പത്തനംതിട്ട: ശബരിമലയില്‍ കുന്നാര്‍ ഡാമിന്റെ ഉയരം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ശബരിമല അയ്യപ്പസേവാ സമാജം വൈസ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ്. പത്തനംതിട്ടയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ തീര്‍ഥാടന കാലത്ത് അനുഭവപ്പെടുന്ന രൂക്ഷമായ ശുദ്ധജല ക്ഷാമം പരിഹരിക്കാന്‍ കുന്നാര്‍ ഡാമിന്റെ ഉയരം കൂട്ടി ജലം സംഭരിച്ചാല്‍ മതി. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് അയ്യപ്പസേവാസമാജവും വിശദമായെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ഡാമിന് പത്തടി ഉയരം കൂട്ടാന്‍ ആറു മാസം മുമ്പ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. കുന്നാര്‍ ഡാമില്‍ സംഭരിക്കുന്ന ജലം സന്നിധാനത്ത് എത്തിക്കുന്നതിന് പൈപ്പു സ്ഥാപിച്ചാല്‍ മാത്രം മതി. സ്വാഭാവിക നീരൊഴുക്കായി വെള്ളം സന്നിധാനത്തെ സംഭരണികളിലെത്തും. ഡാമിന്റെ ഉയരം വര്‍ധിപ്പിക്കുന്നതിലൂടെ വന്യജീവികള്‍ക്ക് നാശം ഉണ്ടാകുന്നുമില്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഡാമിന്റെ ഉയരം കൂട്ടാനുള്ള നടപടികള്‍ ആരംഭിച്ചില്ല. ഡാമിനുള്ളില്‍ വീണു കിടക്കുന്ന ചപ്പുചവറുകള്‍ മാറ്റാന്‍ പോലും വനം വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല.
ഈ തീര്‍ഥാടന കാലം കഴിഞ്ഞും ഡാമിന്റെ ഉയരം കൂട്ടാനുള്ള നടപടികള്‍ ആരംഭിച്ചിലെങ്കില് അയ്യപ്പസേവാസമാജം പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കും. സന്നിധാനത്ത് തീര്‍ഥാടനത്തിനുള്ള മുന്നൊരുക്കങ്ങള്‍ മന്ദഗതിയിലാണ്. നിര്‍മാണം ആരംഭിച്ച് മൂന്നു വര്‍ഷം കഴിഞ്ഞിട്ടും സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പണി പൂര്‍ത്തിയാക്കിയിട്ടില്ല. ശബരിമലയില്‍ അന്നദാനം നടത്താന്‍ അനുമതി ആവശ്യപ്പെട്ട് അയ്യപ്പസേവാസമാജം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും സ്വാമി അയ്യപ്പദാസ് പറഞ്ഞു.
ശബരിമലയ്ക്കു പുറമേ കേരളത്തിലങ്ങോളമിങ്ങോളമായി 72 അയ്യപ്പസേവാസമാജം അന്നദാനം നടത്തുന്നുണ്ടെന്നും സ്വാമി അയ്യപ്പദാസ് പറഞ്ഞു. അയ്യപ്പസേവാസമാജം സംസ്ഥാന സമിതിയംഗം എന്‍.ജി രവീന്ദ്രന്, അയ്യപ്പ സംഗമം സ്വാഗത സംഘം ചെയര്മാന് അജയകുമാര്‍ പുല്ലാട് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.