ഫ്‌ളാറ്റിലെ കൊലപാതകം: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് വൈകുന്നു; ഇലക്ഷന്‍ കഴിയുന്നതുവരെ അറസ്റ്റ് നീട്ടണമെന്ന് ഉന്നതങ്ങളില്‍ നിന്നു നിര്‍ദേശമുള്ളതായി സൂചന

Flatതൃശൂര്‍: അയ്യന്തോള്‍ പഞ്ചിക്കലിലെ ഫഌറ്റില്‍ യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റു ചെയ്യുന്നതില്‍ പോലീസ് നിഷ്ക്രിയത്വം പാലിക്കുന്നതായി ആരോപണം. പുതുക്കാട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം നേതാവ് റഷീദിനെയാണ് രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്യാതിരിക്കുന്നത്. ഇലക്ഷന്‍ കഴിയുന്നതുവരെയെങ്കിലും അറസ്റ്റ് നീട്ടണമെന്ന് ഉന്നതങ്ങളില്‍ നിന്നു നിര്‍ദേശമുള്ളതായാണ് സൂചന. ഇതോടെ പ്രതി കൈയെത്തും ദൂരത്തുണ്ടായിട്ടും ഒന്നും ചെയ്യാനാവാതെ അന്വേഷണ ഉദ്യോഗസ്ഥര്‍ പരുങ്ങലിലാണ്. അറസ്റ്റു വൈകുന്നതില്‍ പോലീസിനെതിരേ പ്രതിഷേധവുമായി യുവജന സംഘനകളും രംഗത്തെത്തിയിരുന്നു.

രണ്ടാഴ്ച മുമ്പാണ് റഷീദും കാമുകി ശാശ്വതിയും മറ്റൊരു സുഹൃത്ത് കൃഷ്ണപ്രസാദും ചേര്‍ന്ന് ഷൊര്‍ണൂര്‍ സ്വദേശി സതീഷിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. കൃഷ്ണപ്രസാദും, ശാശ്വതിയും ഉള്‍പ്പെടെ നാലുപേര്‍ ഇതുവരെ കേസില്‍ അറസ്റ്റിലായി.

വെസ്റ്റ് സിഐ വി.കെ. രാജുവിന്റെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം പുരോഗമിക്കുന്നത്. സംസ്ഥാനത്തിനു പുറത്ത് ഒളിസങ്കേതങ്ങള്‍ മാറിമാറി സഞ്ചരിക്കുന്ന റഷീദ് പലവട്ടം വഴുതിപ്പോയെന്നാണ് അറസ്റ്റ് നീളുന്നതില്‍ പോലീസ് നല്‍കുന്ന വിശദീകരണം. നെടുമ്പാശേരി വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയതുള്‍പ്പെടെ 20 ഓളം കേസുകളില്‍ പ്രതിയായ റഷീദിനെ പരമാവധി തെളിവുശേഖരിച്ച ശേഷം അറസ്റ്റു ചെയ്യുമെന്നും ഇയാള്‍ക്കെതിരേ കാപ്പ ചുമത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണനയിലാണെന്നും പോലീസ് നേരത്തെ അറിയിച്ചിരുന്നു. റഷീദിന്റെയും അടുത്ത സുഹൃത്തുക്കളുടെയും ഫോണുകളും പോലീസ് പരിശോധിച്ചുകൊണ്ടിരിക്കുന്നുണ്ട്.

റഷീദിന്റെ, ഡ്രൈവര്‍ കനകമല വടക്കാട് സ്വദേശി കാണിയത്ത് വീട്ടില്‍ രതീഷ് (32), വടേക്കമുറി മാളിയേക്കല്‍ വീട്ടില്‍ ബിജു (42) എന്നിവരാണ് കേസുമായി ബന്ധപ്പെട്ട് ഒടുവില്‍ അറസ്റ്റിലായവര്‍. ഇന്നലെ കൊടകരയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇരുവരും കൊലപാതകത്തില്‍ നേരിട്ടുപങ്കുള്ളവരല്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം. കൊലപാതകശേഷം മുഖ്യപ്രതികള്‍ രതീഷിന്റെ സഹായത്തോടെയാണ് സംസ്ഥാനം വിട്ടത്.

പ്രതികള്‍ക്കു താമസസ്ഥലം ഒരുക്കുന്നതിനും രതീഷ് സഹായിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. റഷീദിന്റെ സന്തത സഹചാരിയായ ബിജു മൂന്നു കൊലപാതകങ്ങളില്‍ ഉള്‍പ്പെടെ 25 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കൊലപാതകശേഷം മുങ്ങിയ റഷീദ് തെളിവു നശിപ്പിക്കാന്‍ ബിജുവിനെ ഏല്‍പ്പിച്ചിരുന്നു. ഇതനുസരിച്ച് മൃതദേഹം ആശുപത്രിയിലെത്തിക്കുന്നതിനും ഫഌറ്റ് വൃത്തിയാക്കുന്നതിനും നേതൃത്വം നല്‍കിയത് ബിജുവാണെന്നു പറയുന്നു. അതേസമയം റഷീദിനെതിരേ പാര്‍ട്ടിതലത്തില്‍ നടപടി സ്വീകരിക്കാത്തതില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്കും അതൃപ്തിയുണ്ട്.

Related posts