ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികൾക്കു പഴകിയ ഭക്ഷണം നൽകുന്നുവെന്ന് ആരോപണം. കോവിഡ് ബാധിതർക്ക് പോഷകമൂല്യമുള്ള ഭക്ഷണം നല്കണമെന്നു വ്യവസ്ഥയും ഫണ്ടും സർക്കാർ നല്കിയിട്ടുണ്ടെങ്കിലും നല്ല ഭക്ഷണം യഥാസമയം നൽകുന്നില്ലെന്ന പരാതികൾ വീണ്ടും ഉയരുകയാണ്.
കോവിഡ് രോഗബാധയുടെ ആദ്യനാളുകളിൽ നല്ല രീതിയിലുള്ള ഭക്ഷണം രോഗികൾക്ക് ക്രമമനുസരിച്ച് നല്കുകയും ചെയ്തിരുന്നു. പിന്നീട് രോഗബാധിതരുടെ എണ്ണം വർധിച്ചതോടെ ഇതെല്ലാം പാളുകയായിരുന്നു.
രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും കുടിവെള്ളംപോലും ലഭിക്കാത്ത അവസ്ഥയായി. രണ്ടു കഷണം ബ്രഡിൽ വിശപ്പടക്കേണ്ടി വരുന്നവരും ഇക്കൂട്ടത്തിലുണ്ട്. അതിന്റെ പേരിൽ നിരവധി ആക്ഷേപവും ഉണ്ടായി.
പിന്നീട് രാവിലെ നല്കിയ ഭക്ഷണം വിളന്പിയപ്പോൾ ഇഡലി തികയാതെ വന്നതിനെ തുടർന്നു വിളന്പിയ പാത്രത്തിൽനിന്നു തിരിച്ചെടുത്ത സംഭവവും ഉണ്ടായി.
ഭക്ഷണം നൽകുന്ന കാര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധിക്കുന്നില്ലെന്നാണ് ആരോപണം. ഇപ്പോഴും രോഗികൾക്കു നല്കുന്നത് പഴകിയആഹാരം തന്നെ.
പ്രത്യേകിച്ച് വൈകുന്നേരം നല്കുന്ന ഭക്ഷണം.ഉച്ചയ്ക്കു നല്കുന്ന ചോറും കറികളും തന്നെ പൊതികളാക്കി രാത്രിയിലും നല്കുന്നുവെന്നും ഇത് ഒരു വിധത്തിലും കഴിക്കാനാകുന്നില്ലെന്നുമാണ് രോഗികളും ബന്ധുക്കളും പറയുന്നത്. രോഗികൾക്കുള്ള ഭക്ഷണം ആരാണ് എത്തിക്കുന്നതെന്ന് അധികൃതർ പറയുന്ന സ്ഥാപനം ഇപ്പോൾ പ്രവർത്തിക്കുന്നില്ല.
പിന്നെ ഇവിടെനിന്നാണ് ഭക്ഷണം എത്തിക്കുന്നതെന്നു പറയുവാൻ അധികൃതർ തയാറാകുന്നുമില്ല. ഭക്ഷണം സമയത്ത് ലഭിക്കുന്നില്ലെന്ന പരാതിയും രോഗികൾക്കുണ്ട്.