ഇരുള്‍ വീണ വായനയ്ക്ക് വെളിച്ചവുമായി കൗണ്‍സിലര്‍

tvm-councilarനെയ്യാറ്റിന്‍കര: വൈദ്യുതി ബന്ധമുണ്ട്, പക്ഷെ, കാറ്റും വെളിച്ചവുമില്ല. ബള്‍ബു കളും ഫാനുകളുമൊക്കെ നോക്കു കുത്തികളാണെന്ന ആരോപണം കുറെക്കാലമായി ഉയരുന്നു. അഞ്ചുദശകത്തിലേറെ പ്രവര്‍ത്തനപാരമ്പര്യം അവകാശപ്പെടുന്ന നെയ്യാറ്റിന്‍കര നഗരസഭ ലൈബ്രറിയുടെ അവസ്ഥയാണിത്.     താലൂക്കിലെ തന്നെ വലിയ ലൈബ്രറി കളിലൊന്നായ നെയ്യാറ്റിന്‍കര നഗരസഭയുടെ ഈ ഗ്രന്ഥശാലയുടെ ശോചനീയാ വസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സിലറുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന പ്രതിഷേധ സമരം ശ്രദ്ധേയമായി.

1965 ലാണ് നെയ്യാറ്റിന്‍കര നഗരസഭ ലൈബ്രറി ആരംഭിച്ചതെന്ന് പറയപ്പെടുന്നു. ടൗണിലും ടി.ബി ജംഗ്ഷനിലുമൊക്കെ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന ലൈബ്രറി ടൗണിലെ നഗരസഭ കെട്ടിടത്തിലേയ്ക്ക് 1997 -ലാണ് മാറിയത്. സര്‍വവിജ്ഞാ നകോശവും വിശ്വവിജ്ഞാനകോശവും മറ്റു വിവിധ എന്‍സൈക്ലോപീഡിയകളും  ഉള്‍പ്പെടെ മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലായി പതിനായിരത്തിലേറെ പുസ്തകങ്ങളുള്ള ലൈബ്രറിയോട് നഗരസഭ അധികൃതര്‍ക്ക് തികഞ്ഞ അവഗണനയാണെന്നാണ് ആക്ഷേപം. ലൈബ്രറിയുടെ പ്രവര്‍ത്തന സമയം രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയും വൈകുന്നേരം അഞ്ചു മുതല്‍ രാത്രി എട്ടു വരെയുമാണ്.

വൈകുന്നേരം ലൈബ്രറിയിലെത്തുന്നവര്‍ക്ക് വെളിച്ചക്കുറവു കാരണം വായന ദുഷ്കരമായി തുടരുന്നു. ലൈബ്രറി മന്ദിരം മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്നതായും പരാതിയുണ്ട്. ഏറ്റവും വേഗത്തില്‍ അറിവുകളുടെ മഹാപ്രപഞ്ചം പുതിയ തലമുറയ്ക്ക് ഉപയുക്തമാക്കാന്‍ നാട്ടിന്‍പുറത്തെ കൊച്ചുലൈബ്രറികള്‍ പോലും ശ്രമിക്കുമ്പോള്‍ നഗരസഭയുടെ ഈ സംരംഭം മെച്ചപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് യാതൊരു താത്പര്യവുമില്ലെന്നും ആരോപണമുണ്ട്.

ഈ സാഹചര്യത്തിലാണ് ലൈബ്രറിയുടെ ദുസ്ഥിതിക്കെതിരെ നഗരസഭ കൗണ്‍സിലര്‍ ഗ്രാമം പ്രവീണ്‍ രംഗത്തു വന്നിരിക്കുന്നത്. ലൈബ്രറിയില്‍ മെഴുകുതിരി വെളിച്ചത്തില്‍ വായിച്ചായിരുന്നു കൗണ്‍സിലറുടെ പ്രതിഷേധം.  നഗരസഭ പ്രതിപക്ഷ നേതാവ് എ. ലളിത സമരം ഉദ്ഘാടനം ചെയ്തു. ഗ്രാമം നന്ദു, റോഹന്‍, ആഷിക്, ജിഷ്ണു എന്നിവര്‍ സമരത്തില്‍ പങ്കെടുത്തു.

Related posts