ഈസ്റ്ററിനു മത്സ്യവിഭവം ഉണ്ടാക്കാന്‍ വലിയ വില കൊടുക്കേണ്ടിവരും! കടലിലും കായലിലും നേരിടുന്ന കനത്ത മത്സ്യക്ഷാമം; ഭൂരിഭാഗം ബോട്ടുകളും ഇപ്പോള്‍ കരയില്‍

Fishവൈപ്പിന്‍: ഈസ്റ്ററിനു മത്സ്യവിഭവം ഉണ്ടാക്കാന്‍ ഇക്കുറി വലിയ വിലകൊടുക്കേണ്ടി വരും. കടലിലും കായലിലും നേരിടുന്ന  കനത്ത മത്സ്യക്ഷാമമാണ് കാരണം. ഈസ്റ്ററിനു സാധാരണ നെയ്മീനിനും കരിമീനിനുമാണ് ഡിമാന്റ്. നെയ്മീനിന്  ഇപ്പോള്‍ തന്നെ കിലോയ്ക്ക് 500നു മേലയാണ് വില.

കടലില്‍ മത്സ്യലഭ്യത കുറഞ്ഞ് ബോട്ടുകള്‍ ഇക്കുറി നേരത്തെ കരയില്‍ കെട്ടി അന്യസംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് പോയി. ഇനി പ്രതീക്ഷ കായല്‍ മത്സ്യങ്ങളാണെങ്കിലും അവിടെയും വറുതിയാണ്. വേനല്‍ കെട്ടുകളില്‍ പിലാപ്പിയ വളരെ കുറവായതിനാല്‍ ഇപ്പോള്‍ ചെറിയ സൈസിനു പോലും മാര്‍ക്കറ്റില്‍ കിലോയ്ക്കു 200 രൂപ നല്‍കേണ്ടി വരുന്നുണ്ട്. കരിമീന്റെ വില ഇപ്പോള്‍ തന്നെ 400 മുതല്‍ വലിപ്പമനുസരിച്ച് 600 വരെ വിലയുണ്ട്. ഈസ്റ്ററിനു ഇത് 500 മുതല്‍ 750 രൂപ വരെ വില വന്നേക്കാമെന്നാണ് മത്സ്യവ്യാപാരികള്‍ പറയുന്നത്.

മീന്‍ വളര്‍ത്തുന്നവര്‍ ഈ സീസണില്‍  കുറ്റിപ്പൂമീന്‍ വിളവെടുപ്പ് നടത്താറുണ്ട് . വലിയ സൈസിനു 300 മേലെ വിലവരും.  കടല്‍ വറുതിയായതോടെ ഇപ്പോള്‍ അന്യസംസ്ഥാനത്ത് നിന്നും എത്തിക്കുന്ന മത്സ്യങ്ങളാണ് കൂടുതലായി ആളുകള്‍ ഉപയോഗിക്കുന്നത്. ചാള, ചെമ്പല്ലി, കുടുത, പിലാപ്പിയ, കരിമീന്‍ തുടങ്ങിയമ മത്സ്യങ്ങള്‍ ആന്ധ്ര , കര്‍ണ്ണാടക , മംഗലാപുരം , തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും വാഹനങ്ങളില്‍ എത്തിച്ചാണ് ഹാര്‍ബറുകളില്‍ വില്‍പ്പന നടത്തുന്നത്.

കടലിലെ മത്സ്യലഭ്യത കുറഞ്ഞതോടെ   മുനമ്പം മുരുക്കുംപാടം മത്സ്യബന്ധന മേഖലയും അനുബന്ധമേഖലയും ഭാഗീകമായി നിശ്ചലമായി.  ഭൂരിഭാഗം ബോട്ടുകളും ഇപ്പോള്‍ കരയിലാണ്. കുറെ ബോട്ടുകള്‍  തമിഴ് നാട്ടിലെ മുട്ടം ഹാര്‍ബറിലേക്കും ചേക്കേറി. ഇവിടെ നിരോധിച്ചിട്ടുള്ള പൊടിമീന്‍ പിടുത്തം തമിഴ്‌നാട്ടില്‍ നിരോധിക്കാത്തതിനാലാണ് ബോട്ടുകള്‍ ഇവിടെനിന്നും മുട്ടത്തേക്ക് കടന്നതെന്ന് തൊഴിലാളികള്‍ പറയുന്നു.

ഒരാഴ്ചത്തെ മത്സ്യബന്ധനം കഴിഞ്ഞെത്തുന്ന ബോട്ടുകള്‍ക്ക് ഏറ്റവും കുറഞ്ഞത് മുന്ന് ലക്ഷം രൂപയുടെ മത്സ്യമെങ്കിലും ലഭിച്ചില്ലെങ്കില്‍ പണി കടത്തിലാകുമെന്നാണ് ബോട്ടുടമകള്‍ പറയുന്നത്. എന്നാല്‍, ഇപ്പോള്‍ 50000 രൂപ പോലും ലഭിക്കുന്നില്ല. ഇതാണ് പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നത്. കരയ്ക്കു കെട്ടിയ ബോട്ടുകളിലെ  അന്യസംസ്ഥാന തൊഴിലാളികള്‍ പലരും സ്ഥലം വിട്ടു. ഇനി ഈസ്റ്റര്‍ കഴിഞ്ഞെ ഇവര്‍ തിരിച്ച് വരുകയുള്ളു. കടല്‍ കാലിയാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

മണിക്കൂറുകളോളം വല വലിച്ചാല്‍ ചിലപ്പോള്‍ ഒന്നോ രണ്ടോ കുട്ട മത്സ്യം മാത്രമേ ലഭിക്കുകയുള്ളു. ഓരോ പോക്കിലും ഡീസല്‍, ഐസ്, ഭക്ഷണം, ബാറ്റക്കാശ് എന്നിവയ്ക്കുള്ള മത്സ്യം  പോലും ഒക്കുന്നില്ല. കടലില്‍ നിന്നും ഇപ്പോള്‍ ലഭിക്കുന്നതാകട്ടെ കിളിമീനും കുറച്ചു ചെമ്മീനുമാണ്. സാധാരണ ഈ സമയങ്ങളില്‍ കയറ്റുമതിസാധ്യതയുള്ള തളയന്‍ എന്ന( പാമ്പാട ) മത്സ്യം ധാരാളം ലഭിക്കാറുള്ളതാണ്.  എന്നാല്‍, ഇപ്പോള്‍ തളയന്‍ കാണാനേ ഇല്ല. ഇതേ പോലെ തന്നെ പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങളും കരയില്‍ കെട്ടിയിരിക്കുകയാണ്.

സാധാരണ തീരക്കടലില്‍ കണ്ടിരുന്ന ചാള, ഐല എന്നീ മത്സ്യങ്ങള്‍ കൊച്ചി തീരത്ത് നിന്നും അപ്രത്യക്ഷമായ സാഹചര്യത്തിലാണ് വള്ളങ്ങളും കരക്ക് കെട്ടിത്തുടങ്ങിയത്. മത്സ്യബന്ധന ബോട്ടുകള്‍ വളം നിര്‍മ്മിക്കാനായി ധാരാളം പൊടി മത്സ്യങ്ങള്‍ പിടിച്ചു കൂട്ടിയതിന്റെ ഭവിഷ്യത്താണ് മത്സ്യക്ഷാമത്തിനു പിന്നിലെന്ന്  പരമ്പരാഗത മത്സ്യതൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നു.

Related posts