പഴശി പടിഞ്ഞാറെ കോവിലകം പുനരുദ്ധരിക്കുന്നു

knr-kovilakomമട്ടന്നൂര്‍: കേരളവര്‍മ പഴശിരാജയുടെ പിന്മുറക്കാര്‍ താമസിച്ചിരുന്ന പഴശി പടിഞ്ഞാറെ കോവിലകം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനു മുന്നോടിയായി നാട്ടുകാരുടെ നേതൃത്വത്തില്‍ പുനരുദ്ധരിക്കുന്നു. ഈ പ്രവൃത്തിയുടെ ഉദ്ഘാടനം 27 ന് രാവിലെ ഒന്‍പതിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കും. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കോവിലകം സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.

ഇതിനിടെ അവകാശികള്‍ കോവിലകം പൊളിച്ചു വില്‍ക്കാന്‍ ഒരുങ്ങിയതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. കോവിലകം സംരക്ഷിക്കുന്നതിന്റെ ഭാഗമായി വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് നാട്ടുകാര്‍ യോഗം ചേരുകയും കമ്മിറ്റി രൂപീകരിക്കുകയുമായിരുന്നു.  നഗരസഭ ചെയര്‍മാന്‍ കെ.—ഭാസ്കരന്‍ ചെയര്‍മാനും പി.—സുരേഷ് ബാബു കണ്‍വീനറുമായ കമ്മിറ്റിയംഗങ്ങള്‍ കോവിലകം ഏറ്റെടുത്ത് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയിരുന്നു.

കോവിലകം ഏറ്റെടുക്കാനുള്ള നടപടികള്‍ നടക്കുന്നതിനിടെയാണ് ശോച്യാവസ്ഥയിലായ കോവിലകവും സമീപത്തെ കുളവും പുനരുദ്ധരിക്കുന്നതിനുളള പ്രവര്‍ത്തനം ആരംഭിച്ചത്. 100 വര്‍ഷം മുമ്പ് നിര്‍മിച്ച ഇരുനില കോവിലകമാണ് നവീകരിക്കുന്നത്. നാല് ഏക്കറോളം സ്ഥലത്ത് സ്ഥിതിചെയ്യുന്ന കോവിലകത്തെ വീട്ടുപകരണങ്ങളും മറ്റും നേരത്തെ വില്പന നടത്തിയിരുന്നു. പഴശിയുടെ രക്തസാക്ഷിത്വത്തോടെ നശിപ്പിക്കപ്പെട്ട കോവിലകത്തുനിന്ന് ശേഷക്കാര്‍ അഭയം പ്രാപിച്ച പഴശി ശിവവിഷ്ണു ക്ഷേത്രത്തിനു സമീപത്തായിട്ടാണ് പഴശി കോവിലകം നിര്‍മിച്ചിരിക്കുന്നത്. കോവിലകത്തിന്റെ അവകാശികള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസമായതിനാല്‍ കോവിലകം അടച്ചിട്ടിരിക്കുകയാണ്.

Related posts