ജനങ്ങളോടു പ്രതിബദ്ധത കാട്ടാതെയുള്ള രാഷ്ട്രീയപ്രവര്‍ത്തനം അര്‍ഥശൂന്യം: രാജമാണിക്യം

EKM-RAJAMANIKYAMകാക്കനാട്: എറണാകുളം ജില്ലാ കളക്ടറായി കെ.മുഹമ്മദ് വൈ.സഫിറുള്ള ഇന്നു ചുമതലയേല്‍ക്കും. ഐടി മിഷന്‍ ഡയറക്ടര്‍ പദവി ഇന്നലെ ഒഴിഞ്ഞ സഫിറുള്ള രാത്രി കൊച്ചിയിലെത്തി. ഇന്ന് ഉച്ചയോടെ കളക്ടറേറ്റിലെത്തി സ്ഥാനമൊഴിയുന്ന കളക്ടര്‍ എം.ജി. രാജമാണിക്യത്തില്‍ നിന്ന് ചുമതലയേറ്റെടുക്കും.
കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എംഡിയായും എക്‌സൈസ് അഡീഷണല്‍ കമ്മിഷണറായും ഏതാനും ദിവസം കഴിഞ്ഞ് രാജമാണിക്യം ചുമതലയേല്‍ക്കും.

കളക്ടറേറ്റ് ജീവനക്കാരില്‍ ചിലര്‍ക്ക് ഔദ്യോഗിക കര്‍ത്തവ്യങ്ങള്‍ നിറവേറ്റുന്നതിനേക്കാള്‍ താത്പര്യം രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലാണെന്ന് സ്ഥാനമൊഴിയുന്ന എം.ജി. രാജമാണിക്യം പറഞ്ഞു. സാധാരണ ജനങ്ങളുടെ പരാതികള്‍ പൂര്‍ണമായി പരിഹരിക്കാന്‍ വേണ്ടത്ര സഹകരണം മുഴുവന്‍ ജീവനക്കാരുടെയും ഭാഗത്തുനിന്നു ലഭിച്ചില്ലെന്നതില്‍ വേദനയുണ്ട്. ജനങ്ങളോടു പ്രതിബദ്ധത കാട്ടാതെയുള്ള രാഷ്ട്രീയപ്രവര്‍ത്തനം അര്‍ഥശൂന്യമാണ്. ഉദ്യോഗസ്ഥര്‍ അവരുടെ കടമകള്‍ നിറവേറ്റുന്നതിലാണു പ്രഥമപരിഗണന നല്‍കേണ്ടതെന്നും മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേ കളക്ടര്‍ പറഞ്ഞു.

കളക്ടറേറ്റിനകത്തെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും നിരുത്സാഹപ്പെടുത്തിയതില്‍ ജീവനക്കാരുടെ അനിഷ്ടം പ്രകടമായിരുന്നുവെന്നു രാജമാണിക്യം സൂചിപ്പിച്ചു. രാഷ്ട്രീയം കളിക്കുന്ന ചിലരൊഴിച്ചാല്‍ നല്ലൊരു വിഭാഗം ജീവനക്കാരും ഒത്തൊരുമയോടെ സഹകരിച്ചു. അതുകൊണ്ടു ജില്ലയിലെ സാധാരണക്കാര്‍ക്കായി ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചു. രണ്ടര വര്‍ഷത്തിനുശേഷം സന്തോഷത്തോടെയാണു സ്ഥാനം ഒഴിയുന്നത്.

കുമ്പളം ടോള്‍പിരിവ് തര്‍ക്കം, പച്ചാളം മേല്പാലത്തിനായി സ്ഥലം ഏറ്റെടുക്കുന്നതില്‍ പ്രദേശവാസികളുമായി ഉണ്ടായിരുന്ന തര്‍ക്കം എന്നിവ പരിഹരിച്ചാണ് എറണാകുളത്തു തുടക്കം കുറിച്ചത്. നടപ്പാക്കേണ്ട പ്രധാന പദ്ധതികള്‍ മനസില്‍ക്കുറിച്ച് അവ പൂര്‍ത്തീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സമൂഹത്തിലെ കഷ്ടത അനുഭവിക്കുന്നവര്‍ക്കായി ചെയ്തിട്ടുള്ള കാര്യങ്ങള്‍ എറണാകുളം ജില്ലയെ എന്നും സ്മരിക്കാന്‍ കാരണമാകുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

Related posts