ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡ്രംസ്‌കൊട്ടുന്നതിനെ “കൊട്ടി’ സോഷ്യല്‍ മീഡിയ. കാഷ്മീരില്‍ അക്രമം വ്യാപിക്കുമ്പോള്‍ പ്രധാനമന്ത്രി ഡ്രംസ് കൊട്ടി ആനന്ദിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം. ഇന്ത്യയില്‍ ഇത്രയും പ്രശ്‌നമുണ്ടായിട്ട് എന്തുകൊണ്ടാണ് പ്രധാനമന്ത്രി സന്ദര്‍ശനം റദ്ദ് ചെയ്ത് മടങ്ങിവരാത്തതെന്നും ചിലര്‍ ചോദിക്കുന്നു.
ആഫ്രിക്കന്‍ പര്യടനത്തിന്റെ ഭാഗമായി ടാന്‍സാനിയയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ടാന്‍സാനിയന്‍ പ്രസിഡന്റ് പോംബെയുമായി ചേര്‍ന്നാണ് പരമ്പരാഗതമായ ആഫ്രിക്കന്‍ ഡ്രംസ് കൊട്ടിയത്. ഔപചാരിക സ്വീകരണത്തിനിടെയാണ് മോദിയുടെ ഡ്രംസ് വായന. ഇരുനേതാക്കളും തടികൊണ്ടുള്ള ചെണ്ടയില്‍ ഒരു മിനിട്ടോളം താളം മുഴക്കി.
ഇതേസമയം കാഷ്മീരില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡറായ ബുര്‍ഹന്‍ വാനി സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ടതില്‍ പ്രകോപിതരായ ജനക്കൂട്ടം സൈന്യത്തിനുനേരേ തുടരുന്ന കലാപത്തില്‍ മരിച്ചവരുടെ എണ്ണം 23 ആയി. വെള്ളിയാഴ്ച അറസ്റ്റ്‌ചെയ്യുന്നതിനായി ഒളിത്താവളം വളഞ്ഞ സുരക്ഷാസേനയ്ക്കുനേരേ വെടിവച്ചതിനെത്തുടര്‍ന്നാണ് ബുര്‍ഹാനും ഒപ്പമുണ്ടായിരുന്ന രണ്ടു ഭീകരരും സേനയുടെ വെടിയേറ്റു മരിച്ചത്.