എടത്വ: സെന്റ് ജോര്‍ജ് ഫൊറോനാപള്ളി പെരുന്നാളിനു മുന്നോടിയായി ഇടവക ജനങ്ങള്‍ ഒത്തുകൂടി എടത്വ ടൗണും പരിസരവും, റോഡുകളും, സ്കൂള്‍, കോളജ് വളപ്പുകളും മാലിന്യ വിമുക്തമാക്കി. ക്ലീന്‍ എടത്വ എന്ന പേരില്‍ ഇടവകയിലെ കുടുംബകൂട്ടായ്മകളുടെ നേതൃത്വത്തില്‍ രണ്ടായിരത്തോളം വരുന്ന ഇടവകജനം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞു എടത്വ പള്ളിയും സമീപ പരിസരങ്ങളും, റോഡും, തകഴി, പാണ്ടങ്കരി, തിരുവല്ല, പാരേതോട് പ്രദേശങ്ങളിലേക്കുള്ള റോഡിനിരുവശത്തേയും പുല്‍കാടുകളും മാലിന്യകൂമ്പാരങ്ങളും നീക്കം ചെയ്തു. തീര്‍ത്ഥാടകര്‍ താമസിക്കുന്ന സെന്റ് അലോഷ്യസ്, സെന്റ്‌മേരീസ്, ജോര്‍ജിയന്‍ സ്കൂള്‍ വളപ്പ്, സെന്റ് അലോഷ്യസ് കോളജ് എന്നിവടങ്ങളിലെ മാലിന്യങ്ങളും നീക്കം ചെയ്തു.
വികാരി ഫാ. ജോണ്‍ മണക്കുന്നേല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കൈക്കരാന്‍മാരായ ആന്റണി ഇ.വി. ഈരേത്ര, കുരുവിള ജോസഫ് പുന്നാടംപാക്കല്‍, പ്രഫ. ജോജോ തോമസ് ചേന്ദംകര, ജനറല്‍ കണ്‍വീനര്‍ ബില്‍ബി മാത്യു കണ്ടത്തില്‍, ജോയിന്റ് കണ്‍വീനര്‍ ജയന്‍ ജോസഫ് പുന്നപ്ര, ബിനോമോന്‍ പഴേമഠം, തോമസ് സെബാസ്റ്റ്യന്‍ കറുകയില്‍, ഡോ. ജോച്ചന്‍ ജോസഫ്, പ്രഫ. പി.വി. ജെറോം, ജെ.റ്റി. റാംസെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഈ പദ്ധതി നടപ്പിലാക്കിയത്.