ഋഷി
സീന്‍ ഒന്ന്
ഒറ്റപ്പന കാറ്റിലാടുന്നു
കാറ്റിന്റെ ശീല്‍ക്കാരത്തിനിടെ പുകപോലെയെന്തോ അന്തരീക്ഷത്തില്‍ നിറയുന്നു..
ചില്ും ചില്ും ശബ്ദം..
അകലെ പുകപടലങ്ങള്‍ക്കുള്ളില്‍ നിന്ന് വെളുത്ത വസ്ത്രം ധരിച്ച മുഖം വ്യക്തമല്ലാത്ത ഒരു രൂപം പതിയെ പതിയെ നടന്നുവരുന്നു…
സീന്‍ രണ്ട്
അടച്ച വാതില്‍ പതിയെ തുറക്കുന്നതിന്റെ കരകര ശബ്ദം…
ഇരുട്ടാണ് ചുറ്റും
മെഴുകുതിരി വെട്ടത്തില്‍ ഇരുട്ട് പതിയെ നീങ്ങുന്നു
ചുമരില്‍ ഒരു കറുത്ത നിഴല്‍
മെഴുകുതിരിയുമായി വാതില്‍ തുറന്നയാള്‍ പെട്ടെന്ന് ഞെട്ടിത്തിരിഞ്ഞ് നോക്കുമ്പോള്‍ തൊട്ടുപിന്നില്‍ അവള്‍…പ്രേതം….
ഇതുപോലെ നിലാവിലും കട്ടപിടിച്ച ഇരുട്ടുള്ള നട്ടപ്പാതിരയ്ക്കും കറങ്ങിനടന്ന് ചോരകുടിച്ച് കുറച്ചൊന്നുമല്ല പ്രേതങ്ങള്‍ മലയാളസിനിമയിലൂടെ പ്രേക്ഷകരെ പേടിപ്പിച്ചിട്ടുള്ളത്. ജയസൂര്യയെ നായകനാക്കി രഞ്ജിത് ശങ്കര്‍ ഒരുക്കിയ വ്യത്യസ്തമായ പ്രേതസിനിമയുടെ ടൈറ്റിലാകാനും ഇപ്പോള്‍ പ്രേതത്തിന് ” ഭാഗ്യം ” ലഭിച്ചിരിക്കുന്നു.
മലയാളത്തില്‍ പല തരത്തിലുള്ള പ്രേതങ്ങള്‍ പ്രേക്ഷകരെ പേടിപ്പിക്കാനെത്തിയിട്ടുണ്ട്.
ആ പ്രേതങ്ങളെ തേടിയുള്ള ഒരു രാത്രിയാത്രയാണിത്…
ഭാര്‍ഗവീനിലയത്തിലേക്കാണ് ആദ്യം ചെന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലെ പ്രേതക്കാഴ്ചകള്‍. ആ കിണര്‍ ഇപ്പോഴും അവിടെയുണ്ട്. ആകെ മാലിന്യക്കൂമ്പാരം നിറഞ്ഞു കിടക്കുന്നു. ഭാര്‍ഗവീനിലയം എന്ന ടൈറ്റില്‍ പിന്നീട് പ്രേതസിനിമകളുടെ പേരിലും ഡയലോഗുകളിലും ഒരു ട്രെന്‍ഡ് സെറ്ററായി. ബേപ്പൂര്‍ സുല്‍ത്താന്റെ നീലവെളിച്ചം എന്ന കഥ ഭാര്‍ഗവീനിലയമായപ്പോള്‍ അത് മലയാളത്തിലെ ലക്ഷണമൊത്ത ആദ്യപ്രേതസിനിമയും പ്രേതതിരക്കഥയുമായി. വൈക്കം മുഹമ്മദ് ബഷീര്‍ തന്നെയാണ് ഭാര്‍ഗവീനിലയത്തിന് തിരക്കഥയെഴുതിയത്.
പ്രണയത്തിലും പ്രണയനൈരാശ്യത്തിലും പ്രതികാരത്തിലുമൊക്കെ ലയിച്ചു ചേര്‍ന്ന ഭാവസുന്ദരമായ പ്രേതസിനിമയാണ് ഭാര്‍ഗവീനിലയം. പ്രേതം അഥവാ യക്ഷിക്കഥയിലെ പ്രണയം അത്രമേല്‍ സുന്ദരമായാണ് ബഷീര്‍ എഴുതിയിട്ടത്. എ.വിന്‍സന്റ് അതിനെ മനോഹരമായി സംവിധാനം ചെയ്യുകയും ചെയ്തു. മികച്ച ഫോട്ടോഗ്രാഫര്‍ എന്നതില്‍ നിന്ന് വിന്‍സന്റ് മികച്ച ഒരു സംവിധായകനാണെന്ന് തെളിയിച്ച ഈ ചിത്രത്തിലെ ഗാനങ്ങളും സൂപ്പര്‍ഹിറ്റാണ്. ഭാര്‍ഗവിക്കുട്ടിയുടെ കഥ ഇന്നും നിത്യഹരിതമായി നിലനില്‍ക്കുന്നു. പ്രേംനസീറും മധുവും വിജയനിര്‍മലയും ഭാര്‍ഗവീനിലയത്തിലെവിടെയൊക്കെയോ നിന്ന് ഒളിഞ്ഞുനോക്കുന്നു.
