ബിബിന്റെ വീട്ടിലെ കളിവണ്ടികള്‍..!

KTM-HANDMADEകടുത്തുരുത്തി: പെരുവയിലെ ഒരു വീട്ടില്‍ ചെന്നാല്‍ ഹാര്‍ളി ഡേവിഡ്‌സണ്‍ ബൈക്ക് മുതല്‍ വോള്‍വോ ഡബിള്‍ ആക്‌സില്‍  ബസും കമാന്‍ഡര്‍, റാംഗ്ലര്‍ ജീപ്പുകള്‍ തുടങ്ങി ഇരുപതോളം വാഹനങ്ങള്‍ കാണാം. ഇത്രയും വാഹനങ്ങളുടെ ഉടമ അംബാനിയുടെയോ, രത്തന്‍ റ്റാറ്റായുടെയോ സ്വന്തക്കാരനൊന്നുമല്ല.   പെരുവ ബിഎസ്എന്‍എല്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലെ ടെക്‌നീക്കല്‍ അസിസ്റ്റന്റായ ബിബിന്‍ മോഹന്റെ വീട്ടിലാണ് വാഹനങ്ങളുടെ നീണ്ട നിരയുള്ളത്. ഇതുകേട്ട് ആരും ഞെട്ടേണ്ട. ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലെ ജീവനക്കാരന് ഇത്രയധികം വാഹനങ്ങള്‍ വാങ്ങാനുള്ള ശേഷിയുണ്ടോയെന്നാവും പലരുടെയും സംശയം.

പണം മുടക്കി കമ്പിനിയില്‍ നിന്നും വാങ്ങി നിരത്തില്‍ ഉപയോഗിക്കുന്ന വാഹനങ്ങളല്ല ഇതെല്ലാം. ജോലി കഴിഞ്ഞുള്ള സമയത്ത് ഫോം ഷീറ്റില്‍ ബിബിന്‍ സ്വന്തമായി നിര്‍മിച്ച വാഹനങ്ങളുടെ കാര്യമാണ് പറഞ്ഞത്. ചിരട്ട, പ്ലാസ്റ്റിക്, കുപ്പികള്‍ തുടങ്ങിയ പാഴ് വസ്തുക്കളില്‍ നിന്നും മനോഹരമായ ശില്‍പങ്ങള്‍ നിര്‍മിക്കാനും പെയ്ന്റിംഗുകളിലും ബിബിന് നല്ല മിടുക്കാണ്. സ്കൂളില്‍ പഠിക്കുന്ന കാലത്ത് തുടങ്ങിയതാണ് ബിബിന് വാഹന നിര്‍മാണത്തോടുള്ള കമ്പം. അനുജന് കളിക്കാന്‍  ബൈക്കുകള്‍ നിര്‍മിച്ചു നല്‍കി യായിരുന്നു തുടക്കം. പിന്നീട് തെര്‍മോക്കോള്‍ ഉപയോഗിച്ച് ചെറിയ വാഹനങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഫോം ഷീറ്റ് കൊണ്ടാണ്  വാഹനങ്ങള്‍ ഉണ്ടാക്കുന്നത്.

ഒരു ഫോം ഷീറ്റിന്  ആയിരം രൂപയോളം വില വരും.  ഇതുകൊണ്ട് ഏഴു വണ്ടികള്‍ വരെ ഉണ്ടാക്കാമെന്ന് ബിബിന്‍ പറയുന്നു. ഓട്ടോമൊബൈല്‍ എന്‍ജിനീയറാകാനായിരുന്നു ആഗ്രഹിച്ചിരുന്നതെങ്കിലും ബിബിന്‍  ബികോം ബിരുദധാരിയായി ടെലിഫോണ്‍  എക്‌സ്‌ചേഞ്ചിലെ ജോലിക്കാരനാവുകയായിരുന്നു. പുതിയ വാഹനങ്ങള്‍ ഏത് ഇറങ്ങിയാലും അത് എങ്ങനെ ഉണ്ടാക്കാം എന്നതായിരിക്കും ബിബിന്റെ ആലോചന. ആദ്യം നിര്‍മിക്കാനുദേശിക്കുന്ന വാഹനത്തിന്റെ ബ്ലൂ പ്രിന്റ് കമ്പ്യൂട്ടറില്‍ നിന്നും എടുക്കും. പിന്നീട് പല ആംഗിളികളുള്ള വാഹനത്തിന്റെ ഫോട്ടോകള്‍ ശേഖരിക്കും.

ബ്ലൂ പ്രിന്റ് വച്ചു ഡ്രോയിംഗ് ഷീറ്റില്‍ അളവുകള്‍ കൃത്യമായി വരച്ചെടുക്കും. തുടര്‍ന്ന് ഇത് ഫോം ഷീറ്റില്‍ കട്ട് ചെയ്‌തെടുക്കും. ബീഡിംഗുകളും കര്‍വുകളും ഉരച്ച് മിനുക്കി അവസാനം പെയ്ന്റ് ചെയ്‌തെടുക്കും. ടയറുകളായി പഴയ കളിപ്പാട്ട വണ്ടികളുടെ ചക്രങ്ങളാണ് എടുക്കുന്നത്. ഒരു വണ്ടി പൂര്‍ത്തിയാക്കാന്‍ ഒരു മാസമെങ്കിലും വേണമെന്നാണ് ബിബിന്‍ പറയുന്നത്. ഓഫ് റോഡ് വാഹനങ്ങളുടെ നിര്‍മാണമാണ് ബിബിന് ഏറെയിഷ്ടം. എന്നാല്‍ ഇത്തരം വാഹനങ്ങള്‍ ഉണ്ടാക്കാനാണ് ഏറെ ബുന്ധിമുട്ടെന്നും ബിബിന്‍ പറയുന്നു. ചെറിയ വാഹന ഷോകളില്‍ ബിബിന്റെ വാഹനങ്ങള്‍ പ്രദര്‍ശനത്തിന് കൊണ്ടു പോകാറുണ്ട്.

ബിബനും സുഹൃത്തുക്കളും ചേര്‍ന്ന് വണ്ടിക്കൂട്ടം എന്നപേരില്‍ ഒരു വാഹനക്ലബ്ബും രൂപീകരിച്ചിട്ടുണ്ട്. റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന വാഹനം ഉണ്ടാക്കാനാണ് ബിബിന്റെ അടുത്ത ശ്രമം. പുതുതുയായി നിരത്തിലിറങ്ങുന്നതുള്‍പെടെയുള്ള ഏത് വാഹനവും ഉണ്ടാക്കുമെങ്കിലും ബിബിന് സ്വന്തമായുള്ളത് പള്‍സര്‍ ബൈക്ക് മാത്രമാണ്. വലിയ വാഹനങ്ങളെ ചെറുതായി നിര്‍മിക്കുന്ന ബിബിന്റെ ആഗ്രഹം മഹീന്ദ്രയുടെ ഥാര്‍ സ്വന്തമാക്കാനാണ്. ആഗ്രഹം എന്നെങ്കിലും സഫലമാക്കാനാവുമെന്ന എന്ന ഉറച്ച വിശ്വാസത്തിലാണ് ബിബിന്‍.

Related posts