എം.എസ്. സുബ്ബലക്ഷ്മി ശതാബ്ദി കര്‍ണാടക സംഗീതോത്സവം നാളെ മുതല്‍

TCR-MSSUBHALAKSHMIതൃശൂര്‍: എം.എസ്. സുബ്ബലക്ഷ്മി ശതാബ്ദി ആചരണത്തിന്റെ ഭാഗമായി കേരള സംഗീതനാടക അക്കാദമി നാളെമുതല്‍ ഒക്‌ടോബര്‍ ഒന്നുവരെ റീജണല്‍ തിയറ്ററില്‍ ദേശീയ കര്‍ണാടക സംഗീതോത്സവം “രാഗസുധ’ സംഘടിപ്പിക്കുമെന്നു സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍നായര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നാളെ വൈകീട്ട് അഞ്ചിനു മേയര്‍ അജിത ജയരാജന്‍ ഉദ്ഘാടനം ചെയ്യും.

അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ.പി.എ.സി. ലളിത അധ്യക്ഷയാകും. ഡോ. ജോര്‍ജ് എസ്. പോള്‍ സുബ്ബലക്ഷ്മി അനുസ്മരണം നടത്തും. ആറിനു മല്ലാഡി ബ്രദേഴ്‌സ് ശ്രീരാമപ്രസാദും രവികുമാറും അവതരിപ്പിക്കുന്ന വായ്പാട്ട്, 26ന് വൈകീട്ട് അഞ്ചിന് മൂഴിക്കുളം വിവേക്, ആറിനു ഡോ. ചേര്‍ത്തല കെ.എന്‍. രംഗനാഥശര്‍മ എന്നിവരുടെ കര്‍ണാടക സംഗീതക്കച്ചേരി എന്നിവ അരങ്ങേറും.

27നു രാവിലെ 10ന് നാട്യഗൃഹത്തില്‍ സംഗീത ശില്പശാല നടക്കും. ഡോ.ജി. ബേബിശ്രീരാം, ഡോ.വി.ടി. സുനില്‍, അറയ്ക്കല്‍ നന്ദകുമാര്‍, ഡോ.വി.വി. ഗിരി തുടങ്ങിയ സംഗീത നിരൂപകര്‍ ചര്‍ച്ചകള്‍ നയിക്കും. പാലക്കാട് ചെമ്പൈ സ്മാരക സര്‍ക്കാര്‍ സംഗീത കോളജ് പ്രിന്‍സിപ്പല്‍ എസ്. ദിനേഷാണ് ശില്പശാല ഡയറക്ടര്‍.

28ന് അഞ്ചിനു വിശ്വേശ് സ്വാമിനാഥന്‍, ആറിന് എന്‍.ജെ. നന്ദിനി, 29ന് അഞ്ചിനു ഭരദ്വാജ് സുബ്രഹ്മണ്യം, ആറിനു ടി.എം. കൃഷ്ണ, 30നു വൈകീട്ട് അഞ്ചിനു ശ്രുതിലയ, ആറിന് ഒ.എസ്. ത്യാഗരാജന്‍, ഒക്‌ടോബര്‍ ഒന്നിന് വൈകീട്ട് അഞ്ചിന് എസ്.കെ. മഹതി, ആറിന് എസ്. സാകേത് രാമന്‍ എന്നിവര്‍ കര്‍ണാടക സംഗീതക്കച്ചേരികള്‍ അവതരിപ്പിക്കും. പി.എന്‍. സുബ്ബരാമനാണ് സംഗീതോത്സവത്തിന്റെ ഫെസ്റ്റിവല്‍ ഡയറക്ടര്‍. പത്രസമ്മേളനത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി. മധു, പ്രോഗ്രാം ഓഫീസര്‍ എ.വി. രാജീവന്‍ എന്നിവരും പങ്കെടുത്തു.

Related posts