കൊല്ലം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഫയര്‍വര്‍ക്സ് ലൈസന്‍സീസ് ആന്റ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍നാളെ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തും.രാവിലെ പത്തിന് സംസ്ഥാന പ്രസിഡന്റ് ജി.സുബോധന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ ധര്‍ണയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിക്കും.പുലിയൂര് ജി.ജയപ്രകാശ്, ആര്.ചന്ദ്രശേഖരന്, കെ.ഒ.ഹബീബ്, കെ.പി.ശങ്കരദാസ്, കെ.കെ.വിജയന്, വി.ആര്.പ്രതാപന് തുടങ്ങിയവര്‍ പ്രസംഗിക്കും.
പടക്കനിര്‍മാണവും വില്‍പ്പനയും തൊഴിലും സംരക്ഷിക്കുക, കളക്ടര്‍മാരില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ മാറ്റാനുള്ള എക്സ്പ്ലോസീവ് കമ്മീഷന്റെ നിര്‍ദേശം പിന്‍വലിക്കുക, അനധികൃത ടാക്സ് നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ടുള്ള അനധികൃത നിരോധനം കാരണം 3000 ലൈസന്‍സികളും മൂന്നുലക്ഷത്തോളം തൊഴിലാളികളും ഇന്ന് വഴിയാധാരമായിരിക്കയാണ്.പുറ്റിംഗല്‍ ദുരന്തത്തിന്റെ യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം. എന്നാല്‍ കുറ്റക്കാര്‍ ആരെന്ന് കണ്ടെത്താന്‍ ഇപ്പോഴത്തെ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ഈ വിഷയത്തില്‍ കോടതിയെ സമീപിക്കാനും സംഘടന ആലോചിക്കുന്നതായും ഭാരവാഹികള്‍ വ്യക്തമാക്കി.