ഗ്യാസ് സിലിണ്ടര്‍ ലോറി കൂട്ടിയിടിച്ച് ഗതാഗതം താറുമാറായി

kkd-gascylenderവടകര: പാചകവാതക സിലിണ്ടറുകളുമായി പോയ ലോറി എതിരെ വന്ന മിനി ലോറിയിലിടിച്ച് താഴ്ചയിലേക്ക മറിഞ്ഞത് പരിഭ്രാന്തി പരത്തിയെങ്കിലും സിലിണ്ടറുകളില്‍ ഗ്യാസ് ഇല്ലെന്നറിഞ്ഞത് ആശ്വാസമായി. ലോറിയില്‍ കുടുങ്ങിയ ഡ്രൈവറെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം താറുമാറായി.

ഇന്നലെ അര്‍ധരാത്രിയോടെ കണ്ണൂക്കര ബസ് സ്‌റ്റോപ്പിനു സമീപമാണ് അപകടം. മംഗലാപൂരത്തേക്ക് പോകുന്ന സിലിണ്ടര്‍ ലോറി എതിരെ വന്ന മിനി ലോറിയിലിടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഗ്യാസ് ടാങ്കറാണെന്ന കരുതി പോലീസും ഫയര്‍ഫോഴ്‌സും ആവശ്യമായ സന്നാഹവുമായി കുതിച്ചെത്തി. പിന്നീടാണ് ലോറിയില്‍ കാലി സിലിണ്ടറുകളുണെന്നറിയുന്നത്.

അപകടത്തില്‍പ്പെട്ട മിനി ലോറി റോഡില്‍ തകര്‍ന്നുകിടക്കുകയായിരുന്നു. ടാങ്കറില്‍ നിന്ന് ഗ്യാസ് ചോര്‍ച്ചയുണ്ടാവുമെന്ന് കരുതി പോലീസ് ഗതാഗതം വഴിതിരിച്ചുവിട്ടിരുന്നു. ഇരുട്ടും കനത്ത മഴയും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. ഗ്യാസ് ടാങ്കര്‍ ലോറിയില്‍ കുടുങ്ങിയ ഡ്രൈവറെ ഫയര്‍ഫോഴ്‌സ് സംഘം ഹൈഡ്രോളിംഗ് കട്ടിംഗ് മെഷീന്‍ ഉപയോഗിച്ച് ലോറിയുടെ മുന്‍ഭാഗം തകര്‍ത്താണ് പുറത്തെടുത്തത്.
മിനി ലോറി ഡ്രൈവര്‍ക്കും പരിക്കുണ്ട്. ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റി. അപകട വിവരമറിഞ്ഞ് റൂറല്‍ എസ്പി പ്രതീഷ്കുമാര്‍, ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി.

Related posts