കൊച്ചി: ജീവിതമെന്ന വലിയ പാഠപുസ്തകം പഠിച്ച് കണ്ണുനീരിന്റെ ഉപ്പു കലര്‍ന്ന ചാലക്കുടി പുഴ നീന്തിക്കടന്ന് സിനിമയിലെത്തിയ കലാഭവന്‍ മണി സാമ്പത്തികമായും കലാപരമായും ഏറെ വളര്പ്പോഴും അദ്ദേഹത്തിന്റെ മനസ് എന്നും സാധാരണക്കാര്ക്കൊപ്പമായിരുന്നുവെന്ന് സംവിധായകന് സിബി മലയില്‍ അനുസ്മരിച്ചു.
കലാഭവന്‍ മണിയെ അനുസ്മരിക്കാന്‍ ഇഎംഎസ് സാംസ്കാരിക വേദി എറണാകുളം ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച മണികിലുക്കം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താന്‍ പരിചയപ്പെട്ട മണി ചെയ്യാത്തതായി ഒന്നും ഉണ്ടായിരുന്നില്ലെന്ന് സിബി മലയില്‍ പറഞ്ഞു.ആദ്യ സിനിമയില്‍ ഓട്ടോക്കാരനായി; പിന്നീട് മണിയെ താന്‍ കാണുന്നത് തെങ്ങിന്മുകളില് കയറുന്ന ചെത്തുകാരനായിട്ടാണ്. സാധാരണ നായക നടന്മാര്ക്ക് ചെയ്യാന്‍ സാധിക്കാത്ത വേഷങ്ങള്‍ മണി അനായാസമായി ചെയ്യുമായിരുന്നു.
ജീവിതാനുഭവങ്ങള്‍ പ്രമേയമായ സിനിമകളില്‍ പലതിലും മണി ഗ്ലിസറിനില്ലാതെയാണ് കരഞ്ഞിരുന്നത്. തന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും നാട്ടിലെ സാധാരണക്കാര്‍ക്കായി ചെലവഴിച്ചിരുന്നതുകൊണ്ടുതന്നെ സിനിമയില്‍ തെരഞ്ഞെടുപ്പുകളില്ലാതെയാണ് മണി അഭിനയിച്ചിരുന്നത്. എഴുത്തുകാരനോ സംവിധായകനോ കാണാത്ത കോണില്‍ നിന്ന് കഥാപാത്രത്തെ കണ്ട് പ്രതീക്ഷിക്കാത്ത രീതിയില്‍ അത് അഭിനയിച്ച് ഫലിപ്പിക്കാന്‍ മണിക്കറിയാമായിരുന്നുവെന്നും സിബി മലയില്‍ പറഞ്ഞു.
ചിരിപ്പിക്കുന്ന, കരയിപ്പിക്കുന്ന, പാട്ടുപാടുന്ന മണി സകലകലാവല്ലഭനായിരുന്നുവെന്ന് നടി മഞ്ജു വാര്യര്‍ അനുസ്മരിച്ചു. ഏറെ കരഞ്ഞവര്ക്കേ ഏറെ ചിരിപ്പിക്കാന്‍ കഴിയുകയുള്ളൂ എന്ന് ജീവിതംകൊണ്ട് തെളിയിച്ച വ്യക്തിയായിരുന്നു അദ്ദേഹം. നല്ല മനസിന്റെ ഉടമയായ മണിയെ എന്നും അദ്ഭുതത്തോടെ മാത്രമേ നോക്കികണ്ടിരുന്നുള്ളൂ. മണിയുടെ മരണം താന്‍ പാതിമനസുകൊണേ്ട ഇനിയും ഉള്‍ക്കൊണ്ടിട്ടുള്ളൂ എന്നും മഞ്ജു പറഞ്ഞു.
ചടങ്ങില്‍ ഇഎംഎസ് സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ പ്രഫ. മാത്യു പൈലി അധ്യക്ഷനായി. സെക്രട്ടറി അഡ്വ. എം. അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. ആര്. നിഷാന്ത് ബാബു അനുശോചന പ്രമേയം അവതരിപ്പു.മണിക്കൊപ്പം അഭിനയിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത കെ.എസ്. പ്രസാദ്, ടിനി ടോം, കലാഭവന്‍ മന്‍സൂര്‍, സംവിധായകന് സോഹന്‍ സീനുലാല്‍, എ.കെ. സാജന്, കെ.ജെ. ജേക്കബ്, പി.എന്‍. സീനുലാല്‍, പി.ആര്. റെനീഷ് എന്നിവരും പ്രസംഗിച്ചു.