കാമറകള്‍ നിശ്ചലം: ദേശീയപാതയില്‍ അപകടം തുടര്‍ക്കഥയാവുന്നു

alp-CAMERAതുറവൂര്‍: ദേശീയപാതയിലെ വേഗത നിയന്ത്രിക്കാന്‍ സ്ഥാപിച്ച കാമറകളുടെ പ്രവര്‍ത്തനം മാസങ്ങളായി നിശ്ചലം. ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച കാമറകളാണു പ്രവര്‍ത്തനം നിലച്ചിരിക്കുന്നത്. സുരക്ഷാ പാതയായി പ്രഖ്യാപിച്ചിട്ടുള്ള ചേര്‍ത്തല-മണ്ണുത്തി റോഡിലും ചേര്‍ത്തല മുതല്‍ കായംകുളം വരെയുള്ള ഭാഗങ്ങളിലും അമ്പതില്‍ അധികം കാമറകളാണ് വിവിധ സ്ഥലങ്ങളിലായി ഉള്ളത്. ചേര്‍ത്തല തങ്കി കവല, വയലാര്‍, പട്ടണക്കാട്, തുറവൂര്‍, എരമല്ലൂര്‍, അരൂര്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കാമറകളുടെ പ്രവര്‍ത്തനം ഒരുവര്‍ഷത്തിലധികമായി നിലച്ചിട്ട്. കെല്‍ട്രോണ്‍ സ്ഥാപിച്ച ഈ കാമറകളുടെ അറ്റകുറ്റപ്പണികളും കെല്‍ട്രോണാണ് നടത്തേണ്ടിയിരുന്നത്.എന്നാല്‍ ഗ്യാരണ്ടി കാലാവധി കഴിഞ്ഞെന്നു കാണിച്ച് കെല്‍ട്രോണ്‍ കൈകഴുകുകയാണ്.

ഖജനാവിന് ലക്ഷങ്ങളുടെ നഷ്ടമാണ് കാമറ സ്ഥാപിച്ചതിലൂടെയുണ്ടായത്. ദേശീയപാതയിലെ അപകടം നിയന്ത്രിക്കാനാണ് കാമറകള്‍ സ്ഥാപിച്ചത്. എന്നാല്‍ ഇവയുടെ പ്രവര്‍ത്തനം നിലച്ചതോടുകൂടി ചേര്‍ത്തല മുതല്‍ അരൂര്‍ വരെ ദിവസവും 10ല്‍ അധികം അപകടങ്ങളാണ് നടക്കുന്നത്.  അമിത വേഗമാണ് ഒട്ടുമിക്ക അപകടങ്ങള്‍ക്കും കാരണം. ഈ മേഖലയില്‍ പോലീസ് പരിശോധനയും നിലച്ചതോടുകൂടി വാഹനങ്ങളുടെ മരണപ്പാച്ചിലാണ്.

തുറവൂര്‍ ജംഗ്ഷനില്‍ തന്നെ ഒരു ദിവസം നിരവധി അപകടങ്ങളാണ് ഇത്തരത്തിലുണ്ടാകുന്നത്. ഇവിടെ ഗതാഗത നിയന്ത്രണത്തിനായി സ്ഥാപിച്ചിട്ടുള്ള സിഗ്നല്‍ ലൈറ്റുകള്‍ ലംഘിക്കുന്ന വാഹനങ്ങളെ കാമറ പിടികൂടുമായിരുന്നു. എന്നാല്‍ ഇവയുടെ പ്രവര്‍ത്തനം നിലച്ചതോടുകൂടി സിഗ്്‌നല്‍ സംവിധാനം ലംഘിച്ചുകൊണ്ട് വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുന്നു.

ഇത്തരത്തില്‍ ഉണ്ടായ അപകടത്തില്‍ ആഴ്ചകള്‍ക്കു മുമ്പ് ഒരു സ്ത്രീ ഇവിടെ മരിച്ചിരുന്നു. ദേശീയപാതയില്‍ ചേര്‍ത്തല മുതല്‍ അരൂര്‍ വരെ സ്ഥാപിച്ചിട്ടുള്ള വഴി വിളക്കുകള്‍ പല പ്രദേശത്തും അണഞ്ഞു കിടക്കുന്നതും അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ട്. അമിത വേഗതയിലെത്തുന്ന വാഹനങ്ങള്‍ ഡിവൈഡറുകളില്‍ ഇടിച്ചുകയറുന്നതും റോഡരികിലെ വീടുകളിലും കടകളിലും ഇടിച്ചുകയറുന്നതും നിത്യസംഭവമായി.

മുമ്പ് പട്ടണക്കാട്, എരമല്ലൂര്‍ ഭാഗങ്ങളില്‍ പോലീസ് വാഹനങ്ങളില്‍ കാമറ സ്ഥാപിച്ച് അമിത വേഗതയിലെത്തുന്ന വാഹനങ്ങളെ പിടികൂടുമായിരുന്നു. എന്നാല്‍ ഇതും നിലച്ചതോടെ അപകടങ്ങള്‍ ഈ മേഖലയില്‍  വര്‍ധിച്ചിരിക്കുന്നു. അടിയന്തിരമായി ദേശീയപാതയിലെ കാമറകളുടെ അറ്റകുറ്റപ്പണി നടത്തി അമിത വേഗം നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കണമെന്നുള്ള ആവശ്യം ശക്തമാണ.്

Related posts