തിരുവല്ല: തിരുവല്ല -ചെങ്ങന്നൂര്‍ റെയില്‍വേ 2|ാംപാത ഓണ ത്തിനു മുമ്പ് തുറക്കാനാകും. സുരക്ഷാ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു കഴിഞ്ഞാല്‍ പാത തുറക്കാന്‍ സജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചു. എറണാകുളം-കോട്ടയം -കായംകുളം റെയില്‍പ്പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി തിരുവല്ല-ചെങ്ങന്നൂര്‍ ഭാഗത്ത് ഡീസല്‍ എന്ജിന് ഇന്നലെ പരീക്ഷണ ഓട്ടം നടത്തി. ഇന്നലെ രാവിലെ 11.40ന്് തിരുവല്ലയില്‍ നിന്നു ചെങ്ങന്നൂര്‍ വരെയും തിരികെ ചെങ്ങന്നൂരില്‍ നിന്നു തിരുവല്ലയിലേക്കുമാണ് ഡീസല്‍ എന്ജിന് വിജയകരമായി ഓടിയത്. 10 കിലോമീറ്റര്‍ വേഗതയിലാണ് എന്ജിന് ഓടിയത്. ഒമ്പത് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയുടെ ഇരട്ടിപ്പിക്കല്‍ ജോലികള്‍ ഏറെക്കുറെ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
എന്ജിന് വിജയകരമായി ഓടിയതിനു പിന്നാലെ എട്ട് വാഗണുകളുമായി ചരക്ക് വണ്ടിയും ഇതേ പാതയിലൂടെ കുറെ ദൂരം ഓടി. പുതിയ പാളത്തിലേക്ക് ആവശ്യമായ മെറ്റലും കയറ്റിയാണ് ചരക്ക് തീവണ്ടി ഓടിച്ചത്. പരീക്ഷണ ഓട്ടം നടത്തിയ എന്ജിന് തന്നെയാണ് ചരക്കുവണ്ടിയും വഹിച്ചത്. ജി. മധുസൂദനനായിരുന്നു ലോക്കോ പൈലറ്റ്. ഇരട്ടപ്പാതയില്‍ പുതുതായി തീര്‍ത്ത മേല്‍പ്പാലങ്ങളിലൂടെ എന്ജിന് കടന്നുപോയപ്പോള്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. തിരുവല്ല സ്റ്റേഷന് മാനേജര്‍ പി.കെ.ഷാജി, അഡീഷണല്‍ ഡിവിഷണല്‍ എന്‍ജിനിയര്‍ എം.കെ. ശശിധരന്‍പിള്ള, സീനിയര്‍ സെക്ഷന്‍ എന്‍ജിനിയര്‍ കെ.ജി. ബാബു, ട്രാഫിക് ഇന്‍സ്പെക്ടര്‍ അനില്‍, സ്റ്റാര്ട്ടര്മാരായ ധന്യ, പ്രകാശന് എന്നിവര്‍ നേതൃത്വം നല്കി.
പാതയിലെ വൈദ്യൂതീകരണ ജോലികളും അന്തിമഘട്ടത്തിലാണ്. റെയില്‍വേ മുഖ്യ സുരക്ഷാ കമ്മീഷണല്‍ ജൂലൈ, ഓഗസ്റ്റ് മാസത്തില്‍ പാത സന്ദര്‍ശിക്കും. കമ്മീഷണറുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന മുറയ്ക്കേ പാതയില്‍ യാത്രാ വണ്ടികള്‍ ഓടിക്കാനാകും. എറണാകുളം പാതയില്‍ പിറവം റോഡ് – കുറുപ്പന്തറ സെക്ഷനിലും പാത ഇരട്ടിപ്പിക്കല്‍ അന്തിമഘട്ടത്തിലാണ്. പാതയില്‍ ഇതിനോടകം പരീക്ഷണ ഓട്ടം നടത്തിയിരുന്നു. വൈദ്യുതീകരണ ജോലികളാണ് കുറുപ്പന്തറവരെയും ബാക്കിയുള്ളത്. രണ്ടു ഭാഗങ്ങളും റെയില്‍വേ മുഖ്യസുരക്ഷ കമ്മീഷണര്‍ ഒന്നിച്ചു പരിശോധിക്കാനാണ് തീരുമാനം. ഓണത്തിനു മുമ്പായി തിരുവല്ല വരെയും കുറുപ്പന്തറ വരെയുമുള്ള ഭാഗങ്ങളിലെ ഇരട്ടപ്പാതകളിലൂടെ ഇരുഭാഗത്തുനിന്നും തീവണ്ടി ഓടിക്കാനാകും. കായംകുളം മുതല്‍ ചെങ്ങന്നൂര്‍ വരെയും എറണാകുളത്തുനിന്ന് പിറവം റോഡുവരെയും നിലവില്‍ ഇരട്ടപ്പാതയുണ്ട്. തിരുവല്ല – ചങ്ങനാശേരി പാത ഇരട്ടിപ്പിക്കല്‍ ജോലികളും നടന്നുവരികയാണ്.