കണ്ണൂര്‍: നഗരത്തിലെ ചില ഷോപ്പിംഗ് കോംപ്ലക്സുകളിലെ പാര്‍ക്കിംഗ് ഏരിയകള്‍ കൊതുക് വളര്‍ത്തുകേന്ദ്രമായി മാറുന്നു. മഴയില്‍ ഒലിച്ചെത്തുന്ന വെള്ളം വാര്ന്നുപോകാന് സംവിധാനമില്ലാത്തതാണ് കാരണം. കെട്ടിടം നിര്‍മിക്കുമ്പോള്‍ പാര്‍ക്കിംഗ് ഏരിയയും സുഗമമായ അഴുക്കുചാല്‍ സംവിധാനവും ഒരുക്കണമെന്നാണ് ചട്ടമെങ്കിലും പലയിടത്തും പാലിക്കപ്പെടുന്നില്ല. രാജീവ്ഗാന്ധി റോഡിലുള്ള ഷോപ്പിംഗ് കോംപ്ലക്സിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വെള്ളംകെട്ടിക്കിടക്കുകയാണ്.
ഇവിടെയുള്ള വ്യാപാരികള്‍ കെട്ടിട ഉടമയോട് ഇക്കാര്യം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൊതുകുകള്‍ മുട്ടയിട്ട് കൂത്താടികള്‍ പുളയ്ക്കുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കൊതുക് നശീകരണവും പകര്‍ച്ചവ്യാധി പ്രതിരോധ നടപടികള്‍ നടത്തിവരുമ്പോഴുമാണ് നഗരമധ്യത്തില്‍ ഇത്തരമൊരു കൊതുക് വളര്‍ത്തുകേന്ദ്രം നിലനില്‍ക്കുന്നത്. കെട്ടിട ഉടമ പ്രശ്നപരിഹാരത്തിന് നടപടികള്‍ സ്വീകരിക്കാത്ത പക്ഷം കോര്പറേഷന് ഇടപടണമെന്ന ആവശ്യം ശക്തമാണ്.