കോഴിക്കോട്: നിയമസഭാ സീറ്റ് സംബന്ധിച്ച് ജനതാദള്‍ യുണൈറ്റഡ് നേതൃത്വവുമായി കോണ്‍ഗ്രസ് നേതൃത്വം ആദ്യഘട്ട ചര്‍ച്ച നടത്തി. ജെഡിയു അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാറിന്റെ വസതിയില്‍ ഇന്നു രാവിലെ നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്, എം.വി. ശ്രേയാംസ്കുമാര്‍ എംഎല്‍എ, ഷെയ്ഖ് പി. ഹാരിസ് തുടങ്ങിയവര്‍ പങ്കെടുത്തു. ഇത്തവണ ജയസാധ്യതയുള്ള കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ആവശ്യം ജെഡിയു നേതൃത്വം ചര്‍ച്ചയില്‍ മുന്നോട്ടുവച്ചു. ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച് തിങ്കളാഴ്ച തിരുവനന്തപുരത്ത് കൂടുതല്‍ ചര്‍ച്ച നടത്താന്‍ തീരുമാനമായി.
എന്നാല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്ന് ചര്‍ച്ചകഴിഞ്ഞ് പുറത്തിറങ്ങിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചതായി എം.പി. വീരേന്ദ്രകുമാറും പറഞ്ഞു.ജയസാധ്യതയുള്ള എട്ട് മണ്ഡലങ്ങള്‍ വേണമെന്ന നിലപാടിലാണ് ജെഡിയു ഉള്ളത്. കഴിഞ്ഞ തവണ മത്സരിച്ച ഏഴു സീറ്റുകളില്‍ മട്ടന്നൂര്‍, എലത്തൂര്‍, നേമം, നെന്മാറ തുടങ്ങിയ മണ്ഡലങ്ങളില്‍ പാര്‍ട്ടിക്കു വിജയസാധ്യത ഇല്ലായിരുന്നു.
ഇതു സംബന്ധിച്ച പരാതി ആദ്യഘട്ടത്തില്‍ തന്നെ ഉന്നയിച്ചിരുന്നുവെങ്കിലും യുഡിഎഫിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായിരുന്നില്ല. ഇത്തവണ ഈ സീറ്റുകള്‍ വേണ്ടെന്ന നിലപാട് ജെഡിയു നേതൃത്വം ഇന്നു നടന്ന ചര്‍ച്ചയിലും ആവര്‍ത്തിച്ചു. സിറ്റിംഗ് എംഎല്‍എമാരായ എം.വി. ശ്രേയാംസ്കുമാര്‍, കെ.പി. മോഹനന് എന്നിവര്‍ കല്പറ്റ, കൂത്തുപറമ്പ് മണ്ഡലങ്ങളില്‍ തുടരുമെന്ന കാര്യവും കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. ഷെയ്ഖ് പി. ഹാരിസ്, ചാരുപാറ രവി എന്നിവര്‍ മത്സരരംഗത്തുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. രാജ്യസഭയിലേക്കു പോകുന്നതിനാല്‍ എം.പി. വീരേന്ദ്രകുമാര്‍ ഇത്തവണ മത്സരിക്കില്ല.