പൂച്ചാക്കല്‍: കഴിഞ്ഞ 17വര്‍ഷങ്ങളായി ഒരേ കിടപ്പില്‍ കിടന്ന ഗീത ഇക്കുറി ഓണമുണ്ടത് കിടക്കയില്‍ ചാരിയിരുന്ന്. അതിനു ഗീതയും അമ്മ മാധവിയും നന്ദിയര്‍പ്പിക്കുന്നത് കായംകുളത്തെ ഓട്ടോഡ്രൈവര്‍മാര്‍ക്ക്. പാരാപ്ലിഡിയ എന്ന രോഗം ബാധിച്ച് കിടപ്പിലായ ഗീത ആഹാരം കഴിച്ചിരുന്നത് കിടന്നുകൊണ്ടു തന്നെയായിരുന്നു. അതും വൃദ്ധയായ അമ്മ മാധവി വാരി കൊടുക്കണം. കിടന്ന കിടപ്പില്‍ ഭക്ഷണം നല്‍കുന്നതും ഒന്ന് എഴുന്നേല്‍പ്പിച്ച് ഇരുത്തുവാനും ഏറെ ബുദ്ധിമുട്ടിയിരുന്ന മാധവിക്ക് വലിയൊരാശ്വാസവുമായിട്ടാണ് ഓണനാളില്‍ ഒരു കൂട്ടം ഓട്ടോ തൊഴിലാളികള്‍ വീട്ടിലെത്തിയത്.
ഗീതയെക്കുറിച്ചറിഞ്ഞു കഴിഞ്ഞ അത്തംനാളില്‍ എത്തിയ ഓട്ടോഡ്രൈവര്‍മാര്‍ മാധവിക്കു ഒരു വാക്ക് നല്‍കി. ആവശ്യത്തിനനുസരിച്ച് ഉയര്‍ത്താനും താഴ്ത്താനും കഴിയുന്ന തരത്തിലുള്ള കട്ടിലും, വാട്ടര്‍ ബെഡും തങ്ങള്‍ നല്‍കാം. അത്തത്തിന് നല്‍കിയ ആ വാക്ക് കായംകുളത്തെ ഓട്ടോെ്രെഡവര്‍മാര്‍ തിരുവോണത്തിന് പാലിച്ചു. കായംകുളത്തെ ഓട്ടോറിക്ഷത്തൊഴിലാളികളുടെ കൂട്ടായ്മയായ അധ്വാന വിഹിത ജീവകാരുണ്യ പ്രവര്‍ത്തന ഫണ്ട് എന്ന പേരിലറിയപ്പെടുന്ന സംഘമാണ് 90 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് പാണാവള്ളി ഗ്രാമപഞ്ചായത്ത് ഒമ്പതാംവാര്‍ഡ് കൊട്ടാരച്ചിറവീട്ടില്‍ എത്തിയത്.
അത്തത്തിന് ഗീതക്കുള്ള ഓണക്കോടിയും, പലചരക്ക്, പച്ചക്കറി എന്നിവയും, തങ്ങളാലാകാവുന്ന സാമ്പത്തിക സഹായവും ഇവര്‍ എത്തിച്ചിരുന്നു. ഗീതയുടെ ദുരിതാവസ്ഥ നേരിട്ട് മനസ്സിലാക്കിയ സംഘം അമ്മ മാധവിയുടെ വാക്കുകള്‍കൂടി കേട്ടതോടെയാണ് കൂടുതല്‍ സഹായവുമായെത്തിയത്. പ്രത്യേകതരത്തിലുള്ള കട്ടിലിനും, കിടക്കക്കുമായി 20,000 രൂപയോളം ഇവര്‍ക്ക് ചെലവായി. കായംകുളത്തുനിന്നും ഓട്ടോറിക്ഷയില്‍തന്നെയാണ് ഇത് ഇവര്‍ പാണാവള്ളിയിലെ ഗീതയുടെ വീട്ടിലെത്തിച്ചത്. കട്ടില്‍ കിട്ടിയപ്പോള്‍ ഏറെ സന്തോഷിച്ചത് അമ്മ മാധവിയാണ്. ഇനി മകളെ ചാരിയിരുത്തി ഭക്ഷണം നല്‍കാന്‍ കഴിയും എന്നതായിരുന്നു കാരണം.
കിടപ്പിലായ ഗീതക്ക് കൂട്ടായി റേഡിയോയും സംഘം നല്‍കി. പത്താംക്ലാസുവരെ ഗീത നടന്നു സ്കൂളില്‍ പോകുമായിരുന്നു. ക്രമേണ അസുഖത്തിന് കീഴ്‌പ്പെടുകയായിന്നു. കൂട്ടായ്മയുടെ രക്ഷാധികാരിയും മോട്ടോര്‍ വാഹനവകുപ്പ് കുന്നത്തൂര്‍ ഓഫീസിലെ എംവിഐയുമായ എം.ജി. മനോജ്, സംഘടനാട്രഷറര്‍ ഷിജാര്‍ മുഹമ്മദ്, എക്‌സിക്യൂട്ടിവ് മെമ്പര്‍ അബ്ദുള്‍ നസീര്‍ എന്നിവരാണ് സഹായവുമായെത്തിയത്. 2013ല്‍ രൂപവത്കരിച്ച ഈ കൂട്ടായ്മ നിത്യേന തങ്ങളുടെ അധ്വാനഫലത്തിന്റെ ഒരംശം സ്വരൂപിക്കുന്നതിനൊപ്പം സുമനസുകളുടെ സഹായംകൂടി തേടിയാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ സ്വരൂപിച്ച പണം ഉപയോഗിച്ച് കഴിഞ്ഞ മൂന്നു കൊല്ലത്തിനിടെ 20 ലക്ഷം രൂപയുടെ സഹായങ്ങള്‍ ഇവര്‍ വിതരണം ചെയ്തു.