മങ്കൊമ്പ് : കുട്ടനാടന്‍ ജലാശയങ്ങളില്‍ പോള പെരുകിയതോടെ ജലഗതാഗതം പ്രതിസന്ധിയില്‍. കാവാലം, കൈനടി, വടക്കന്‍ വെളിയനാട് പ്രദേശങ്ങളിലാണ് പോളശല്യം കൂടുതല്‍ അനുഭവപ്പെടുന്നത്. കഴിഞ്ഞ രണ്ടുമാസമായി പോളശല്യം അനുഭവപ്പെടുന്നുണ്ടെങ്കിലും അതിരൂക്ഷമായിട്ട ഒരാഴ്ചയോളമാകുന്നു. കാവാലത്താറ്റിലാണ് പോള ജനങ്ങള്‍ക്ക് ഏറ്റവുമധികം ദുരിതമുണ്ടാക്കുന്നത്. കഴിഞ്ഞ മൂന്നുനാലു ദിവസങ്ങളായി കാവാലത്താറ്റിലെ ഗതാഗതം ഏതാണ്ട് ഭാഗികമായി മുടങ്ങിയ നിലയിലാണ്.
ജനങ്ങള്‍ക്ക് ആറിനു കുറുകെ കടക്കാനുള്ള ജങ്കാര്‍, കടത്തുവള്ള സര്‍വീസുകളാണ് പോള ശല്യം മൂലം തടസപ്പെടുന്നത്. പോള തിങ്ങിയതുമൂലം കരയിലടുക്കാതെ ഞായറാഴ്ച പകല്‍ രണ്ടുതവണ ജങ്കാര്‍ സര്‍വീസ് നിര്‍ത്തിവച്ചിരുന്നു. യാത്രക്കാര്‍ പ്രകോപിതരായതിനെത്തുടര്ന്ന് ഗ്രാമപഞ്ചായത്തധികൃതര്‍ ഇടപെട്ട് പ്രശ്നത്തിനു പരിഹാരം കാണാമെന്ന ഉറപ്പിന്മേലാണ് സര്‍വീസ് പുനരാരംഭിച്ചത്. എന്നാല്‍ കടത്തുവള്ളങ്ങള്‍ ഭാഗികമായി മാത്രമാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. വേലിയേറ്റവും, വേലിയിറക്കവും മാറിവരുന്ന സമയങ്ങളില്‍ മാത്രമാണ് പോളശല്യത്തിന് അല്പം ശമനമുണ്ടാകുന്നത്. പോളശല്യം മൂലം പുലര്‍ച്ചെ കടത്തുവള്ളങ്ങളുടെ സര്‍വീസ് നിലച്ചിരിക്കുകയാണ്. ദൂരെ സ്ഥലങ്ങളിലേക്ക് വിവിധ ജോലികള്‍ക്കായി പോകുന്ന യാത്രക്കാര്‍ക്ക് കടത്തുവള്ളമില്ലാത്തതിനാല് പുലര്‍ച്ചെയുള്ള ബസില്‍ യാത്രചെയ്യാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്.
മുന്‍വര്‍ഷങ്ങളില്‍ പോളശല്യം രൂക്ഷമാകുമ്പോള്‍ വടം കെട്ടി പോളനിയന്ത്രിക്കുകയായിരുന്നു പതിവ്. നാട്ടുകാരുടെ പരാതികളെത്തുടര്‍ന്ന ഇത്തവണയും വടം കെട്ടുന്നതിനായി പണം ചെലവഴിച്ചെങ്കിലും ഫലപ്രദമായില്ല. നാലുപാടുനിന്നും പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ വേലിയേറ്റ സമയത്ത് വീണ്ടും വടം കെട്ടി. എന്നാല്‍ ആറിന്റെ പകുതി ഭാഗത്തു മാത്രമാണ് വടം കെട്ടിയിരിക്കുന്നത്. ശേഷിക്കുന്ന ഭാഗത്തുകൂടി പോള കയറുന്നതിനാല്‍ വീണ്ടും പഴയ സ്ഥിതി തുടരുന്നു. രാത്രി കാലങ്ങളില്‍ പോളശല്യത്തെത്തുടര്ന്ന് കടത്തുവള്ളങ്ങള്‍ നിലയ്ക്കുന്നതോടെ മറുകര കടക്കാന്‍ യാത്രക്കാര്‍ ജലഗതാഗത വകുപ്പിന്റെ ബോട്ടുകളെയാണ് ആശ്രയിക്കുന്നത്.
ബോട്ടിന്റെ സര്‍വീസ് സമയം കഴിഞ്ഞെത്തുന്ന യാത്രക്കാര്‍ക്ക മറുകര കടക്കാന്‍ സാധിക്കാറില്ല. വിഷയത്തില്‍ ഗ്രാമഞ്ചായത്തധികൃതര് ഗൗരവമായി ഇടപെടണമെന്നും ബോട്ടിനു പോകാനുള്ള സ്ഥലം മാത്രം ഒഴിവാക്കി ശേഷിക്കുന്ന ഭാഗത്ത് വടംകെട്ടി പോളനിയന്ത്രിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വേലിയേറ്റ സമയങ്ങളില്‍ വടം കെട്ടുകയും, വേലിയിറക്ക സമയത്ത വടമഴിച്ച പോള കായലിലേക്ക് ഒഴുകിപ്പോകാനനുവദിക്കുകയും വേണം.