വലതു മുന്നണികളും എന്‍ഡിഎയും തങ്ങളുടെ വിജയ സൂചനയായി വിലയിരുത്തുമ്പോള്‍ ഇക്കുറി എന്‍ഡിഎ സജീവമായി രംഗത്തുണ്ടായിരുന്നതുകൊണ്ടു ആര്‍ക്കും വിജയസാധ്യത പ്രവചിക്കുക അസാധ്യമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. 2006ല്‍ ഇടതുപക്ഷം മഞ്ചേശ്വരം മണ്ഡലം പിടിച്ചെടുത്തപ്പോഴും തുടര്‍ന്നും രണ്ടാം സ്ഥാനത്തു വന്ന ബിജെപി ഇക്കുറി വടക്കന്‍ കേരളത്തില്‍ കെ.സുരേന്ദ്രനിലൂടെ അക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷ വച്ചുപുലര്‍ത്തുന്നു.

എന്നാല്‍ ചില സാമുദായിക സംഘടനകളുടെ പിന്തുണ ഉറപ്പാക്കിയ ഇടതു സ്ഥാനാര്‍ഥി അഡ്വ.സി.എച്ച്.കുഞ്ഞമ്പുവിനും ഇവിടെ വിജയപ്രതീക്ഷ ചെറുതല്ല. എന്നാല്‍ വികസന നേട്ടങ്ങളുടെ അഞ്ചു വര്‍ഷം തനിക്കു വീണ്ടും വിജയം സമ്മാനിക്കുമെന്നാണ് യുഡിഎഫിന്റെ പി.ബി.അബ്ദുള്‍റസാഖിന്റെ പ്രതീക്ഷ.കാസര്‍ഗോഡ് ബിജെപി എന്നും രണ്ടാം സ്ഥാനത്തെത്തുന്നതും എന്‍ഡിഎ മുന്നണിക്ക് ഇക്കുറിയും വിജയപ്രതീക്ഷ നല്‍കുന്നു. സിറ്റിംഗ് എംഎല്‍എ എന്‍.എ.നെല്ലിക്കുന്നാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്.

എന്നാല്‍ മണ്ഡലത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം ഉയര്‍ത്തിക്കാട്ടി ബിജെപി കുണ്ടാര്‍ രവീശതന്ത്രിയെ ഇവിടെ പരീക്ഷിച്ചതു വിജയ സൂചകമാണെന്നു വിലയിരുത്തുന്നവരും കുറവല്ല. ഐഎന്‍എല്ലിലെ ഡോ.എ.എ.അമീനും നെല്ലിക്കുന്നിനു വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.ഉദുമയില്‍ യുഡിഎഫിലെ കരുത്തനായ കെ.സുധാകരന്‍ ഇക്കുറി വിജയം ഉറപ്പിച്ചായാണു യുഡിഎഫ് കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. അതേസമയം പാര്‍ട്ടി വോട്ടുകളൊന്നും ചോര്‍ന്നുപോയിട്ടില്ലെന്നു സീറ്റ് തങ്ങള്‍ നിലനിര്‍ത്തുമെന്നുമാണ് മണ്ഡലത്തിലെ എംഎല്‍എ കെ.കുഞ്ഞിരാമന്റെ അവകാശവാദം.ബിജെപി തങ്ങളുടെ പരമാവധി വോട്ടുകള്‍ സ്വരൂപിക്കാന്‍ ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്തിനെ തന്നെയാണ് രംഗത്തിറക്കിയിരിക്കുന്നതെന്നതും എന്‍ഡിഎയുടെ പ്രതീക്ഷകളുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നു.

സ്ഥിരമായി എല്‍ഡിഎഫ് വിജയിച്ചുപോരുന്ന കാഞ്ഞങ്ങാട് മണ്ഡലത്തിലാകട്ടെ ഇക്കുറി സിറ്റിംഗ് എംഎല്‍എ ഇ.ചന്ദ്രശേഖരനോട് ഏറ്റുമുട്ടാന്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് പി.ഗംഗാധരന്‍നായരുടെ മകള്‍ ധന്യാ സുരേഷിനെ ഇറക്കിയായിരുന്നു പരീക്ഷണം. ഇതു ഒരു പരിധിവരെ കേരളത്തിലെ തന്നെ കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ വോട്ടുകള്‍ തങ്ങളുടെ പെട്ടിയിലാക്കാന്‍ പ്രേരിപ്പിച്ചെന്നാണ് യുഡിഎഫ് പ്രതീക്ഷ വച്ചുപുലര്‍ത്തുന്നത്.എന്‍ഡിഎ സഖ്യ കക്ഷിയായ ബിഡിജെഎസിനു നല്‍കിയ സീറ്റില്‍ പ്രവാസിയായ എം.പി.രാഘവനാണ് ജനവിധി തേടിയത്. ഇതു ബിജെപി ക്യാമ്പില്‍ തുടക്കംമുതലേ കല്ലുകടിക്കിടയാക്കി. ഇതു ഫലത്തിലും പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എന്നും ഇടതിനൊപ്പം മാത്രം നിലയുറപ്പിച്ച തൃക്കരിപ്പൂരില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.പി.കുഞ്ഞിക്കണ്ണനെയാണ് സീറ്റി പിടിച്ചെടുക്കാന്‍ കെപിസിസി നിയോഗിച്ചത്. മലയോര പഞ്ചായത്തുകളില്‍ ഉള്‍പ്പെടെ ഇന്നലെ രാവിലെ മുതല്‍ കണ്ട വോട്ട് ആവേശം തന്റെ വിജയം സുനിശ്ചിതമാക്കിയെന്നാണ് കെ.പി.കുഞ്ഞിക്കണ്ണന്റെ അവകാശവാദം. എന്നാല്‍ യുവാക്കളുടേതുള്‍പ്പെടെയുള്ള വോട്ടുകള്‍ തനിക്ക് അനുകൂലമായി ഇടതു വിജയം ഒരിക്കല്‍കൂടി ഊട്ടിയുറപ്പിക്കാനാകുമെന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.രാജഗോപാലിന്റെ അവകാശവാദം.

എന്നാല്‍ ബിജെപിയാകട്ടെ മണ്ഡലത്തിലെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടി ഒരു മാറ്റത്തിനായി വോട്ടഭ്യര്‍ഥിച്ചതു തനിക്കു മികച്ച നേട്ടം നല്‍കുമെന്ന പ്രതീക്ഷയിലാണ്. എന്തായാലും ഇനി രണ്ടു നാളുകള്‍ രാഷ്ട്രീയപാര്‍ട്ടികളുടെ അവകാശവാദങ്ങളുടെയും കൂട്ടിക്കിഴിക്കലുകളുടേതുമായി മാറുമെന്നു തീര്‍ച്ച.

Related posts