തലശേരി: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിണറായി ഓലയമ്പലത്തെ കൊല്ലനാണ്ടി വീട്ടില്‍ രമിത്തിനെ കൊലപ്പെടുത്തിയ കേസില്‍ തിരിച്ചറിഞ്ഞ പ്രതികള്‍ക്കായി പോലീസ് വ്യാപകമായ റെയ്ഡ് നടത്തി. തിങ്കളാഴ്ച രാത്രിയിലും ഇന്നു പുലര്‍ച്ചയുമായിട്ടാണ് ധര്‍മടം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വിവിധ ഭാഗങ്ങളില്‍ ടൗണ്‍ സിഐ പ്രദീപന്‍ കണ്ണിപ്പൊയില്‍, ധര്‍മടം പ്രിന്‍സിപ്പല്‍ എസ്‌ഐ ടി.എന്‍.സന്തോഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വ്യാപകമായ റെയ്ഡ് നടത്തിയത്.
പ്രതികള്‍ക്കായിട്ടുള്ള റെയ്ഡിനിടയില്‍ തിങ്കളാഴ്ച രാത്രിയില്‍ ആറ് ഉഗ്രശേഷിയുള്ള സ്റ്റീല്‍ ബോംബുകള്‍ പോലീസ് കണ്ടെടുത്തിരുന്നു. ബ്രണ്ണന്‍ കോളജിനു സമീപത്തെ ഗ്രൗണ്ടിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്. അടുത്ത ദിവസങ്ങളില്‍ നിര്‍മിച്ചതാണ് ബോംബെന്നാണെന്നാണ് പോലീസ് നിഗമനം. ധര്‍മടം പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിട്ടുള്ള ബോംബുകള്‍ ബോംബ് സ്ക്വാഡെത്തിയശേഷം ഇന്നു നിര്‍വീര്യമാക്കും.
രമിത്തിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒമ്പത് പ്രതികളുള്ളതായി പോലീസ് വ്യക്തമാക്കി. ആറംഗം സംഘമാണ് കൊല നടത്തിയത്. രമിത്തിന്റെ നീക്കങ്ങള്‍ കൊലയാളി സംഘത്തിന് മൊബൈല്‍ ഫോണ്‍ വഴി കൈമാറിയ വ്യക്തി ഉള്‍പ്പെടെ മൂന്ന് പേര്‍ കൂടിയാണ് പ്രതി സ്ഥാനത്ത് എത്തിയിട്ടുള്ളത്. പ്രതികള്‍ ഒമ്പത് പേരും ഉടന്‍ പിടിയിലാകുമെന്ന് പോലീസ് വ്യക്തമാക്കി. കണ്ണൂര്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പി ടി.പി. രഞ്ജിത്ത്, കണ്ണൂര്‍ ടൗണ്‍ സിഐ വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് കേസന്വേഷണം നടത്തുന്നത്. പ്രതികളെ പിടികൂടുന്നതിന് തടസം നേരിടുമെന്നതിനാലാണ് പ്രതികളുടെ പേരു വിവരങ്ങള്‍ പുറത്തുവിടാത്തതെന്നും കൊലപാതകികളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ ്വ്യക്തമാക്കി.
കൊലപാതകം നടന്ന സ്ഥലത്തിന്റെ തൊട്ടടുത്തുള്ള സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ഒപ്പം ചില രഹസ്യ ഫോണ്‍ കോളുകളില്‍ നിന്നുമാണ് പോലീസിന് കൊലയാളികളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി പാതിരിയാട്ടെ മോഹനന്‍ കൊല്ലപ്പെട്ടതിനുള്ള പ്രതികാരം തീര്‍ക്കുന്നതിനായി പ്രാദേശികമായി ഒരു സംഘം നടത്തിയ ഗൂഢാലോചനയാണ് കൊലയ്ക്കു പിന്നിലുള്ളതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.കഴിഞ്ഞ 12ന് രാവിലെ 10.20 ഓടെയാണ് പിണറായി പെട്രോള്‍ പമ്പിനു സമീപത്തെ റോഡരികില്‍ രമിത്ത് വെട്ടേറ്റ് മരിച്ചത്.