കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ സിപിഎമ്മും ബിജെപിയും ഒറ്റക്കെട്ട്: പി. രാമകൃഷ്ണന്‍

knr-ppramakrishananവളപട്ടണം: ബിജെപിയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നുവെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി പി. രാമകൃഷ്ണന്‍. അഴീക്കോട് ബ്ലോക്ക് കോണ്‍ഗ്രസ് പുനഃസംഘടനയുടെ ഭാഗമായി വളപട്ടണം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന നേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യശത്രു ഇടതുപക്ഷമായിരുന്നു. എന്നാല്‍ ഇപ്പോള്‍ മറ്റൊരു ശക്തിയായ ബിജെപി കൂടി വളര്‍ന്നുവന്നത് നാം തിരിച്ചറിയണം. രണ്ടുശക്തികളെയും പരാജയപ്പെടുത്താനുള്ള കരുത്ത് നേടാന്‍ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും പി. രാമകൃഷ്ണന്‍ പറഞ്ഞു.

അഴീക്കോട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായി ടി.കെ. അജിത്ത്, വൈസ് പ്രസിഡന്റുമാരായി എ.കെ. രവീന്ദ്രന്‍, കെ.എം. രാമകൃഷ്ണന്‍, ഹംസ, കെ.പി. വസന്ത, ട്രഷററായി സി.എച്ച്. മൊയ്തു എന്നിവരും 29 ജനറല്‍ സെക്രട്ടറിമാരും 21 എക്‌സിക്യുട്ടീവ് അംഗങ്ങളും സ്ഥാനമേറ്റു. യോഗത്തില്‍ സി. നാരായണന്‍ അധ്യക്ഷത വഹിച്ചു.   ഡിസിസി ജനറല്‍ സെക്രട്ടറിമാരായ കെ. പ്രമോദ്, ടി. ജയകൃഷ്ണന്‍, ബിജു ഉമ്മന്‍, ബാലകൃഷ്ണന്‍, ബ്ലോക്ക് പ്രസിഡന്റ് ടി.കെ. അജിത്ത്, രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts