മങ്കൊമ്പ്: കുട്ടനാടിനെ കാമറയില്‍ പകര്‍ത്താന്‍ ബിബിസി സംഘമെത്തി. കുട്ടനാട്ടിലെ മനുഷ്യരുടെ ജീവിതശൈലിയും പാരമ്പര്യതൊഴില്‍ രീതികളും നിഷ്ക്കളങ്കതയും പാശ്ചാത്യസമൂഹത്തിനു പകര്‍ന്നു നല്കാനാണ് സംഘം കുട്ടനാട്ടില്‍ എത്തിയത്. കുട്ടനാടിന്റെ കായല്‍ മേഖലയായ കൈനകരിയിലാണ് സംഘമെത്തിയത്.
പ്രതികൂല കാലാവസ്ഥയോട് മല്ലടിച്ചു മണ്ണില്‍ കനകം വിളയിക്കുന്ന കുട്ടനാടന്‍ ജനതയുടെ ജീവിതശൈലി പ്രതിപാദ്യവിഷയമായ ഡോക്യുമെന്ററിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ബിബിസി ഡോക്യൂമെന്ററി ശ്രേണിയിലെ രണ്ടാംഭാഗമാണ് ഇന്നലെ കുട്ടനാട്ടില്‍ ചിത്രീകരിച്ചത്. ആദ്യഭാഗം രാജസ്ഥാനിലാണ് ചിത്രീകരണം നടത്തിയത്.
കൈനകരിയിലെത്തിയ സംഘം കുട്ടനാട്ടിന്റെ മത്സ്യബന്ധന രീതികളും, പാരമ്പര്യ തൊഴില്‍ മേഖലയായ കള്ളു ചെത്തിന്റെ രീതികളുമാണ് നേരിട്ടറിയാന്‍ ശ്രമിച്ചത്. ബിബിസി പ്രൊഡ്യൂസര്‍ ആനൂപ് പാന്തലിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ടില്‍ നിന്നുള്ള എട്ടുപേരാണ് സംഘത്തിലുള്ളത്. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെ ചിത്രീകരണം പൂര്‍ത്തിയാക്കിയശേഷം അടുത്തവര്‍ഷം ആദ്യം ഡോക്യുമെന്ററി റിലീസ് ചെയ്യാനാണ്് ബിബിസി അധികൃതര്‍ ഉദേശിക്കുന്നത്.