നവജാത ശിശുവില്‍പന: പയ്യന്നൂരില്‍ അഞ്ചാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തു

l-baby-2പയ്യന്നൂര്‍: നവജാതശിശു വില്‍പന സംബന്ധിച്ച്  അഞ്ചാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തു. ചെറുവത്തൂരിലെ ദമ്പതികള്‍ക്ക് കുട്ടിയെ കൈമാറ്റം ചെയ്തതിനു ചന്തേര പോലസെടുത്തിരുന്ന കേസ് പയ്യന്നൂരിലേക്ക് മാറ്റിയിരുന്നു. ഇതേ തുടര്‍ന്നാണ് പയ്യന്നൂര്‍ പോലീസ് അഞ്ചാമത്തെ കേസായി ഇത് രജിസ്റ്റര്‍ ചെയ്തത്. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഈയിടെ നടന്ന നവജാത ശിശു കൈമാറ്റവുമായി ബന്ധപ്പെട്ടു ചന്തേര പോലീസ് ആദ്യം രജിസ്റ്റര്‍ ചെയ്ത കേസാണിത്. ആശുപത്രിയില്‍ പ്രസവം നടന്നതായി രേഖയുണ്ടാക്കി ചെറുവത്തൂര്‍ കണ്ണങ്കൈയില്‍ താമസിക്കുന്ന താമസിക്കുന്ന ദമ്പതികള്‍ക്കു കുട്ടിയെ കൈമാറ്റം ചെയ്‌തെന്നാണ് കേസ്.

മക്കളില്ലാതിരുന്ന ദമ്പതികളുടെ കൈയില്‍ കുട്ടിയെ കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാരാണ് വിവരം പോലീസിലറിയിച്ചത്. കാസര്‍ഗോഡ് എസ്പിയുടെ നിര്‍ദ്ദേശ പ്രകാരം നീലേശ്വരം സിഐ വി.ഉണ്ണികൃഷ്ണനും വനിതാ സെല്‍ എസ്‌ഐ നിര്‍മലയും സംഘവുമാണ് ഈ കേസ് അന്വേഷിച്ചു വന്നിരുന്നത്. ദമ്പതികളിലെ സ്ത്രീയെ വൈദ്യപരിശോധനക്കു വിധേയയാക്കിയപ്പോള്‍ ഇവര്‍ പ്രസവിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടെങ്കിലും ആശുപത്രിയില്‍ ഇവര്‍ പ്രസവിച്ചതായുള്ള രേഖകളാണ് ആരോപണ വിധേയനായ ഡോക്ടര്‍ പോലീസിന് നല്‍കിയത്.

പ്രസവിച്ചിട്ടാത്ത സ്ത്രീയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റേയും ആശുപത്രിയില്‍ പ്രസവിച്ചതിന്റേയും രേഖകള്‍ വ്യാജമായി നിര്‍മിച്ചുവെന്നാണ് പോലീസ് നിഗമനം.  സംഭവം നടന്ന സ്ഥലം പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ കാസര്‍ഗോഡ് എസ്പിയുടെ നിര്‍ദേശ പ്രകാരം ഈ കേസ് പയ്യന്നൂരിലേക്ക് മാറ്റുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പയ്യന്നൂരിലെ ഡോക്ടര്‍, കണ്ണങ്കൈയിലെ ദമ്പതികള്‍ എന്നിവര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് പുതിയ കേസെടുത്തത്. നവജാതശിശുവില്പന സംബന്ധിച്ചു പയ്യന്നൂര്‍ പോലീസ് മുമ്പ് നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

Related posts