മലയാളത്തില്‍ അന്നേവരെ വന്നിട്ടുളളതില്‍ വച്ചേറ്റവും മികച്ച പ്രേതസിനിമയായിരുന്നു ഭാര്‍ഗവീനിലയം. ബ്ലാക്ക് ആന്‍ഡ് വൈറ്റിലും പ്രേക്ഷകനിലെ ഭയം എന്ന വികാരത്തെ അതിന്റെ പാരമ്യത്തിലെത്തിച്ചു ഭാര്‍ഗവിക്കുട്ടി. അവളുടെ ചിരിയും അലര്‍ച്ചയും തിയറ്ററുകളെ പിടിച്ചുകുലുക്കി. ഉപേക്ഷിക്കപ്പെട്ട എത്രയോ വീടുകളേയും കെട്ടിടങ്ങളേയും പിന്നെ നാം ഭാര്‍ഗവീനിലയം എന്ന് പേരിട്ടുവിളിച്ചു.
യക്ഷി എന്ന ടൈറ്റിലില്‍ ഇറങ്ങിയ സത്യന്‍ അഭിനയിച്ച സിനിമ പ്രേതസിനിമയെന്നതിനപ്പുറം ഒരു സൈക്യാട്രിക് മൂവിയാണ്. എങ്കിലും മലയാളത്തിലെ ആദ്യകാല പ്രേതപടങ്ങളുടെ ഗണത്തില്‍ ചേര്‍ത്തുവയ്ക്കാവുന്ന യക്ഷിയെ പ്രേതസിനിമകളെ തേടിയുള്ള യാത്രയില്‍ കണ്ടില്ലെന്ന് നടിച്ചാല്‍ ചിലപ്പോള്‍ പണിതരും.
പേടിപ്പിക്കുക എന്ന ദൗത്യം മാത്രം ലക്ഷ്യമിട്ട് മലയാളത്തില്‍ വിജയം നേടിയ ലിസ എന്ന സിനിമ ബേബിയാണ് സംവിധാനം ചെയ്തത്. ഹോസ്റ്റല്‍മുറിയും തൂങ്ങിമരണവും പ്രേതവുമെല്ലാം കോര്‍ത്തിണക്കി എല്ലാ ചേരുവകളും ചേര്‍ത്തുള്ള അസല്‍ ഹൊറര്‍ ചിത്രം. ഭാര്‍ഗവീനിലയമോ യക്ഷിയോ പോലെയുള്ളതല്ല ലിസ. അവള്‍ക്ക് അവളുടേതായ ഐഡിന്റിറ്റിയുണ്ടായിരുന്നു. ബേബിയുടെ കരിമ്പൂച്ചയും പ്രേക്ഷകരെ പേടിപ്പിച്ചു.
മലയാളത്തിലെ പ്രമുഖവാരികയില്‍ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ച ശ്രീകൃഷ്ണപ്പരുന്ത് എന്ന നോവല്‍ വായനക്കാരെ പേടിയുടെ കൊടുമുടിയിലെത്തിച്ചിരുന്നുവെങ്കിലും ആ ഫീല്‍ സിനിമയാക്കിയപ്പോള്‍ കിട്ടിയില്ല. എങ്കിലും മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീകൃഷ്ണപ്പരുന്ത് തിയറ്ററുകളില്‍ വിജയമായിരുന്നു. ഒരു നല്ല പ്രേത-യക്ഷിക്കഥയെന്ന് പറയാന്‍ പറ്റില്ലെങ്കിലും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരുപാട് രംഗങ്ങള്‍ അതിലുണ്ടായിരുന്നു.
പിന്നീട് മലയാളികളെ പേടിപ്പിക്കാന്‍ നിരവധി പ്രേതസിനിമകള്‍ ഇടയ്ക്കിടെ വന്നുകൊണ്ടിരുന്നു. പച്ചവെളിച്ചം, വിശ്വസിച്ചാലും ഇല്ലെങ്കിലും, കല്‍പ്പന ഹൗസ്, സീന്‍ നമ്പര്‍ സെവന്‍..തുടങ്ങി പല പ്രേതപടങ്ങളുമെത്തി.
