ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വെബ്‌സൈറ്റില്‍ കയറരുത്; വായിച്ചാല്‍ പണികിട്ടും !

KTM-UZHAVOORകുറവിലങ്ങാട്: ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വെബ്‌സൈറ്റില്‍ കയറി ഏതെങ്കിലും വിവരങ്ങള്‍ തേടിയാല്‍ അവന്‍ വഴിതെറ്റും എന്ന് ഉറപ്പാണ്. വിവര സാങ്കേതിക വിദ്യയുടെ ഈ ലോകത്ത് ചരിത്രം പോലും ശരിയായി അപഗ്രഥിക്കാതെയാണ് വെബ്‌സൈറ്റിന്റെ കിടപ്പ്. ബ്ലോക്ക് പഞ്ചായത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയം പോലും വെബ്‌സൈറ്റില്‍ മാറ്റമില്ലാതെ തുടരുകയാണ്. ബ്ലോക്ക് പഞ്ചായത്ത് പുന:സംഘടന പോലും തിരിച്ചറിയാത്ത വെബ്‌സൈറ്റില്‍ ബ്ലോക്കിലെ ഡിവിഷനുകള്‍പ്പോലും ശരിയായി വായിച്ചെടുക്കാന്‍ കഴിയാത്തസ്ഥിതിയാണുള്ളത്. വെബ്‌സൈറ്റ് പറയുന്നത് ഇപ്പോഴും കിടങ്ങൂര്‍ ബ്ലോക്ക് പഞ്ചായത്തിലാണെന്നാണ്.

ഈ മാറ്റമുണ്ടായിട്ട് വര്‍ഷങ്ങളായെന്നതാണ് യാഥാര്‍ത്ഥ്യം.  ബ്ലോക്കിന് കീഴില്‍ മണിപ്പള്ളി എന്നൊരു ഡിവിഷനുണ്ടെന്നാണ് വെബ്‌സൈറ്റ് പറയുന്നത്. മോനിപ്പള്ളിക്ക് പകരമാണ് മണിപ്പള്ളിയെത്തിയതെന്ന് ബ്ലോക്ക് പഞ്ചായത്തുമായി അടുപ്പമുള്ളവര്‍ക്കറിയാമെന്ന് മാത്രം. ഭൂമിശാസ്ത്രവും ഡിവിഷന്‍ വിഭജനവുമൊക്കെ ഏറെ ആശയക്കുഴപ്പം സമ്മാനിക്കുന്നുവെന്നതിനപ്പുറം ബ്ലോക്കിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട വിശകലനമാണ് ഏറെ തെറ്റിദ്ധാരണ സമ്മാനിക്കുന്നത്. ജോസഫ് ചാഴികാടന്‍ മുഖ്യമന്ത്രിയായിരുന്നുവെന്ന് സംശയിക്കതക്കവിധത്തിലാണ് സൈറ്റിലെ പരാമര്‍ശം. പട്ടംതാണുപിള്ളയെ പരാമര്‍ശിച്ചിരിക്കുന്നതിടത്താണ് ഈ ‘വിവരം’ നല്‍കിയിരിക്കുന്നത്.

കോഴായില്‍ സ്ഥിതി ചെയ്യുന്ന ബ്ലോക്ക് പഞ്ചായത്തിന്റെ ചരിത്രത്തില്‍ സമീപസ്ഥലമായ കുറവിലങ്ങാടിനെക്കുറിച്ച് പരാമര്‍ശമേ ഇല്ല. ഇതിലുപരി കോഴായെന്ന സ്ഥലനാമ ഉല്പത്തിയും ഈ ചരിത്രകാരന്മാര്‍ക്ക് അറിയില്ല. ബ്ലോക്ക് പഞ്ചായത്തിന്റെ ആസ്ഥാനം മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം രാജഭരണത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണെങ്കിലും ഇക്കാര്യങ്ങളൊന്നും സൈറ്റിനറിയില്ല. ഇപ്പോള്‍ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലം അറിയപ്പെടുന്നതുതന്നെ ബംഗഌവ് എന്നാണ്. ഈ പേരുതന്നെ ചരിത്രം വിളിച്ചറിയിക്കുന്നുണ്ട്. സൈറ്റില്‍ പറയുന്ന ചരിത്രം ഉഴവൂര്‍ കരയുടെ മാത്രമാണ്. ഉഴവൂര്‍ പഞ്ചായത്തിന്റെ ചരിത്രം അതേ പടി ആവര്‍ത്തിച്ചാല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ചരിത്രമാകില്ലെന്ന് ജനപ്രതിനിധികളും അധികാരികളും ഇനിയും അറിഞ്ഞിട്ടില്ല.

ബ്ലോക്കിലെ പ്രധാന വ്യവസായങ്ങളിലൊന്ന് മരങ്ങാട്ടുപിള്ളി സ്പിന്നിംഗ് മില്ലാണെന്നാണ് സൈറ്റ് പറയുന്നത്. ഇതൊന്ന് കാണിച്ചുനല്‍കാന്‍ പറഞ്ഞാല്‍ ജനപ്രതിനിധികള്‍ വെട്ടിലാകും. മേല്‍വിലാസത്തില്‍ കോഴായുടെ പിന്‍കോഡ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാറിയതുപോലും ബ്ലോക്കിലെ വിവരസാങ്കേതിക വിദ്യക്കാര്‍ അറിഞ്ഞില്ലെന്നതും കഷ്ടം. ജനപ്രതിനിധികളുടെ വിവരം അന്വേഷിച്ചാല്‍ ഇപ്പോഴും 2010ലെ പ്രതിനിധികള്‍തന്നെയാണ് ബ്ലോക്ക് ഭരണം. എന്നാല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളില്‍ മാറ്റംവന്നുവെന്നത് ശ്രദ്ധേയം.

ഫേട്ടോ ഗാലറി കണ്ടാല്‍ ഇത്രയും വലിയ റോഡ് ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ചതോ എന്ന് ആരും ചോദിച്ചുപോകും.
വിദേശങ്ങളിലുള്ളവരടക്കം ഒട്ടേറപ്പേര്‍ വിവിധ ആവശ്യങ്ങളും പഠനങ്ങളുമായി ബന്ധപ്പെട്ട് സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റില്‍ ഭരണം നടത്തുന്നവര്‍ ആരെന്നെങ്കിലും കൃത്യമായി പറയാത്തത് കഷ്ടം തന്നെ. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിനെ കണ്ടുപഠിക്കുന്നതാണോ ഉഴവൂര്‍ ഗ്രാമപഞ്ചായത്തെന്നറിയില്ല. ഉഴവൂര്‍ ഗ്രാമപഞ്ചായത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.

Related posts