ഇവനാണ് ഭീകരന്‍! വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരുന്ന വൈദികനെ കഴുത്തറുത്തത് 19കാരന്‍; ഭീകരര്‍ വധം കാമറയില്‍ പകര്‍ത്തുകയും ചെയ്തു

fatherപാരീസ്:  വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരുന്ന ഫാ. ഷാക് ഹാമലിനെ കഴുത്തറുത്തു കൊന്നത് ഫ്രഞ്ച് പൗരനായ കൗമാരക്കാരന്‍. ആദില്‍ കിര്‍മിഖ് എന്ന പത്തൊമ്പതുകാരനടങ്ങുന്ന രണ്ടു പേരാണ് വൈദികനെ കഴുത്തറുത്ത് കൊന്നതെന്ന് പോലീസ് പറയുന്നു. ആദിലിനെ ഐഎസ് ബന്ധവുമുണ്ടെന്ന് സംശയിച്ച് കഴിഞ്ഞ വര്‍ഷം രണ്ടു തവണ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇയാള്‍ ഇപ്പോഴും പോലീസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആദിലിന്റെ ഒപ്പമുണ്ടായിരുന്ന ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് വെടി വയ്പില്‍ ആദിലും കൂടെയുണ്ടായിരുന്നയാളും കൊല്ലപ്പെട്ടിരുന്നു.  സംഭവവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  ആക്രമണം നടത്തിയത് ഐഎസ് ഭീകരരാണെന്നു ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ രാവിലെയാണു ലോകത്തെ നടുക്കിയ സംഭവം അരങ്ങേറിയത്.

പാരീസില്‍ നിന്നു 128 കിലോമീറ്റര്‍ അകലെ റുവന്‍ നഗരത്തിലെ സാന്‍എറ്റിയന്‍ ഡു റൂവ്‌റ ദേവാലയത്തില്‍ രാവിലെ ദിവ്യബലി നടക്കുമ്പോള്‍ അതിക്രമിച്ചു കയറിയ രണ്ടു ഭീകരര്‍ ദേവാലയത്തിലുണ്ടായിരുന്നവരെ ബന്ദികളാക്കിയശേഷം എണ്‍പത്തിയാറുകാരനായ ഫാ. ഷാക് ഹാമലിനെ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു. ഒരു ബന്ദിക്കു ഗുരുതരമായി മുറിവേറ്റു.

വിശുദ്ധ കുര്‍ബാനയ്ക്കിടെ ദേവാലയത്തിലേക്കു കടന്നുകയറിയ ഭീകരര്‍ അഞ്ചു പേരെയാണു തടവുകാരായി പിടിച്ചത്. ഇവരില്‍ രണ്ടു പേര്‍ കന്യാസ്ത്രീകളാണ്. വധിക്കുന്നതിനുമുമ്പ് ഫാ. ഹാമലിനെ ഭീകരര്‍ മുട്ടുകുത്തിച്ചു നിര്‍ത്തിയെന്നു രക്ഷപ്പെട്ട കന്യാസ്ത്രി ഡാനിയേല്‍ പറഞ്ഞു. ഭീകരര്‍ വധം കാമറയില്‍ പകര്‍ത്തുകയും ചെയ്തു.

ഐഎസ് പോരാളികളാണു ഫ്രാന്‍സിലെ ആക്രമണം നടത്തിയതെന്ന് ഐഎസിന്റെ വാര്‍ത്താ ഏജന്‍സി അമാക് കയ്‌റോയില്‍ ഇറക്കിയ പ്രസ്താവനയില്‍ അവകാശപ്പെട്ടിരുന്നു. കുരിശുയുദ്ധ സഖ്യത്തിലുള്ളവരെ വധിക്കാനുള്ള ആഹ്വാനമാണ് പോരാളികള്‍ അനുസരിച്ചതെന്നും ഏജന്‍സി പറഞ്ഞു. സംഭവത്തെത്തുടര്‍ന്നു ഫ്രാന്‍സില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഈ മാസം 14ന് ബസ്റ്റീല്‍ ദിനത്തില്‍ നീസില്‍ ഭീകരന്‍ ട്രക്ക് കയറ്റി 84പേരെ കൊലപ്പെടുത്തിയ സംഭവത്തെത്തുടര്‍ന്നു ഫ്രാന്‍സില്‍ സുരക്ഷ ശക്തമാക്കിയിരുന്നു.

പൊട്ടിക്കരഞ്ഞ് പ്രാര്‍ഥിക്കാനല്ലാതെ മറ്റൊന്നിനും കഴിയുന്നില്ലെന്നു റുവന്‍ ആര്‍ച്ച്ബിഷപ് ഡൊമിനിക് ലെബ്രൂണ്‍ പറഞ്ഞു. പ്രാര്‍ഥനയും സാഹോദര്യവുമല്ലാതെ കത്തോലിക്കാ സഭയ്ക്കു മറ്റ് ആയുധങ്ങളൊന്നുമില്ല. -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത്യന്തം നീചമായ ഈ സംഭവത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വേദനയും ദുഖവും രേഖപ്പെടുത്തി.

ദിവ്യബലിയര്‍പ്പണവേളയില്‍ വധിക്കപ്പെട്ട ഫാ. ഹാമലിനെ ഉടനെ രക്തസാക്ഷിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇതേ ആവശ്യമുന്നയിച്ച് സാന്തോ സുബീതോ (വേഗം വിശുദ്ധനാക്കൂ) എന്ന ഹാഷ്ടാഗ് ട്വിറ്ററിലും തുടങ്ങിയിട്ടുണ്ട്. ഇറ്റലിയിലെ ലൊംബാര്‍ഡ് പ്രവിശ്യാ പ്രസിഡന്റ് റോബര്‍ട്ടോ മറോണിയാബ് ഫാ. ഹാമലിനെ രക്തസാക്ഷിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത്.

Related posts