ബര്‍ലിന്‍: രാജ്യാന്തര സൗഹൃദ ഫുട്ബോളില്‍ ലോകചാമ്പ്യന്മാരായ ജര്‍മനിക്കെതിരേ രണ്ടു ഗോളിനു പിന്നില്‍നിന്നശേഷം ഇംഗ്ലണ്ടിനു തകര്‍പ്പന്‍ ജയം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടപോരാട്ടം ശക്തമാക്കിയിരിക്കുന്ന ടോട്ടനം ഹോട്സ്പറിന്റെയും ലീസ്റ്റര്‍ സിറ്റിയുടെയും താരങ്ങളുടെ മികവിലാണ് ഇംഗ്ലണ്ട് ബര്‍ലിനില്‍ ജയിച്ചത്. ടോണി ക്രൂസ് (43), മരിയോ ഗോമസ് (57) എന്നിവരുടെ ഗോളില്‍ ആതിഥേയര്‍ മുന്നിലെത്തി. എന്നാല്‍ ലോകചാമ്പ്യന്മാരുടെ വിജയപ്രതീക്ഷകള്‍ ഹാരി കെയ്ന്‍ (61), ജെയ്മി വാര്‍ഡി (75), എറിക് ഡയര്‍ (90+1) എന്നിവര്‍ തകര്‍ത്തു.
തുടക്കം മുതല്‍ ഇരുകൂട്ടരും പന്തടക്കത്തിലും മുന്നേറ്റത്തിലും മികച്ചുനിന്നു. 27-ാം മിനിറ്റില്‍ ജര്‍മനി മരിയോ ഗോമസിലൂടെ വലകുലുക്കി. എന്നാല്‍ ലൈന്‍ റഫറി കൊടി ഉയര്‍ത്തി ഓഫ് സൈഡ് വിധിച്ചു. പക്ഷേ, ഗോമസ് ഓഫ്സൈഡ് അല്ലായിരുന്നുവെന്ന് വ്യക്തമായിരുന്നു. ഈ സങ്കടം ആദ്യ പകുതി തീരാന്‍ രണ്ടു മിനിറ്റുള്ളപ്പോള്‍ ടോണി ക്രൂസ് തീര്‍ത്തു. മെസ്യൂട്ട് ഓസിലിന്റെ പാസില്‍നിന്നുമായിരുന്നു ഗോള്‍. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇംഗ്ലണ്ട് രണ്ടു തവണ ഗോളിനടുത്തെത്തിയെങ്കിലും വല കുലുക്കാനായില്ല. 57-ാം മിനിറ്റില്‍ ഗോമസ് ഹെഡറിലൂടെ ആദ്യ പകുതിയില്‍ നിഷേധിക്കപ്പെട്ട ഗോളിനു പകരം വീട്ടി. സമി ഖദീരയാണ് ഗോളിനുള്ള വഴിയൊരുക്കിയത്.
രണ്ടാം ഗോള്‍ വീണ് നാലു മിനിറ്റിനുള്ളില്‍ കെയ്ന്‍ ഒരു ഗോള്‍ മടക്കി. ഇതോടെ ഉണര്‍ന്നു കളിച്ച ഇംഗ്ലണ്ട് കളി തീരാന്‍ പതിനഞ്ച് മിനിറ്റു കൂടിയുള്ളപ്പോള്‍ വാര്‍ഡിയിലൂടെ സമനില പിടിച്ചു. വലതുവശത്തുനിന്നു ക്ലെയിന് നല്കിയ പാസ് വാര്‍ഡി മികച്ചൊരു ഫിനിഷിംഗിലൂടെ വലയിലാക്കി. ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ ജോര്‍ദാന്‍ ഹെന്‍ഡേഴ്സന്റെ കോര്‍ണര്‍ കിക്കിന് ഉയര്‍ന്നു ചാടിയ മധ്യനിരതാരം ഡയര്‍ ഹെഡറിലൂടെ ഇംഗ്ലണ്ടിനു വിജയം നല്കി.