തൊടുപുഴ: സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പ്പന നടത്താനായി സൂക്ഷിച്ചിരുന്ന വന്‍ ഹാന്‍സ് ശേഖരം പോലീസ് പിടിച്ചെടുത്തു. 1070 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റുചെയ്തു.
ഇന്നലെ രാത്രിയാണ് ഹാന്‍സ് വേട്ട നടന്നത്. മാര്‍ത്തോമ പൊന്നാമാക്കല്‍ ബഷീര്‍ (48) ആണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്. മാര്‍ത്തോമ ഭാഗത്തുള്ള ബഷീറിന്റെ കടയില്‍നിന്നാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. പോലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എസ്.ഐ ജോബിന്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരായ അശോകന്‍, ഉവൈസ്, ഷാനവാസ്, അരുണ്‍, ഉണ്ണി, ഷംസ്, സിന്ദു, രാജേഷ് എന്നിവരാണ് പരിശോധന നടത്തിയത്.