വടക്കാഞ്ചേരി: ഉത്രാളിപ്പാടത്തും പരിസരങ്ങളിലും തിങ്ങിനിറഞ്ഞ ജനലക്ഷങ്ങളെ വിസ്മയിപ്പിച്ച് ഉത്രാളിപ്പൂരം പെയ്തിറങ്ങി. അകമല കുന്നുകളിലും മരങ്ങളുടെ മുകളിലും സംസ്ഥാന പാതയോരത്തെ പറമ്പുകളിലുമായി തിങ്ങിനിറഞ്ഞ ജനസഞ്ചയം ദൃശ്യചാരുതയുടെ മികവിന്റെ പൂരത്തിനു സാക്ഷികളായി.വിദേശ-ആഭ്യന്തര ടൂറിസ്റ്റുകളും പൂരപ്രേമികളും കേരളത്തിലെ ഏറ്റവും പ്രഗത്ഭരായ വാദ്യകലാകാരന്മാര് തീര്‍ത്ത നാദപ്രപഞ്ചവും ഗജരാജാക്കന്മാര് അണിനിരന്ന കൂട്ടിയെഴുന്നള്ളിപ്പും ഉത്രാളിക്കാവില്‍ മാത്രം കാണുന്ന കരിമരുന്നിന്റെ രൗദ്രതയും കണ്ട് മതിമറന്നു.
വടക്കാഞ്ചേരി, കുമാരനെല്ലൂര്‍, എങ്കക്കാട് ദേശങ്ങളാണ് പൂരത്തിനു നേതൃത്വം നല്‍കിയത്. ഇന്നലെ രാവിലെ 11.30ഓടെ എങ്കക്കാട് വിഭാഗം കാവില്‍ നാദപ്പെരുമഴയ്ക്കു തുടക്കം കുറിച്ചതോടെയാണ് 24 മണിക്കൂര്‍ നീണ്ടുനിന്ന ഉത്രാളിക്കാവ് പാടം പൂത്തുതുടങ്ങിയത്.ഈസമയത്ത് കുമരനെല്ലൂര്‍ വിഭാഗം ഉത്രാളിക്കാവിലേക്കു പുറപ്പെട്ടു. രണ്ടോടെ എങ്കക്കാട് വിഭാഗം ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പ് പൂര്‍ത്തിയാക്കി മുല്ലയ്ക്കല് ആലിന്ചുവട്ടിലേക്കും പിന്‍വാങ്ങിയതോടെ കുമരനെല്ലൂര്‍ വിഭാഗത്തിന്റെ എഴുന്നള്ളിപ്പിനു തുടക്കമായി. വടക്കാഞ്ചേരി വിഭാഗത്തിന്റെ ചരിത്രപ്രസിദ്ധമായ നടപ്പുരവാദ്യത്തിന് ടൗണിലെ കരുമരക്കാട് ശിവക്ഷേത്രത്തില്‍ തുടങ്ങി.
കോവിലകത്തും പൂരമെന്നു വിശേഷിപ്പിക്കുന്ന വടക്കാഞ്ചേരി വിഭാഗത്തിന്റെ എഴുന്നള്ളിപ്പിനു രാജകീയ പ്രൗഡിയോടെ തോക്കേന്തിയ പോലീസ് അകമ്പടിയായി. മേളത്തിനുപിന്നാലെ ആകാശ ത്തെ മേളപ്പെരുക്കത്തിനും തട്ടകദേ ശങ്ങള്‍ തിരികൊളുത്തി. ഊഴമനുസരിച്ച് എങ്കക്കാട് വിഭാഗം ആദ്യം കമ്പക്കെട്ടിനു തുടക്കം കുറിക്കേണ്ടതായിരുന്നെങ്കിലും കൂട്ടിയെഴുന്നള്ളിപ്പിനുശേഷം രാത്രി ഒമ്പതോടെ യാണ് എങ്കക്കാട് വിഭാഗം കരിമരുന്നിനു തീകൊളുത്തിയത്. കുമരനെല്ലൂര്‍ ദേശം വൈകിട്ട് അ ഞ്ചോടെ കമ്പക്കെട്ടിനു തുടക്കം കുറിച്ചു. തുടര്‍ന്ന് വടക്കാഞ്ചേരി വിഭാഗവും വെടിക്കെട്ടിനു തീ പകര്‍ന്നു. ഉത്രാളിപ്പാടത്തിനിടയിലൂടെ കടന്നുപോകുന്ന റെയില്‍വേപാതയ്ക്ക് ഇരുവശത്തുമായിരുന്നു എങ്കക്കാട് വിഭാഗത്തിന്റെ വെടിക്കെട്ട്.
കുമരനെല്ലൂര്‍, വടക്കാഞ്ചേരി വിഭാഗങ്ങളുടെ വെടിക്കെട്ടിനുശേഷം മൂന്നു ദേശങ്ങളും കാവിന് അഭിമുഖമായി 31 ഗജനിരയുമായി അണിനിരന്നു. തുടര്‍ന്ന് കൂട്ടിഎഴുന്നള്ളിപ്പും കുടമാറ്റവും നടത്തി. കാവും പരിസരവും പരമ്പരാഗത നാടന്‍ കലാരൂപങ്ങള്‍ കീഴടക്കി. ഹരിജന്‍ വേല കാവില്‍ കയറിയതോടെ ഉത്രാളിക്കാവ് പൂരത്തിന്റെ പകല്‍ ചടങ്ങുകള്‍ക്കു സമാപനമായി. പൂരരാത്രിയില്‍ ടൗണിലെ കരുമരക്കാട് ശിവക്ഷേത്രത്തില്‍ വടക്കാഞ്ചേരി വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിവിധ സാംസ്കാരിക പരിപാടികളും അരങ്ങേറി. രാത്രിയില്‍ പകല്‍പൂരത്തിന്റെ ആവര്‍ത്തനം നടന്നു. ഇന്നു പുലര്‍ച്ചെ 4.45ന് പടക്കങ്ങള്‍കൊണ്ട് തീര്‍ത്ത പന്തലില്‍ കരിമരുന്നിന്റെ കലാശപ്പൊരിച്ചില്‍ നടന്നു.
മൂന്നു ദേശക്കാര്‍ തമ്മിലുള്ള തര്‍ക്കംമൂലം എല്ലാവര്‍ഷവും നടക്കാറുള്ള ഭഗവതി പൂരവും കൂട്ടിയെഴുന്നള്ളിപ്പും ഈ വര്‍ഷം വേണ്ടെന്നുവച്ചതു പൂരത്തിന്റെ ഭംഗി കുറച്ചെങ്കിലും കണ്ടപൂരം ഓര്‍മയില്‍ സൂക്ഷിച്ച് പുരുഷാരം പടിയിറങ്ങി.കുമരനെല്ലൂര്‍ വിഭാഗത്തിനുവേണ്ടി ദേശമംഗലം സുരേന്ദ്രനും മുണ്ടത്തിക്കോട് സതീശും വടക്കാഞ്ചേരി വിഭാഗത്തിനുവേണ്ടി കുണ്ടന്നൂര്‍ ശ്രീകൃഷ്ണ ഫയര്‍വര്‍ക്സ് ഉടമകളായ സജി, സുരേഷ് എന്നിവരും എങ്കക്കാടിനുവേണ്ടി കുണ്ടന്നൂര്‍ ശാസ്താ ഫയര്‍വര്‍ക്സ് ഉടമ സുന്ദരാക്ഷനുമായിരുന്നു വെടിക്കെട്ടിനു നേതൃത്വം നല്‍കിയത്.