നെയ്യാര്‍ഡാമിലെ ഷട്ടറുകള്‍ നന്നാക്കുന്നു

TVM-DAMകാട്ടാക്കട:  അവസാനം അധികൃതര്‍ കനിഞ്ഞു. നെയ്യാര്‍ഡാമിലെ ഷട്ടറുകള്‍ നന്നാക്കാന്‍ തീവ്രയത്‌ന പരിപാടികള്‍ ആരംഭിച്ചു. വരുന്ന കാലവര്‍ഷത്തിനു മുന്‍പ് അറ്റകുറ്റപണികള്‍ തീര്‍ത്ത് ഡാമിനെ അപകടരഹിതമാക്കാനാണ് ജലസേചനവകുപ്പിന്റെ പദ്ധതി. ഇതോടെ ഷട്ടറുകളുടെ ബലക്കുറവിനെ കുറിച്ച് ആശങ്കപ്പെട്ടിരുന്നവര്‍ക്ക് ആശ്വാസവുമായി. ഒരു വര്‍ഷം മുന്‍പ്  നെയ്യാര്‍ അണക്കെട്ടിലെ ഷട്ടറുകളില്‍ ഒന്ന് പണി മുടക്കിയത്  മണിക്കൂറുകളോളം നിവാസികളെ ഭീതിയിലാക്കിയിരുന്നു. ഒടുവില്‍ താഴ്ത്തിയ  ഷട്ടര്‍ ഒരു വിധത്തിലാണ്  ഉയര്‍ത്തിയത്. ഷട്ടറുകളുടെ പോരായ്മാണ് കാരണമെന്ന് കണ്ടെത്തുകയും അത് പരിഹരിക്കാന്‍ തീവ്രശ്രമം തുടങ്ങിയതുമാണ്.

എന്നാല്‍ ഡാമിലെ പണികള്‍ നടത്തുന്നതിനായി തെന്‍മലയിലെ ഇറിഗേഷന്‍ വിഭാഗത്തിന്റെ അനുമതിയും ഇവിടുത്തെ ഉദ്യോഗസ്ഥരുടെ സാന്നിധ്യവും വേണം. എന്നാല്‍ പണം അനുവദിച്ച് മാസങ്ങള്‍ ആയിട്ടും അവര്‍ എത്തിയില്ല. അതാണ് ഇപ്പോള്‍ പരിഹ്യതമായിരിക്കുന്നത്. അന്ന്  അണക്കെട്ടില്‍ കനത്ത ജലപ്രവാഹമാണ് ഉണ്ടായിരുന്നത്. അതിനാല്‍ അണക്കെട്ടിന്റെ നാല് ഷട്ടറുകളും എട്ടിഞ്ച് ഉയര്‍ത്തിയാണ് വെള്ളം തുറന്നു വിട്ടത്. ഡാമില്‍ പരമാവധി ജലനിരപ്പായ 84.750 മീറ്റര്‍ ആയതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ കുടുതലായി ഉയര്‍ത്തിയത്.  ഇതിനായി ജീവനക്കാര്‍ ഷട്ടറുകള്‍ താഴ്ത്താനായി എത്തിയപ്പോഴാണ് രണ്ടാമത്തെ ഷട്ടര്‍ പണിമുടക്കിയത്.

ഈ ഷട്ടര്‍ പൂര്‍ണ്ണമായും താഴ്ന്നു. താഴ്ന്ന ഷട്ടറിനെ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മണിക്കൂറുകള്‍ കഴിഞ്ഞാണ് ഭഗീരഥപ്രയത്‌നം നടത്തി ഷട്ടര്‍ ഉയര്‍ത്തിയത്.  ഷട്ടര്‍ ഉയര്‍ത്താന്‍ കഴിയാത്ത സംഭവം പുറത്തുവന്നതോടെ നിവാസികള്‍ ഭീതിയിലായി. ഡാമിലെ ഷട്ടറുകള്‍ കാലപഴക്കം കാരണം നാശത്തിന്റെ വക്കിലായി നില്‍ക്കുന്നു എന്ന പരാതി വന്ന സാഹചര്യത്തിലാണ്  ഷട്ടര്‍ പണിമുടക്കിയത്. രണ്ടു ദിവസം മുന്‍പ് ഈ ഷട്ടര്‍ ഉയര്‍ത്താനും കഴിഞ്ഞിരുന്നില്ല. അന്നും മണിക്കൂറുകള്‍ കഴിഞ്ഞാണ് ഷട്ടര്‍ പൊക്കിയത്.

ഇതിനിടെ ഡാമിന്റെ സുരക്ഷ നോക്കാന്‍ അടുത്തിടെ എത്തിയ ഡാം സേഫ്ടി അധിക്യതര്‍ നെയ്യാര്‍ അണക്കെട്ടിന് ചോര്‍ച്ച ഉണ്ടാകാമെന്ന് കണ്ടെത്തിയിരുന്നു.   ഈ നിഗമനത്തിന്റെ പശ്ചാത്തലത്തിലാണ് ചോര്‍ച്ച പരിഹരിക്കാനും ഷട്ടറുകള്‍ നവീകരിക്കാനും പണികള്‍ തുടങ്ങാന്‍ 12 കോടി അനുവദിച്ചത്. തെന്‍മല, പീച്ചി ഡിവിഷനുകളിലെ മെക്കാനിക്കല്‍ വിഭാഗമാണ് അറ്റകുറ്റപണികള്‍ നടത്തുന്നത്.

ഡാമിലെ ഷട്ടറുകള്‍ മിക്കതും നാശത്തിന്റെ വക്കിലാണെന്ന് കണ്ടെത്തി. കാലാകാലങ്ങളില്‍ അറ്റകുറ്റപണികള്‍ നടത്താതിനാല്‍ തുരുമ്പ് ആക്രമിച്ചു. ഷട്ടറുകളെ ഉയര്‍ത്താനും താഴ്ത്താനും സഹായിക്കുന്ന ഇരുമ്പ് വടങ്ങളും ചങ്ങലയും തകര്‍ച്ചയുടെ അവസാന വക്കിലാണെന്നും മെക്കാനിക്കല്‍ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.  ഇവ മാറ്റുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്. മേയില്‍ പണി തീര്‍ക്കാനാണ് ശ്രമം.

Related posts