കോട്ടയം: വലിയ കോളിളക്കം സൃഷ്ടിച്ച പൂവരണി പീഡന കേസില്‍ ആറുപ്രതികള്‍ കുറ്റക്കാരെന്ന കോടതി കണ്ടെത്തി. ബാക്കിയുള്ള അഞ്ചു പ്രതികളെ കോടതി വെറുതെവിട്ടു. അയര്‍ക്കുന്നം സ്വദേശി ലിസി, തീക്കോയി സ്വദേശി ജോമിനി, പൂഞ്ഞാര്‍ സ്വദേശി ജ്യോതിഷ്, പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി തങ്കമണി, കൊല്ലം തൃക്കരുവ സ്വദേശി സതീഷ്കുമാര്‍, തൃശൂര്‍ പറക്കാട്ട് സ്വദേശി രാഖി എന്നിവരാണ് കുറ്റക്കാര്‍. പായിപ്പാട് സ്വദേശികളായ ഷാന്‍ കെ. ദേവസ്യ, ജോബി ജോസഫ്, തിരുവനന്തപുരം വീരണകാവ് സ്വദേശി ദയാനന്ദന്്, കോട്ടയം രാമപുരം സ്വദേശി ബിനോ അഗസ്റ്റിന്, കോട്ടയം വെള്ളിലാപ്പള്ളി സ്വദേശി ജോഷി എന്നിവരെയാണ് കോടതി വെറുതെവിട്ടത്. കേസിലെ 10-ാം പ്രതി നെയ്യാറ്റിന്‍കര സ്വദേശി ഉല്ലാസ് വിസ്താരം നടക്കുന്നതിനിടെ ജീവനൊടുക്കിയിരുന്നു.
അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ഒന്ന് ജഡ്ജി കെ. ബാബുവാണു വിധി പറഞ്ഞത്. പൂവരണി സ്വദേശിനായ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ അയര്‍ക്കുന്നത്തുള്ള ബന്ധുവായ സ്ത്രീ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ അവസരമൊരുക്കിയെന്നാണ് കേസ്. പെണ്‍കുട്ടി പിന്നീട് എയ്ഡ്സ് രോഗം പിടിപെട്ട് തേനി മെഡിക്കല്‍ കോളജില്വച്ച മരിച്ചു.
2007 ഓഗസ്റ്റ് മുതല്‍ 2008 മേയ് വരെ പീഡനം നടന്നതായാണ് കേസ്. മാസങ്ങള്‍ നീണ്ട ലൈംഗിക പീഡനങ്ങള്‍ക്കൊടുവില്‍ 2008 ആഗസ്തില്‍ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സിച്ചു. കോട്ടയത്തെ ആശുപത്രിയില്‍ കഴിയുമ്പോഴാണ് പെണ്‍കുട്ടി പീഡനവിവരം പുറത്തു പറയുന്നത്. കുട്ടിയുടെ മരണശേഷം അമ്മ അന്നത്തെ കോട്ടയം ജില്ല പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു.