നെയ്യാറ്റിന്‍കര: പുതിയ അധ്യയനവര്‍ഷത്തിലും പൂങ്കോട് ഗവ. എസ്.വി എല്‍.പി സ്കൂളിന് നിരത്താന്‍ പരിമിതികളുടെ പാഠങ്ങള്‍. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പേ ആരംഭിച്ചതാണ് നെയ്യാറ്റിന്‍കര വിദ്യാഭ്യാസജില്ലയിലെ പൂങ്കോട് ഗവ. എസ്.വി എല്‍.പി. സ്കൂള്‍. അമ്പതു സെന്റ് വസ്തുവില്‍ 1921 -ല്‍ പ്രയാണത്തിന് ഹരിശ്രീ കുറിച്ച ഈ വിദ്യാലയത്തിന് ഇന്നും ഒട്ടനേകം ആവശ്യങ്ങള്‍ ബാക്കി. അക്കൂട്ടത്തില്‍ ഏറെ പ്രധാനമാണ് ചുറ്റുമതില്‍. മധ്യവേനലവധി കാലത്ത് സാമൂഹ്യവിരുദ്ധരുടെ സങ്കേതമായിരുന്നു ഈ വിദ്യാലയമെന്നത് നാട്ടില്‍ പാട്ടാണ്.
ക്ലാസ്മുറികളിലും പരിസരത്തും ഇരുന്ന് മദ്യപിച്ചതിന്റെ ലക്ഷണങ്ങള്‍ അടുത്ത ദിവസവും അവിടെ കാണാനാകും. ടോയ്ലറ്റിന്റെ താഴ് പൊട്ടിക്കുന്നതും ഇക്കൂട്ടരുടെ പതിവ് വിനോദങ്ങളില്‍പ്പെടുന്നു. സ്കൂളിന്റെ ഭൗതിക സാഹചര്യം കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും ചില രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടി. നിശ്ചലമായ ഫാനുകള്‍, പ്രകാശിക്കാത്ത ബള്‍ബുകള്‍ എന്നിവയും പരാധീനതകളുടെ പട്ടികയിലുണ്ട്. അഞ്ചാം ക്ലാസ് വരെയുള്ള സ്കൂളില്‍ കഴിഞ്ഞ അധ്യയനവര്‍ഷം 72 കുട്ടികളുണ്ടായിരുന്നു.
ഈ വര്‍ഷം ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ഉള്‍പ്പെടെ അഞ്ച് അധ്യാപകരാണ് സ്കൂളിലുള്ളത്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് ഈ സ്കൂളിലെ വിദ്യാര്‍ഥികളില്‍ ഏറെയും. അധികൃതരുടെ പരിഗണന ലഭിച്ചാല്‍ സ്കൂളിലെ പരിമിതികള്‍ക്ക് പരിഹാരമാകുമെന്നും നാട്ടുകാര്‍ പറയുന്നു.