എന്നാല്‍ അതിനിടെ മലയാളിക്ക് പ്രേതസിനികളോടുള്ള കമ്പം കുറഞ്ഞു. അവര്‍ പേടിക്കാതെയായി. പല പ്രേതസിനിമകളും വെറും കാട്ടിക്കൂട്ടല്‍ മാത്രമായി. ഭയത്തിനു പകരം ചിരിക്കാന്‍ വക തരുന്നവയായി പ്രേതസിനിമകള്‍. അതോടെ പല നിര്‍മാതാക്കളും സംവിധായകരും പ്രേതസിനിമകള്‍ വിട്ടു. പ്രേതങ്ങള്‍ ഗതികിട്ടാതെ മലയാളസിനിമയില്‍ അലഞ്ഞുതിരിഞ്ഞു. ചേക്കേറാന്‍ ഒരു സിനിമയില്ലാതെ പ്രേതങ്ങള്‍ വലയുമ്പോഴാണ് ഫാസില്‍ എത്തിയത്. ആത്മാവിന്റെ വിഹ്വലതകളെ പ്രേതബാധയെന്ന് വ്യാഖ്യാനിക്കുന്ന പുതിയ കാലത്തെ പ്രേതസിനിമയുമായി – അതായിരുന്നു മണിച്ചിത്രത്താഴ്.
സിനിമാസ്‌കോപ്പോ ഡിടിഎസോ വേണ്ട പ്രേക്ഷകനെ ഭയപ്പെടുത്താനെന്ന് ഫാസില്‍ തെളിയിച്ചു. ഏതാനും ചില മ്യൂസിക്കല്‍ നോട്‌സിലൂടെ ഫാസില്‍ മണിച്ചിത്രത്താഴിന്റെ തീം മ്യൂസിക് കാതിനിമ്പമാകും വിധമല്ല കാതിന് പേടി തോന്നും വിധം ഒരുക്കി. ഗംഗയും നാഗവല്ലിയും ഡോ.സണ്ണിയും മലയാള സിനിമയിലെ പ്രേത-യക്ഷി-ആത്മാവ് കുടുംബത്തിലെ സൂപ്പര്‍താരങ്ങളാണ്.
തമിഴത്തിയെ മാത്രമേ തളച്ചിട്ടുള്ളു കാരണവര്‍ ഇപ്പോഴും ഇവിടെ കടന്നു കറങ്ങുന്നുണ്ട് എന്ന് ഒരു സൂചന നല്‍കിയാണ് ഡോ.സണ്ണി മടങ്ങിയിരിക്കുന്നത്.
ഹൊറര്‍ ചിത്രങ്ങളോട് സംവിധായകന്‍ വിനയന് വല്ലാത്തൊരു ആവേശമാണ്. ആകാശഗംഗയും വെള്ളിനക്ഷത്രവും ത്രീഡിയില്‍ ഒരുക്കിയ ഡ്രാക്കുളയുമൊക്കെ വിനയന്റെ പ്രേതസിനിമകളാണ്. കണ്ണില്‍ നിന്ന് തീഗോളം പാറിവരുന്ന ആകാശഗംഗയും കുട്ടിയുടെ പ്രേതരൂപത്തില്‍ വന്ന വെള്ളിനക്ഷത്രവും പ്രേതങ്ങളുടെ തമ്പുരാനായ സാക്ഷാല്‍ ഡ്രാക്കുളയുടെ പേരില്‍ വന്ന ത്രീഡി ഡ്രാക്കുളയുമെല്ലാം വിനയന്റെ പ്രേതഭ്രമത്തില്‍ നിന്നുണ്ടായ സിനിമകളായിരുന്നു.
മുകേഷിനെയും ഗീതുമോഹന്‍ദാസിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കിയ പകല്‍പ്പൂരം, രാജസേനന്‍ സുരേഷ്‌ഗോപിയെ നായകനാക്കി ഒരുക്കിയ മേഘസേന്ദേശം, കരീം സുരേഷ്‌ഗോപിയെ കേന്ദ്രകഥാപാത്രമാക്കി ചെയ്ത അഗ്നിനക്ഷത്രം, ഓജോ ബോര്‍ഡിനെ മലയാള സിനിമയിലേക്ക് പരിചയപ്പെടുത്തി സഞ്ജീവ് ശിവന്‍ സംവിധാനം ചെയ്ത അപരിചിതന്‍ എന്നീ ഹൊറര്‍ചിത്രങ്ങള്‍ പണംവാരിയ ചിത്രങ്ങളാണ്.
