കണ്ണൂര്‍: അഴീക്കല്‍ ലൈറ്റ് ഹൗസിനു സമീപം കുറ്റിക്കാട്ടില്‍ രണ്ടു ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അതേസമയം രണ്ടുമാസത്തിനകം കുഞ്ഞുമായുള്ള ബന്ധം സ്ഥാപിക്കുന്ന രീതിയില്‍ രക്ഷിതാക്കളെയോ മറ്റു ബന്ധുക്കളെയോ കണ്ടെത്തിയില്ലെങ്കില്‍ കുഞ്ഞിനെ ദത്തുനല്‍കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ അധികൃതര്‍ അറിയിച്ചു.
കുഞ്ഞിന്റെ മാതാവിനെ കണ്ടെത്തുന്നതിനായി പോലീസ് ജില്ലയിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വിവിധ ആശുപത്രികളില്‍നിന്നായി കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ പ്രസവം നടന്നവരുടെ പേരുവിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്. ഇവരുടെ വീടുകളിലെത്തി അമ്മമാര്‍ക്കൊപ്പം നവജാതശിശുവുമുണ്ടോ എന്നു പരിശോധിക്കും. നാടോടി സ്ത്രീ പ്രസവിച്ച് ഉപേക്ഷിച്ച കുഞ്ഞാണോ ഇതെന്ന സംശയവും ഉയരുന്നുണ്ട്.
ഈ സാഹചര്യത്തില്‍ നാടോടികളെയും പോലീസ് നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം ആറോടെയാണു കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ജില്ലാ ആശുപത്രിയിലെ ന്യൂ ബോണ്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച കുഞ്ഞ് നഴ്സുമാരുടെയും മറ്റും പരിചരണത്തില്‍ സുഖമായിരിക്കുന്നു.