തൃശൂര്‍: നിസാര കാരണം ചൂണ്ടിക്കാട്ടി പട്ടാളം റോഡിലെ കുപ്പിക്കഴുത്ത് ഒഴിവാക്കാനുള്ള നടപടി വൈകുന്നു. കോര്‍പറേഷന്റെ ഭാഗത്തു നിന്നുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കി കഴിഞ്ഞിട്ടും കേന്ദ്ര സര്‍ക്കാരിന്റ ഭാഗത്തുനിന്നുള്ള മറുപടി വൈകുന്നതാണ് നഗരത്തിലെ പ്രധാന വികസന പദ്ധതികളിലൊന്നാകുന്ന മുനിസിപ്പല്‍ റോഡില്‍ നിന്ന് ശക്തന്സ്റ്റാന്ഡിലേക്ക് ഇറങ്ങുന്ന കുപ്പികഴുത്ത് പൊട്ടിക്കല്‍ വൈകുന്നത്. പോസ്റ്റോഫീസ് മാറ്റുമ്പോള്‍ ആധാരം ചെയ്യേണ്ടത് ആരുടെ പേരിലാണെന്ന തര്‍ക്കമാണ് ഇപ്പോള്‍ ഫയല്‍ മാസങ്ങളോളം വൈകാാന് കാരണമത്രേ. ഈ വിഷയം പരിഹരിക്കുന്നതിനായി സോളിസിറ്റര്‍ ജനറലിന്റെ കൈയിലാണ് ഇപ്പോള്‍ ഫയല്‍. ഇവിടെ നിന്ന് നിര്‍ദ്ദേശം കിട്ടിയാല്‍ മാത്രമേ പട്ടാളം റോഡ് കുപ്പിക്കഴുത്ത് പൊട്ടിക്കാനാകൂ.
മുന്‍ മേയര്‍ രാജന് പല്ലന്റെ കാലത്താണ് കുപ്പിക്കഴുത്ത് പൊട്ടിക്കാനുള്ള എല്ലാ നടപടികളും ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കടകള്‍ ഒഴിപ്പിക്കുകയും ബിഎസ്്എന്എല് ഓഫീസ് മാറ്റുകയുമൊക്കെ ചെയ്തിരുന്നു. അവിടെയുള്ള ക്ഷേത്രം മാറ്റുന്നതിനും ചര്‍ച്ച നടത്തി ധാരണയിലെത്തിയിരുന്നു. എന്നാല്‍ പോസ്റ്റോഫീസ് മാറ്റമാണ് ഇനിയും കുരുക്കായി നില്‍ക്കുന്നത്. നിസാര കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ പോലും മാസങ്ങളാണ് എടുക്കുന്നത്. പോസ്റ്റ്മാസ്റ്റര്‍ ജനറലുമായി പോസ്റ്റോഫീസ് മാറ്റത്തിന് ധാരണയിലെത്തിയിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആദ്യം ലഭിച്ചിരുന്നില്ല. ഇതു നേടിയെടുക്കാനാണ് മുന്‍ മേയര്‍ രാജന് പല്ലന്റെ നേതൃത്വത്തില്‍ കോര്പറേഷന് കൗണ്‍സിലര്‍മാരും സെക്രട്ടറിയുമുള്‍പ്പെടെയുള്ള സംഘം ഡല്‍ഹിക്ക് പോയത്.
കേന്ദ്രമന്ത്രിയെയും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും കണ്ട് തടസങ്ങള്‍ നീക്കുകയും ചെയ്തു. എന്നാല്‍ നടപടി ക്രമങ്ങള്‍ക്ക് കാലതാമസം വരികയും ഫയല്‍ നിരീക്ഷിക്കാന്‍ ആരുമില്ലാതാകുകയും ചെയ്തതോടെ വീണ്ടും പട്ടാളം റോഡ് വികസനം നീളുകയാണ്. എന്നാല്‍ പട്ടാളം റോഡ് വികസനം വേഗത്തിലാക്കാനുള്ള എല്ലാ നടപടികളും ചെയ്യുന്നുണ്ടെന്ന് ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി പറഞ്ഞു. ആധാരം ആരുടെ പേരിലെഴുതണമെന്ന തര്‍ക്കം പരിഹരിക്കാന്‍ സോളിസിറ്റര്‍ ജനറലിന്റെ തീരുമാനത്തിന് കാത്തിരിക്കയാണിപ്പോള്‍. പക്ഷേ ഈ ഫയല്‍ വിട്ടിട്ട് നാളുകളായെങ്കിലും ഇതുവരെ മറുപടി ലഭിച്ചില്ലെന്നു മാത്രം.
പട്ടാളം റോഡിലെ കുപ്പിക്കഴുത്ത് മാറുന്നതോടെ ഈ ഭാഗത്തുള്ള ഗതാഗത കുരുക്കിനും കുറവുണ്ടാകും. ഇപ്പോള്‍ മുനിസിപ്പല്‍ റോഡില്‍ നിന്ന് വാഹനങ്ങള്‍ ഇറങ്ങുമ്പോള്‍ ബസുകളും മറ്റു വാഹനങ്ങളും ഇവിടെ കുടുങ്ങുന്നത് പതിവാണ്. ഇതിനാല്‍ മിക്കപ്പോഴും പോസ്റ്റോഫീസ് റോഡിലേക്കും ഇതിന്റെ കുരുക്കുണ്ടാകാറുണ്ട്. െആധാരം ചെയ്യേണ്ടതു സംബന്ധിച്ച് തീരുമാനം വൈകിയാലും പോസ്റ്റോഫീസ് താല്‍ക്കാലിക കെട്ടിടത്തിലേക്ക് മാറ്റി കെട്ടിടം പൊളിച്ചു മാറ്റി ഗതാഗത സൗകര്യം വര്‍ധിപ്പിക്കുന്നതിന് കോര്പറേഷന് മുന്‍കൈയെടുക്കണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്. പക്ഷേ പോസ്റ്റോഫീസ് ഒന്നു മാറ്റികിട്ടാതെ കെട്ടിടം പൊളിക്കാനാകില്ലല്ലോയെന്നാണ് കോര്പറേഷന് ഭരണാധികാരികളും പറയുന്നത്. എന്തായാലും അടുത്ത ദിവസങ്ങളില്‍ തന്നെ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോര്പറേഷന് അധികാരികള്‍.