തിരുവനന്തപുരം: ക്ഷേത്ര മൈതാനത്ത്നിന്നു വെടിക്കെട്ടു കണ്ടു കൊണ്ടിരിക്കുന്നതിനിടെ ചായ കുടിക്കാന്‍ മൈതാനത്തിന് അല്പം അകലെയുള്ള കടയിലേക്കു പോയതായിരുന്നു കൊല്ലം മരുതന്‍പള്ളി സ്വദേശി രാജന്. ചായ കുടിക്കുന്നതിനിടെ ഉഗ്രസ്ഫോടനത്തിന്റെ ശബ്ദം കേട്ടു. മൈതാനത്തുനിന്നു നിരവധി പേര് നിലവിളിച്ചുകൊണ്ട് ഓടുന്നു. എന്താണു കൃത്യമായി സംഭവിക്കുന്നതെന്നു മനസിലാക്കാന്‍ രാജനു സാധിച്ചില്ല.
ഒപ്പമുള്ള സുഹൃത്തുക്കളെ തിരക്കി രാജന് വീണ്ടും ഇരുട്ടിലൂടെ മൈതാനത്തേക്ക് ഓടി. കുറച്ചു ദൂരം എത്തിയപ്പോള്‍ അമിട്ടിന്റെ ചീളുകള്‍ തലയില്‍ തുളച്ചു കയറി. ഓടിയെത്തിയവര്‍ രാജനെ കൂടുതല്‍ ഉള്ളിലേക്കു പോകുന്നത് വിലക്കി. മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ രാജനെയും പരിക്കേറ്റവര്‍ക്കൊപ്പം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. നേരം പുലര്‍ന്നപ്പോഴും രാജന് അന്വേഷിച്ചത് ഒപ്പം എത്തിയ സുഹൃത്തുക്കളെയാണ്.
അതിനിടയില്‍ ഫോണിലൂടെ വിളിച്ച കുടുംബാംഗങ്ങളെയും കൂട്ടുകാരെയും താന്‍ സുരക്ഷിതനാണെന്ന് അറിയിക്കുകയും ചെയ്തു രാജന്. വര്‍ഷങ്ങളായി പുറ്റിംഗല്‍ ക്ഷേത്രത്തിലെ ഉത്സവത്തിനു പോകുന്നയാളാണു രാജന്. ചങ്ങാതിമാര്‍ക്കൊപ്പം ഉത്സവത്തിനു പോകുന്ന രാജന് മത്സരക്കമ്പം ഉള്‍പ്പെടെ എല്ലാം കണ്ട ശേഷമാണ് ഉത്സവപ്പറമ്പു വിട്ടു വരിക. ഇത്തവണയും ആറിലേറെ കൂട്ടുകാരുമായി രാജന് കമ്പം കാണാന്‍ എത്തുകയായിരുന്നു.