തൃശൂര്‍: മുവാറ്റുപുഴയില്‍ ബസ് യാത്രയ്ക്കിടെ സീറ്റുതര്‍ക്കത്തിന്റെ പേരില്‍ മര്‍ദിച്ച സ്ത്രീക്കെതിരെ പരാതിയുമായി സ്റ്റേഷനില്‍ ചെന്നതിനു കള്ളക്കേസെടുത്ത പോലീസുദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എ.നാഗേഷ് ആവശ്യപ്പെട്ടു. ഇത്തരം നടപടികള്‍ കേരളത്തിലെ പോലീസ് സേനയ്ക്കു തന്നെ അപമാനമാണ്. യഥാര്‍ഥ പ്രതി ഡിവൈഎഫ്ഐ നേതാവാണെന്നറിഞ്ഞതോടെയാണ് പോലീസിന്റെ സ്വഭാവം മാറിയത്.
യാത്രക്കാര്‍ നിറയെ ഉണ്ടായിരുന്ന ബസില്‍ നടന്ന സംഭവത്തില്‍ പ്രതിയായ ഡിവൈഎഫ്ഐ നേതാവ് റെജീനയ്ക്കെതിരെ കേസെടുക്കണമെന്നു നാഗേഷ് ആവശ്യപ്പെട്ടു. ഇവരുടെ നിര്‍ദേശപ്രകാരം പരാതിക്കാരനെതിരെ കേസെടുത്ത പോലീസ് ഉദ്യോഗസ്ഥരെ ഇനി സര്‍വീസില്‍ തുടരാന്‍ അനുവദിക്കരുത്. സംഭവത്തിന് ഇരകളായ അനിലും ഭാര്യ സുഷമയും നാഗേഷിനൊപ്പം പത്രസമ്മേളനത്തില്‍ മര്‍ദന വിവരവും പോലീസിന്റെ അതിക്രമവും വിവരിച്ചു.
പരാതിയുമായെത്തിയ മൂന്നു കുട്ടികളടങ്ങുന്ന കുടുംബത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനിലിരുത്തി പീഡിപ്പിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷനും ബാലവകാശ കമ്മീഷനും സ്വമേധയാ കേസെടുക്കാന്‍ തയാറാകണമെന്നും ഈ വിഷയം ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും നാഗേഷ് വ്യക്തമാക്കി.
സീറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ബസിലുണ്ടായ തര്‍ക്കം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഏറ്റെടുത്തതിനെതുടര്‍ന്ന് മൂവാറ്റുപുഴയില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ദമ്പതികള്ക്കെതിരേയാണ് കേസെടുത്തത്. മണിക്കൂറുകളോളം ദമ്പതികളെ പോലീസ് സ്റ്റേഷനില്‍ ഇരുത്തുകയും ചെയ്തു.