ബെന്നി ചിറയില്‍
ചങ്ങനാശേരി: സര്‍ക്കാരിന്റെ നല്ല കാര്യങ്ങളെ അനുകൂലിക്കുകയും തെറ്റായ നയങ്ങളെ എതിര്‍ക്കുകയും ചെയ്യുന്ന സമീപനംതന്നെ തുടരുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. പെരുന്നയില്‍ നടന്ന എന്‍എസ്എസ് ബജറ്റ് അവതരണ പ്രസംഗത്തിലാണ് ജനറല്‍ സെക്രട്ടറി ഇക്കാര്യം പ്രതിപാദിച്ചത്. ഗവണ്‍മെന്റുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരേ പ്രതികരിക്കാന്‍ ജനങ്ങള്‍ക്കുള്ള അവകാശം മത സാമുദായിക സംഘടനകള്‍ക്കുമുണ്ട്.
ഇത് എന്‍എസ്എസ് കൃത്യമായി നിര്‍വഹിച്ചുപോരുകയാണ്. സമുദായനീതിക്കും സാമൂഹ്യനീതിക്കും വേണ്ടിയുള്ള നിലപാടുകള്‍ എന്‍എസ്എസ് എന്നും തുടരുമെന്നും ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. മതേതരത്വം സംരക്ഷിച്ചുകൊണ്ടുള്ള ഒരു ജനാധിപത്യ ഭരണമാണ് ജനങ്ങള്‍ ഇനിയും സര്‍ക്കാരില്‍നിന്നും പ്രതീക്ഷിക്കുന്നത്. അഴിമതിരഹിതവും അക്രമരഹിതവും എല്ലാ വിഭാഗങ്ങള്‍ക്കും തുല്യനീതി ലഭിക്കുന്നതുമായ ഒരു ഭരണം കാഴ്ചവയ്ക്കാന്‍ ഈ സര്‍ക്കാരിനു കഴിയണം. അതോടൊപ്പം ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ പ്രതിപക്ഷത്തിനു കഴിയണമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
98.15 കോടി രൂപ വരവും അത്രയുംതന്നെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ജനറല്‍ സെക്രട്ടറി അവതരിപ്പിച്ചത്. സമ്മേളനത്തില്‍ പ്രസിഡന്റ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷതവഹിച്ചു. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പിരിച്ചുവിട്ട് നിയമനങ്ങള്‍ പിഎസ്‌സിക്കു വിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും നിലവിലുള്ള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിലനിര്‍ത്തണമെന്നും പെരുന്നയില്‍ ബജറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ശബരിമല ക്ഷേത്രത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് നിലവിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ സംരക്ഷിക്കണമെന്നും മറ്റൊരു പ്രമേയത്തില്‍ എന്‍എസ്എസ് ആവശ്യപ്പെട്ടു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്‍.വി. അയ്യപ്പന്‍പിള്ള എന്നിവരാണ് പ്രമേയങ്ങള്‍ അവതരിപ്പിച്ചത്. സമ്മേളനം ഉച്ചയോടെ സമാപിക്കും.