മുക്കം: പ്രകൃതി സംരക്ഷണ സന്ദേശമുയര്‍ത്തി മലിനീകരണത്തിനും ആഗോള താപനത്തിനുമെതിരെ സൈക്കിളില്‍ രാജ്യം ചുറ്റുന്ന തമിഴ്നാട് രാമക്കല്‍ സ്വദേശി അമ്പു ചാള്‍സ് മുക്കത്തെത്തി. 2005 ഏപ്രില്‍ 28ന് തുടങ്ങിയ സൈക്കിള്‍ യാത്ര ഇതുവരെ 30 സംസ്ഥാനങ്ങളിലായി 60100 കിലോമീറ്റര്‍ പിന്നിട്ടതായി അമ്പു ചാള്‍സ് പറഞ്ഞു. തമിഴ്നാട്ടില്‍ മുമ്പുണ്ടായ സുനാമി ദുരന്തമാണ് അമ്പു ചാള്‍സിനെ പ്രകൃതി സന്ദേശവുമായി രാജ്യംചുറ്റാന് പ്രേരിപ്പിച്ചത്.
സാമൂഹിക ശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദമുള്ള ഇദ്ദേഹം യാത്രയ്ക്കായ് സൈക്കിള്‍ തെരഞ്ഞെടുത്തതും പ്രകൃതിക്ക് യാതൊരു മലിനീകരണവും ഉണ്ടാകുന്നില്ലെന്ന കാരണത്താലാണ്. കൂടാതെ ആരോഗ്യത്തിനും നല്ലതാണ്. എറണാകുളം ജില്ലയിലെ യാത്ര പൂര്‍ത്തിയാക്കിയാണ് അമ്പു ചാള്‍സ് കോഴിക്കോട് ജില്ലയിലെത്തിയത.് ഇനി വയനാട് വഴി കര്‍ണാടകയിലെത്തി തുടര്‍ന്ന് ഗോവയും മഹാരാഷ്ട്രയും സന്ദര്‍ശിക്കാനാണ് പ്ലാന്‍. ഡിസംബറില്‍ ഡല്‍ഹിയിലെത്തും. അവിടുന്ന് രാഷ്ട്രപതിയെ നേരില്‍ കാണാന്‍ ശ്രമിക്കുമെന്നും അമ്പു ചാള്‍സ് പറഞ്ഞു.
സൈക്കിള്‍ പര്യടനത്തിനിടെ വഴികളിലുടനീളമുള്ള സ്കൂളുകള്‍, കച്ചവട സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ പ്രകൃതി സംരക്ഷണ പാഠങ്ങള്‍ പകര്‍ന്നുനല്‍കിയാണ് യാത്ര. 2000 ലേറെ സ്കൂളുകളില്‍ ഇതിനോടകം പാഠങ്ങള്‍ പകര്ന്നുനല്കി. ഉച്ചഭക്ഷണവും മിക്കവാറും സ്കൂളുകളില്‍നിന്നുതന്നെ. ഇവിടങ്ങളില്‍നിന്നും ലഭിക്കുന്ന തുച്ഛമായ തുക യാത്രയിലെ മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കും .ഉറക്കം കടത്തിണ്ണയിലോ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലോ ആകും.
കേരളത്തില്‍ മരങ്ങള്‍ ധാരാളമുണ്ട്. വച്ചുപിടിപ്പിക്കേണ്ട കാര്യമില്ല. എന്നാല്‍ പോളിത്തീന്‍ കവറുകളും കുടിവെള്ള ബോട്ടിലുകളും ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഏറെയാണ്. ഇവ പ്രകൃതിക്ക് മാരക കോട്ടം വിതയ്ക്കും. പൊതു ജനങ്ങളെ ബോധവത്കരിച്ച് ഇവ നിര്‍മ്മാര്‍ജനം ചെയ്യാനുള്ള വഴികള്‍ കണ്ടെത്തണം. പ്രകൃതിയുടെ നിലവിലെ അവസ്ഥകളെക്കുറിച്ച് പുതുതലമുറ തീര്‍ത്തും അജ്ഞരാണെന്നും അമ്പു ചാള്‍സ് പറഞ്ഞു.