ചിലതെല്ലാം പെട്ടെന്ന് തിയറ്റര്‍ വിടുകയും ചെയ്തു. അപരിചിതനില്‍ പ്രേതമായി എത്തിയത് സാക്ഷാല്‍ മമ്മൂട്ടിയാണ്. മേഘസന്ദേശത്തില്‍ സുരേഷ്‌ഗോപിയും പ്രേതമായി മാറുന്നുണ്ട്. ജയറാം വിന്റര്‍, കാണാകണ്‍മണി, ആടുപുലിയാട്ടം എന്നീ സിനിമകളില്‍ പ്രേതത്തേയും യക്ഷിയേയുമൊക്കെ കണ്ടിട്ടുണ്ട്. ജയസൂര്യയാകട്ടെ പ്രേതം എന്ന സിനിമയിലുണ്ട്. വിസ്മയത്തുമ്പത്ത്, ഗീതാഞ്ജലി തുടങ്ങിയ പ്രേതസിനിമകള്‍ ഗതികെട്ടാതെ തിയറ്റര്‍ വിട്ടവയാണ്.
ഇന്ദ്രിയം, വീണ്ടും ലിസ, രക്തരക്ഷസ്, മാന്ത്രികന്‍, സമ്മര്‍പാലസ്, മുന്നാമതൊരാള്‍ എന്നിവയെല്ലാം തിയറ്ററില്‍ വിലസാനെത്തിയപ്പോള്‍ പ്രേക്ഷകര്‍ പിടിച്ചുകെട്ടി തിരിച്ചുകയറ്റിവിട്ട പ്രേതസിനിമകളാണ്.
സന്തോഷ് ശിവന്റെ അനന്തഭദ്രവും സിബിമലയിലിന്റെ ദേവദൂതനും മമ്മുട്ടിയുടെ ദ്രോണ, കമലന്റെ ആയുഷ്കാലം, കമലഹാസന്റെ വയനാടന്‍ തമ്പാന്‍, എം.ടി.ഹരിഹരന്‍ കൂട്ടുകെട്ടില്‍ വന്ന എന്ന് സ്വന്തം ജാനകിക്കുട്ടി, ഡെന്നീസ് ജോസഫിന്റെ അഥര്‍വം, കുഞ്ചാക്കോ ബോബന്‍ നായകനായ മയില്‍പീലിക്കാവ്, സിദ്ധിഖ് ലാലിന്റെ ഗോസ്റ്റ് ഹൗസ് ഇന്‍ എന്ന സിനിമയുമെല്ലാം പതിവ് പ്രേതപടങ്ങളുടെ ട്രാക്കില്‍ നിന്നും മാറി നടന്നവയായി.
ത്രീഡിയും പുതിയ ശബ്ദസംവിധാനങ്ങളും വന്നതോടെ വീണ്ടും പ്രേതസിനിമകള്‍ക്ക് ആവശ്യക്കാരേറിയിട്ടുണ്ട്. ഹോളിവുഡില്‍ നിന്നുള്ള കിടിലന്‍ ഹൊറര്‍ സിനിമകള്‍ കണ്ട് രക്തം കട്ടിയായി പോകുന്ന അവസ്ഥയില്‍ നില്‍ക്കുന്ന മലയാളിക്ക് ഇപ്പോള്‍ വെള്ളസാരിക്കാരായ പ്രേതങ്ങളേയും പനയ്ക്കു ചുവടില്‍ നിന്ന് ചുണ്ണാമ്പും വെറ്റിലയും ചോദിക്കുന്ന യക്ഷികളേയും വേണ്ട. അവരെ അമ്പരിപ്പിക്കാനും ഞെട്ടിക്കാനും രസിപ്പിക്കാനും പ്രേതങ്ങളും ന്യൂജന്‍ ആവുകയാണ്.
ഓണ്‍ലൈന്‍ വഴി മദ്യം കിട്ടുന്ന നാട്ടില്‍ ഓണ്‍ലൈന്‍ വഴി കുറച്ചു ചുടുചോര കിട്ടാനാണോ പാട്? ആ ചുടുചോരയ്ക്ക് വേണ്ടിയാണോ അര്‍ധരാത്രിക്ക് പാം ട്രീ ഫഌറ്റില്‍ (പനയുടെ മുകളില്‍ നിന്ന്)നിന്നെഴുന്നേറ്റ് ഉറക്കം കളഞ്ഞ് ഈ പെടാപ്പാടെന്ന് ചോദിക്കുന്ന പുതിയ കാലത്തെ ന്യൂജന്‍ പ്രേതമായിരിക്കാം ഇനി മലയാളത്തില്‍ വരുക.