വൈപ്പിന്‍: ഫേസ്ബുക്ക് ചാറ്റിംഗിലൂടെ പരിചയപ്പെട്ട യുവാവ് പതിനാറുകാരിയായ മലയാളി ബാലികയെ ബംഗളൂരിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞമാസമാണ് സംഭവം. ബാലികയെ കാണാതായതിനെ തുടര്‍ന്നു വീട്ടുകാര്‍ ഞാറക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട്, രണ്ടാഴ്ചക്കുശേഷം എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബാലികയെ പോലീസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്.
എറണാകുളം ജില്ലയില്‍ വൈപ്പിന്‍കരക്കാരിയായ ബാലിക ഒരു വര്‍ഷം മുമ്പ് ഫേസ്ബുക്ക് ചാറ്റിംഗിലൂടെയാണ് ബംഗളൂര്‍ മടിവാല സ്വദേശിയായ യുവാവിനെ പരിചയപ്പെടുന്നത്. ഇതിനിടയിലാണ് ബാലിയകയെ യുവാവ് ബംഗളൂരിലേക്കു ക്ഷണിച്ചത്. വീടു വിട്ട ബാലിക ട്രെയിന്‍ മാര്‍ഗം ബംഗളൂരിലെത്തി യുവാവിനെ കണ്ടെത്തുകയും അവിടെ ലോഡ്ജില്‍ മുറിയെടുത്ത് അഞ്ചു ദിവസം താമസിക്കുകയും ചെയ്തു. ഇതിനിടയിലാണ് പീഡനം നടന്നത്.
ലോഡ്ജ് വാസത്തിനുശേഷം ബാലിക തിരിച്ചുപോരുന്ന സമയത്ത് കൈയിലുണ്ടായിരുന്നു മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്തതിനെ തുടര്‍ന്ന് ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധന നടത്തുകയും ബാലികയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിന്റെ അടിസ്ഥാനത്തില്‍ ഞാറക്കല്‍ പോലീസ് യുവാവിനെതിരെ പീഡനം, കുട്ടികള്‍ക്കുനേരെയുള്ള അതിക്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്.
അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സംഘം പ്രതിയെ തേടി കഴിഞ്ഞ ദിവസം ബംഗളൂരിലേക്കു തിരിച്ചു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണില്‍ പ്രതി പെണ്‍കുട്ടിക്കൊപ്പം എടുത്തിട്ടുള്ള സെല്‍ഫിയുമായാണ് പോലീസ് ബംഗളൂരിലേക്കു തിരിച്ചത്. പ്രതിയുടെ പിന്നില്‍ ഏതെങ്കിലും സെക്‌സ് റാക്കറ്റുകള്‍ ഉണ്ടോയെന്നും പോലീസ് അന്വേഷിക്കും. ഇതിനായി സംഘം ബംഗളൂരു പോലീസിന്റെ സഹായവും തേടിയിട്ടുണ്ടെന്നാണ് സൂചന.