പെയിന്റും ബ്രഷുമില്ല; കാമ്പസുകളിലെ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുന്നത് ഹാഷ് ടാഗും വോയ്‌സ് മെസേജും

പ്രബല്‍ ഭരതന്‍
Ele3
കോഴിക്കോട്: കൊടി തോരണങ്ങള്‍ തൂക്കി രാത്രി വൈകിയും തെരഞ്ഞെടുപ്പ് ഫണ്ട് പിരിച്ച് കാമ്പസില്‍ തന്നെ കിടന്നുറങ്ങുന്ന യുവത്വത്തിന്റെ ആവേശം തുളുമ്പുന്ന കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ ഒരു കാലം കേരളത്തിലെ എല്ലാ കാമ്പസുകളിലുമുണ്ടായിരുന്നു. യൂണിയന്‍ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ കാമ്പസിന്റെ നിലവും ചുമരുമെല്ലാം വിദ്യാര്‍ഥി സംഘടനകളുടെയും സ്ഥാനാര്‍ഥികളുടെ പേരു കൊണ്ട് നിറയുന്ന കാലം. തെരഞ്ഞെടുപ്പ് അടുത്താല്‍ കാമ്പസുകളിലെ മരങ്ങള്‍ക്ക് പോലും രാഷ്ട്രീയമുണ്ടായിരുന്നു.

എന്നാല്‍ ഇതെല്ലാം ഇന്നിന്റെ കാമ്പസുകള്‍ക്ക് കേട്ടുമറന്ന കഥകള്‍ മാത്രമാണ്. ബാനുകളും ഫഌക്‌സ് ബോര്‍ഡുകളുമെല്ലാം തെരഞ്ഞെടുപ്പിന്റെ ആവേശം നിലനിര്‍ത്താന്‍ പല കാമ്പസുകളിലുമുണ്ടെങ്കിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്ന് അധ്യാപകര്‍ പറയുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ പെയിന്റ് സിമന്റ് കലക്കിയ ബക്കറ്റുമായി വിദ്യാര്‍ഥികള്‍ കോളജില്‍ നടക്കുന്ന കാഴ്ച്ച ഇന്ന് മണ്‍മറഞ്ഞതായും അധ്യാപകര്‍ സമ്മതിക്കുന്നു.

പ്രചാരണത്തിന് ന്യൂജനറേഷന്‍ രീതിയാണ് എല്ലാ കാമ്പസുകളിലും കാണുന്നത്. ഫേസ് ബുക്കും വാട്‌സ് ആപ്പും തന്നെയാണ് ഇന്നിന്റെ കാമ്പസിന്റെ പ്രധാന തെരഞ്ഞെടുപ്പ് ആയുധം. കാലത്തിനൊത്ത് കളം മാറ്റിയത് മാത്രമല്ല വിദ്യാര്‍ഥികള്‍ക്ക് കുറച്ചു കൂടി സ്വീകാര്യവും സോഷ്യല്‍ മീഡയ പ്രചാരണമാണെന്നും ഇവര്‍ പറയുന്നു. അതോടൊപ്പം മുമ്പത്തേതിനെക്കാള്‍ തെരഞ്ഞെടുപ്പിനെ കുറച്ചു കൂടി ‘ലൈവ്’ആക്കാനും ഇവര്‍ക്ക് സാധിക്കുന്നുണ്ട്.
Ele4
സോഷ്യല്‍ മീഡിയ അത്ര സജീവമല്ലാത്ത കാലത്ത് കാമ്പസിനകത്തുള്ള പ്രചാരണം മാത്രമായിരുന്നു കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കണ്ടു വന്നിരുന്നത്. എന്നാല്‍ ഇന്നത്തെ സ്ഥിതി അതല്ല. ഒരു നിയമസഭാ തെരഞ്ഞെടുപ്പിന്റെ അതേ ആവേശത്തില്‍ തന്നെ എല്ലാ വിദ്യാര്‍ഥികളും ഒന്നായി രാത്രി വൈകിയും ഫേസ്ബുക്ക് പേജിലെ ചര്‍ച്ചയില്‍ സജീവമാണ്. ഓരോ ദിവസവും കലാലയത്തില്‍ അരങ്ങേറുന്ന ആരോപണങ്ങളെ കുറിച്ചും എതിരാളികളുടെ പരാമര്‍ശങ്ങളെ കുറിച്ചും വന്‍ ചര്‍ച്ചകളാണ് ഓരോ കോളജിന്റെയും ഫേസ്ബുക്ക് പേജുകളില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ നടക്കുന്നത്. മാത്രവുമല്ല കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിനെ വീട്ടിലെത്തിയാലും ആവേശം ചോരാതെ ഓരോ വോട്ടും പിടിക്കാനുള്ള നല്ല മാര്‍ഗമായും വിദ്യാര്‍ഥികള്‍ സോഷ്യല്‍ മീഡയയെ കാണുന്നു.

വാട്‌സ് ആപ് വഴി പ്രചരിക്കുന്ന വോയ്‌സ് മസേജ് ആണ് ന്യൂജന്‍ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ ഗുണം. ഓരോ വിദ്യാര്‍ഥിക്കും തന്റെ സ്വന്തം ശബ്ദത്തില്‍ വോട്ട് അഭ്യര്‍ഥിച്ച് സ്ഥാനാര്‍ഥികള്‍ക്ക് മെസേജ് അയക്കാന്‍ സാധിക്കുന്നത് കാമ്പുസുകള്‍ക്ക് തെരഞ്ഞെടുപ്പ് ഓളം ഏത് സമയവും നിലനിര്‍ത്താനാകുന്നുവെന്നും ഇവര്‍ പറയുന്നു. മിനിട്ടുകള്‍ക്കകം നിരവധി പേരിലേക്ക് തങ്ങളുടെ പേരില്‍ വോട്ടഭ്യര്‍ഥന നടത്താന്‍ സാധിക്കുമെന്നതാണ് വിദ്യാര്‍ഥികള്‍ക്ക് വലിയ ആശ്വാസമാകുന്നത്.
Ele2
ക്ലാസ് കട്ട് ചെയ്യാതെ ഇന്റര്‍വെല്‍ സമയത്തും ക്ലാസ് വിടുന്ന സമയത്തും സഹപാഠികളെ നേരില്‍ കണ്ടാല്‍ മതിയെന്നതും സോഷ്യല്‍ മീഡയ പ്രചാരണത്തിന്റെ ഗുണങ്ങളിലൊന്നായി വിദ്യാര്‍ഥികള്‍ പറയുന്നു. ക്ലാസ് കട്ട് ചെയ്യാതെയുള്ള പ്രചാരണത്തന് അധ്യാപകരും വിദ്യാര്‍ഥികളെ നന്നായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. നിശ്ബ് പ്രചാരണ ദിവസങ്ങളില്‍ സോഷ്യല്‍ മീഡയ വഴിയുള്ള പ്രചാരണം ഒന്നു കൂടി സജീവമാക്കാനാണ് മിക്ക കോളജുകളിലെയും വിദ്യാര്‍ഥികള്‍ തയാറെടുക്കുന്നത്. 20നാണ് കാലിക്കട്ട് യൂണിവേഴ്‌സിറ്റിയുടെ കീഴിലെ കോളജുകളില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Related posts